ട്രംപ് - നെതന്യാഹു കൂടിക്കാഴ്ച്ച ഇന്ന് വൈറ്റ്ഹൗസില്‍; അമേരിക്കയുടെയും ഇസ്രായേലിന്റെയും എതിര്‍പ്പ് ധിക്കരിച്ച് നിരവധി രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച പശ്ചാത്തലത്തില്‍ കൂടിക്കാഴ്ച്ച നിര്‍ണായകം; വെടിനിര്‍ത്തലിനായി പുതിയ നിര്‍ദ്ദേശങ്ങളൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ഹമാസും
ട്രംപ് - നെതന്യാഹു കൂടിക്കാഴ്ച്ച ഇന്ന് വൈറ്റ്ഹൗസില്‍
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനന്ത്രി നെതന്യാഹുവും ഇന്ന് വൈറ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തും. അമേരിക്കയുടെയും ഇസ്രായേലിന്റെയും എതിര്‍പ്പിനെ ധിക്കരിച്ച് നിരവധി പാശ്ചാത്യ നേതാക്കള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് ചര്‍ച്ച നടക്കുന്നത്.
ജനുവരിയില്‍ ട്രംപ് വീണ്ടും അധികാരത്തിലെത്തിയതിനു ശേഷമുള്ള നെതന്യാഹുവിന്റെ നാലാമത്തെ സന്ദര്‍ശനമാണിത്. ഗാസയില്‍ ഹമാസിനെതിരായ യുദ്ധത്തില്‍ ഏകദേശം രണ്ട് വര്‍ഷമായി അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെടല്‍ നേരിടുന്ന ഈ സാഹചര്യത്തില്‍, തന്റെ രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് നെതന്യാഹുവിന്റെ ലക്ഷ്യം. വെള്ളിയാഴ്ച യുഎന്‍ പൊതുസഭയില്‍ പ്രസംഗിച്ച നെതന്യാഹുവിന് നേര്‍ക്ക് പ്രതിഷേധം ഉയര്‍ന്നിരുന്നു.
ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ, ഓസ്‌ട്രേലിയ, തുടങ്ങി നിരവധി രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചത് 'അപമാനകരമായ തീരുമാനം' ആണെന്ന് നെതന്യാഹു രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സെപ്റ്റംബര്‍ 9 ന് ദോഹയില്‍ ഹമാസ് നേതാക്കള്‍ക്കെതിരെ വ്യോമാക്രമണം നടത്തിയതിന് ഇസ്രായേലിന് ട്രംപില്‍ നിന്ന് വിമര്‍ശനം നേരിട്ടിരുന്നു.
ഹമാസ് ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള ഒരു സമഗ്രമായ പദ്ധതിയാണ് ട്രംപ് ഭരണകൂടം തയ്യാറാക്കി വരുന്നത്. 'മിഡില്‍ ഈസ്റ്റില്‍ ഒരു മഹത്തായ നേട്ടത്തിന് ഞങ്ങള്‍ക്ക് ഒരു അവസരമുണ്ട്, സവിശേഷമായ ഒരു കാര്യത്തിനായി എല്ലാവരും ഒരുങ്ങിയിരിക്കുകയാണ്. ഇതാദ്യമായിട്ടാണ്, ഞങ്ങളത് ചെയ്തിരിക്കും എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. ഇതിന് പിന്നാലെയാണ് നെതന്യാഹു പ്രതികരണം നടത്തിയത്.
ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും പദ്ധതിക്ക് അന്തിമരൂപമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. അതേസമയം വെടിനിര്‍ത്തലിനായി പുതിയ നിര്‍ദ്ദേശങ്ങളൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ഹമാസ് പ്രതികരിച്ചു. മധ്യസ്ഥരില്‍ നിന്ന് ലഭിക്കുന്ന ഏത് നിര്‍ദ്ദേശങ്ങളും ക്രിയാത്മകമായും ഉത്തരവാദിത്തത്തോടെയും പരിശോധിക്കാന്‍ തയ്യാറാണ്, അതേസമയം തങ്ങളുടെ ജനതയുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യും എന്നാണ് ഹമാസ് പ്രസ്താവനയില്‍ അറിയിച്ചത്.
വ്യാഴാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന യുഎന്‍ ജനറല്‍ അസംബ്ലിക്കിടെ ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫുമായും മരുമകന്‍ ജരെഡ് കുഷ്നറുമായും നെതന്യാഹു കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടെ ട്രംപ് ഐക്യരാഷ്ട്രസഭയില്‍ അറബ് രാജ്യങ്ങള്‍ക്ക് മുന്നില്‍ വെടിനിര്‍ത്തലും യുദ്ധാനന്തര പദ്ധതിയും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.