വിസ ഇല്ലാതെ യുകെയില്‍ എത്തുന്നവരെ അപ്പോള്‍ തന്നെ പിടികൂടി തിരിച്ചയക്കാനോ റുവാണ്ട പോലെ മറ്റൊരിടത്തേക്ക് അയക്കുകയോ ചെയ്യാതെ ബ്രിട്ടന്‍ രക്ഷപ്പെടില്ല; ജനരോഷം കത്തിപ്പടര്‍ന്നിട്ടും സ്മാള്‍ ബോട്ടില്‍ എണ്ണം കൂടിയാല്‍ കേസെന്ന് പറഞ്ഞ് തടി തപ്പി സര്‍ക്കാര്‍
വിസ ഇല്ലാതെ യുകെയില്‍ എത്തുന്നവരെ അപ്പോള്‍ തന്നെ പിടികൂടി തിരിച്ചയക്കാനോ റുവാണ്ട പോലെ മറ്റൊരിടത്തേക്ക് അയക്കുകയോ ചെയ്യാതെ ബ്രിട്ടന്‍ രക്ഷപ്പെടില്ല
ലണ്ടന്‍: ബ്രിട്ടനില്‍ കുടിയേറ്റത്തിനെതിരെയുള്ള രോഷം കനത്തു വരുമ്പോള്‍, ജനങ്ങളുടെ കണ്ണില്‍ പൊറ്റിയിടാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഉള്‍ക്കൊള്ളാവുന്നതിലും അധികം ആളുകളെ ബോട്ടില്‍ കയറ്റിയാല്‍ അവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ എടുക്കാന്‍ അധികാരം നല്‍കുന്ന നിയമം നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണെന്ന് ഹോം സെക്രട്ടറി യുവറ്റ് കൂപ്പര്‍ അറിയിച്ചു. അതിനായി, കടലില്‍ ജീവന്‍ അപകടത്തില്‍ പെടുന്നവിധം പ്രവര്‍ത്തിക്കുന്നതിനെതിരെ നിലവിലുള്ള നിയമം കൂടുതല്‍ വിപുലമാക്കാനാണ് അവര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
എന്നാല്‍, ഈ നിയമം ബ്രിട്ടനിലേക്കുള്ള അനധികൃത കുടിയേറ്റത്തെ കാര്യക്ഷമമായി തടയുവാന്‍ പ്രാപ്തമല്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ചാനല്‍ വഴിയുള്ള അനധികൃത അഭയാര്‍ത്ഥികളെ ഫലപ്രദമായി തടയുവാന്‍ അമേരിക്ക സ്വീകരിച്ചിരിക്കുന്ന മാര്‍ഗ്ഗം മാത്രമാണ് ഫലപ്രദമെന്ന് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പ് പറയുന്നു. ഇവിടെ എത്തുന്ന ഓരോ അഭയാര്‍ത്ഥിയേയും എത്തുന്ന മുറയ്ക്ക് തന്നെ അവരുടെ രാജ്യത്തേയ്ക്കോ അതല്ലെങ്കില്‍, റുവാണ്ട പോലെ മൂന്നാമതൊരു രാജ്യത്തേക്കോ അയയ്ക്കുക എന്നത് മാത്രമാണ് ഇതിന് ഫലപ്രദമായ ഒരു നടപടി എന്നും അദ്ദേഹം പറയുന്നു.
ബ്രിട്ടനില്‍ അനധികൃതമായി എത്തുന്നവര്‍ എല്ലാവരും തന്നെ ഉടനടി അഭയത്തിനായി അപേക്ഷിക്കും എന്നതിനാല്‍, ഇവരെ നാടുകടത്തുക ദുഷ്‌കരമാണ്. നിയമപരമായി, അപേക്ഷയില്‍ തീര്‍പ്പ് ഉണ്ടാകുന്നത് വരെ അവര്‍ക്ക് ബ്രിട്ടനില്‍ തുടരാന്‍ കഴിയും. അതുകൊണ്ടു തന്നെ, അനധികൃതമായി എത്തുന്നവരെ പിടികൂടി ഉടനടി തിരിച്ചയക്കുക എന്നത് മാത്രമാണ് അനധികൃത കുടിയേറ്റം തടയാന്‍ ഒരേയൊരു വഴി എന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.
അതിനിടയല്‍, കുടിയേറ്റത്തിനെതിരെയുള്ള പ്രതിഷേധം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണ്. നോര്‍വിച്ച്, പോര്‍ട്ട്‌സ്മത്ത്, ബേണ്മൗത്ത്, ലീഡ്‌സ് എന്നിവിടങ്ങളിലും അനധികൃതമായി എത്തിയ അഭയാര്‍ത്ഥികളെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലുകള്‍ക്ക് മുന്‍പില്‍ പ്രദേശവാസികള്‍ തടിച്ചു കൂടി പ്രതിഷേധം രേഖപ്പെടുത്തി. നോര്‍വിച്ച് ബോത്രോപ്പിലെ ബെസ്റ്റ് വെസ്റ്റേണ്‍ ഹോട്ടലിനു മുന്നില്‍ തടിച്ചു കൂടിയ ജനക്കൂട്ടം പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറിനെതിരെ മുദ്രാവാക്യം വിളിച്ചു. തങ്ങള്‍ക്ക് തങ്ങളുടെ രാജ്യം തിരികെ വേണമെന്നും അവര്‍ അവകാശപ്പെടുന്നുണ്ടായിരുന്നു. അതിനിടെ കുടിയേറ്റക്കാര്‍ക്ക് അനുകൂലമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പതാകകളുമായി എത്തിയ ചെറിയൊരു സംഘത്തെ പോലീസ് തിരിച്ചയച്ചു.
മുഖം മൂടിയെത്തിയ മൂന്ന് കുടിയേറ്റ വിരുദ്ധ പ്രക്ഷോഭകര്‍ ബലമായി ഹോട്ടലിനകത്തേക്ക് കടക്കാന്‍ ശ്രമിച്ചതോടെ ചെറിയ രീതിയിലുള്ള സംഘര്‍ഷം സംജാതമായി. നോര്‍വിച്ചിലും ഡിസ്സിലും നടന്ന പ്രതിഷേധ പ്രകടനങ്ങളുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇന്ന് എപ്പിംഗിലെ നക്ഷത്ര ഹോട്ടലിന് മുന്നില്‍ നടക്കുന്ന പ്രതിഷേധത്തില്‍ 2000 ല്‍ അധികം പേര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ഹോട്ടല്‍ അടച്ചുപൂട്ടുന്നതുവരെ സമരം തുടരുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.