ഇന്ത്യക്കുമേല്‍ തീരുവ ചുമത്തുന്നത് വ്യാപാര യുദ്ധത്തിലേക്ക് നയിക്കും; ഇരു രാജ്യങ്ങള്‍ക്കും നല്ലതാണെന്ന് തോന്നുന്നില്ല; ഫെഡറല്‍ ജോലികള്‍ വെട്ടിക്കുറക്കാനുള്ള ട്രംപിന്റെ നീക്കത്തെ എതിര്‍ക്കുമെന്ന് യു.എസ് കോണ്‍ഗ്രസ് അംഗം സുഹാസ് സുബ്രഹ്‌മണ്യം

യു.എസ് കോണ്‍ഗ്രസ് അംഗം സുഹാസ് സുബ്രഹ്‌മണ്യം

Update: 2024-11-18 09:43 GMT

വാഷിംങ്ടണ്‍: ട്രംപ് പ്രസിഡന്റായി അധികാരത്തില്‍ എത്തുമ്പോള്‍ അമേരിക്ക ഫസ്റ്റ് എന്ന മുദ്രാവാക്യമാണ് ഉയര്‍ത്തുന്നത്. ഇതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് മേല്‍ താരിഫ് സമ്മര്‍ദ്ദം അടക്കം ശക്തമാകുമെന്നാണ് വിലയിരുത്തല്‍. ട്രംപിന്റെ നയം ഭാവിയില്‍ ഇന്ത്യക്ക് തിരിച്ചടിയാകുമോ എന്ന ആശങ്ക നിലനില്‍ക്കുകയും ചെയ്യുന്നു. ഇതിനിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധത്തിന് വഴിയൊരുക്കുമെന്നതിനാല്‍ ഇന്ത്യക്കുമേല്‍ തീരുവ ചുമത്തുന്നതിനെ എതിര്‍ക്കുന്നുവെന്ന് യു.എസ് കോണ്‍ഗ്രസ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട സുഹാസ് സുബ്രഹ്‌മണ്യം പ്രതികരിച്ചു.

പുതിയ ട്രംപ് ഭരണകൂടം ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിക്ക് കൂടുതല്‍ താരിഫ് ഏര്‍പ്പെടുത്താനുള്ള സാധ്യതക്കിടയിലാണ് സുബ്രഹ്‌മണ്യത്തിന്റെ അഭിപ്രായ പ്രകടനം. ഇന്ത്യക്ക് തീരുവ ചുമത്തുന്നതിനെ ഞാന്‍ പിന്തുണക്കുന്നില്ല. അത് ശരിക്കും മോശമായിരിക്കുമെന്ന് കരുതുന്നു. അതൊരു വ്യാപാര യുദ്ധത്തിലേക്ക് നയിക്കും. ഇരു രാജ്യങ്ങള്‍ക്കും നല്ലതാണെന്ന് കരുതുന്നില്ല - പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സുബ്രഹ്‌മണ്യം പറഞ്ഞു.

യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് ട്രംപ് ഇന്ത്യയുടെ താരിഫ് ഘടനയെ പരിഹസിക്കുകയും ചൈനയെയും ഇന്ത്യയെയും പോലുള്ള രാജ്യങ്ങള്‍ക്ക് പരസ്പര നികുതി ചുമത്തുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കാനൊരുങ്ങുന്നതോടെ ഇന്ത്യന്‍ കയറ്റുമതിക്ക് കൂടുതല്‍ തീരുവ ചുമത്താനാണ് സാധ്യത.

മികച്ച തൊഴില്‍ശേഷിയുള്ള ധാരാളം ഇന്ത്യന്‍ വ്യവസായങ്ങള്‍ ഉണ്ട്. നിരവധി ഇന്ത്യന്‍ കമ്പനികള്‍ യു.എസിലേക്ക് വികസിക്കുന്നു. അതിനാല്‍ നമ്മുടെ രാജ്യങ്ങള്‍ സാമ്പത്തികമായി എത്രത്തോളം ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുവോ അത്രത്തോളം നമ്മള്‍ ശക്തരാകും. ഉദാഹരണത്തിന് ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നാണ്. യു.എസ്-ഇന്ത്യ ബന്ധം ഇരു രാജ്യങ്ങള്‍ക്കും വളരെ പ്രധാനമാണെന്നും സുബ്രഹ്‌മണ്യം പറഞ്ഞു.

യു.എസിലെ കുടിയേറ്റ നയത്തിന്റെ നവീകരണത്തിനായും അദ്ദേഹം വാദിച്ചു. കുടിയേറ്റത്തെക്കുറിച്ച് ധാരാളമായി കേള്‍ക്കുന്നു. പ്രത്യേകിച്ച് എച്ച്-1 ബി വിസയിലുള്ള ആളുകള്‍ പൗരത്വത്തിനും ഗ്രീന്‍ കാര്‍ഡ് നേടുന്നതിനും ശ്രമിക്കുന്നു. യു.എസില്‍ ഒരു സമഗ്ര കുടിയേറ്റ നയം ആവശ്യമാണ്. നിയമപരമായ കുടിയേറ്റത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. രേഖകളില്ലാത്ത കുടിയേറ്റക്കാരെ കുറിച്ചും ധാരാളം കേള്‍ക്കുന്നു. നമ്മുടെ അതിര്‍ത്തി സുരക്ഷിതമാക്കുന്നതിനെ തീര്‍ച്ചയായും പിന്തുണക്കുന്നു. എന്നാല്‍, ആ വിഷയത്തിലും കൂടുതല്‍ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വന്‍തോതിലുള്ള ഫെഡറല്‍ ജോലികള്‍ വെട്ടിക്കുറക്കാനുള്ള വരാനിരിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ ഏത് നീക്കത്തെയും താന്‍ എതിര്‍ക്കുമെന്നും ഫെഡറല്‍ തൊഴില്‍ശേഷിയുടെ ചാമ്പ്യനാകാന്‍ ആഗ്രഹിക്കുന്നുവെന്നും സുബ്രഹ്‌മണ്യം പറഞ്ഞു. അമേരിക്കയുടെ വിദേശനയം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ജനപ്രതിനിധി സഭയിലെ അംഗമായി സത്യപ്രതിജ്ഞ ചെയ്യാന്‍ തയ്യാറെടുക്കുന്ന സുബ്രഹ്‌മണ്യം ലോകമെമ്പാടും ജനാധിപത്യം പ്രോത്സാഹിപ്പിക്കാനും താനാഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി.

യു.എസ് ജനപ്രതിനിധിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആറാമത്തെ ഇന്തോ-അമേരിക്കക്കാരനാണ് 38 കാരനായ സുബ്രഹ്‌മണ്യം. 'സമോസ കോക്കസ്' എന്ന് വിളിക്കപ്പെടുന്ന ഇന്ത്യന്‍ അമേരിക്കക്കാരായ ഡോ. അമി ബേര, പ്രമീള ജയപാല്‍, രാജാ കൃഷ്ണമൂര്‍ത്തി, റോ ഖന്ന, ശ്രീ താനേദര്‍ എന്നിവര്‍ക്കൊപ്പം അദ്ദേഹവും ചേരുന്നു. വിര്‍ജീനിയയിലെ 10ാമത് കോണ്‍ഗ്രസ് ഡിസ്ട്രിക്റ്റില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ഈസ്റ്റ് കോസ്റ്റില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യന്‍-അമേരിക്കനുമാണ്.

Tags:    

Similar News