ഇറാഖില്‍ നിന്നുണ്ടായ ഡ്രോണാക്രമണത്തില്‍ രണ്ട് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു; പിന്നില്‍ ഇറാഖിലെ ഇസ്‌ലാമിക് റെസിസ്റ്റന്‍സ് ഗ്രൂപ്പ്; ലബനാനിലും ഗസ്സയിലും വെസ്റ്റ്ബാങ്കിലും ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍ സൈന്യം

ഇറാഖില്‍ നിന്നുണ്ടായ ഡ്രോണാക്രമണത്തില്‍ രണ്ട് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു

Update: 2024-10-05 07:15 GMT

ടെല്‍ അവീവ്: ലെബനനില്‍ കരയാക്രമണം ശക്തമാക്കിയ ഇസ്രായേലിന് തിരിച്ചടിയായി ഇറാഖില്‍ നിന്നുള്ള ഡ്രോണ്‍ ആക്രമണവും. ഇറാഖില്‍ നിന്നുണ്ടായ ഡ്രോണാക്രണത്തില്‍ രണ്ട് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 24 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്. ഇന്നലെയാണ് ആക്രമണം ഉണ്ടായവിവരം ഇസ്രായേല്‍ പ്രതിരോധസേന സ്ഥിരീകരിച്ചത്.

ഡാനിയല്‍ അവീവ് ഹൈം സോഫര്‍, താര്‍ ഡ്രോറര്‍ തുടങ്ങിയ സൈനികരാണ് കൊല്ലപ്പെട്ടത്. രണ്ട് പൊട്ടിത്തെറികളാണ് ഉണ്ടായതെന്ന് ഇസ്രായേല്‍ പ്രതിരോധസേന അറിയിച്ചു. ഇറാഖില്‍ നിന്നാണ് ആക്രമണങ്ങള്‍ ഉണ്ടായത്. സ്‌ഫോടകവസ്തുക്കളുമായെത്തിയ ഡ്രോണുകളിലൊന്നിനെ ഇസ്രായേല്‍ എയര്‍ ഡിഫന്‍സ് വെടിവെച്ചിട്ടു. മറ്റൊന്ന് ഗോലാന്‍ കുന്നുകളിലെ സൈനിക കേന്ദ്രത്തില്‍ പതിക്കുകയായിരുന്നു.

ആദ്യ ഡ്രോണെത്തിയപ്പോള്‍ സൈറണുകള്‍ മുഴങ്ങിയിട്ടും രണ്ടാമത്തെ ഡ്രോണിനെ പ്രതിരോധിക്കാന്‍ കഴിയാതിരുന്നത് ഇസ്രായേല്‍ പരിശോധിക്കുന്നുണ്ട്. രണ്ടാമത്തെ ഡ്രോണ്‍ എത്തിയപ്പോള്‍ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങിയിരുന്നില്ല. അതേസമയം, ആക്രമണത്തില്‍ 24 പേര്‍ക്ക് പരിക്കേറ്റുവെന്നും ഇസ്രായേല്‍ പ്രതിരോധസേന അറിയിച്ചു.

ഇറാഖിലെ ഇസ്‌ലാമിക് റെസിസ്റ്റന്‍സ് ഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. വടക്കന്‍ ഇസ്രായേലിനെ ലക്ഷ്യമിട്ട് ഡ്രോണുകള്‍ തൊടുത്തുവെന്നും ഇവര്‍ അറിയിച്ചു. ഇതിന് മുമ്പും ഇത്തരത്തില്‍ ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാഖില്‍ നിന്നും ഡ്രോണുകള്‍ എത്തിയിരുന്നു.

അതേസമയം ഒരേസമയം ലബനാനിലും ഗസ്സയിലും വെസ്റ്റ്ബാങ്കിലും ആക്രമണം കടുപ്പിക്കുകയാണ് ഇസ്രായേല്‍ സൈന്യം. ഇസ്രായേലിന് നേരെ ഹിസ്ബുല്ലയുടെ വ്യാപകമായ പ്രത്യാക്രമണവും തുടരുകയാണ്. സംഘര്‍ഷം വ്യാപിക്കുന്നതിനിടെ ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ ലബനാനിന് ഐക്യദാര്‍ഢ്യമറിയിച്ച് കൂറ്റന്‍ റാലി നടന്നു.

തെക്കന്‍ ലബനാനില്‍ കരയാക്രമണം തുടങ്ങിയ ഇസ്രായേലിന് കാര്യമായ നേട്ടമുണ്ടാക്കാനാവാതെ വന്നതോടെ വ്യോമാക്രമണം കടുപ്പിക്കുകയാണ് . ബെയ്‌റൂത്തില്‍ ആരോഗ്യ പ്രവര്‍ത്തകരടക്കം 37 പേരാണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. 151 പേര്‍ക്ക് പരിക്കേറ്റു. ഹിസ്ബുല്ല നേതാവ് ഹാശിം സൈഫുദ്ദീനെ ലക്ഷ്യമിട്ടായിരുന്നു ബെയ്‌റൂത്തിലെ ആക്രമണം . ലബനാനിനു പുറമെ ഗസ്സയിലും വെസ്റ്റ്ബാങ്കിലുമെല്ലാം കനത്ത വ്യോമാക്രമണമാണ് ഇസ്രായേല്‍ സൈന്യം നടത്തിയത്. വെസ്റ്റ്ബാങ്കിലെ തുല്‍കരിം അഭയാര്‍ഥി ക്യാന്പിനു നേരെയുണ്ടായ ആക്രമണത്തില്‍ 18 പേരും ഗസ്സയിലെ ഖാന്‍യൂനുസിലും ദൈറുല്‍ ബലായിലും ബോംബാക്രമണത്തില്‍ 9 പേരും കൊല്ലപ്പെട്ടു.

ഇസ്രായേലിനെതിരായ ഹിസ്ബുല്ലയുടെ പ്രത്യാക്രമണവും ശക്തമാണ്. വടക്കന്‍ ഇസ്രായേലിലേക്കും ഹൈഫയിലേക്കുമടക്കം നൂറിലധികം റോക്കറ്റുകളാണ് ഹിസ്ബുല്ല തൊടുത്തുവിട്ടത്. നവാതിം സൈനിക ക്യാമ്പും ഗോലാന്‍ എയര്‍ ബേസുമടക്കം സൈനിക താവളങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണങ്ങള്‍.

Tags:    

Similar News