അമേരിക്കയില്‍ ജനിച്ചാല്‍ ഓട്ടോമാറ്റിക്കലി പൗരത്വം ലഭിക്കുന്നത് റദ്ദാക്കി; മെക്സിക്കന്‍ ഉള്‍ക്കടലില്‍ പേര് മാറ്റി; സുപ്രീം കോടതി വിധി മറികടന്ന് ടിക് ടോക്കിങ് രക്ഷയൊരുക്കി; ട്രാന്‍സ്ജെന്‍ഡര്‍മാരെ തള്ളി; വിദേശ സഹായങ്ങള്‍ നിര്‍ത്തി; അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ: പ്രസിഡന്റായ ഉടന്‍ ട്രംപ് പ്രഖ്യാപിച്ച പ്രധാന പരിഷ്‌കാരങ്ങള്‍ ഇവ
അമേരിക്കയില്‍ ജനിച്ചാല്‍ ഓട്ടോമാറ്റിക്കലി പൗരത്വം ലഭിക്കുന്നത് റദ്ദാക്കി
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ചമുതലയേറ്റതിന് തൊട്ടു പിന്നാലെ നിരവധി പരിഷ്‌ക്കാരങ്ങളാണ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. 200 ഓളം ഉത്തരവുകളാണ് ഇന്നലെ മാത്രം പുറത്തിറങ്ങിയത്. കുടിയേറ്റ നിയമങ്ങള്‍ മുതല്‍ ലിംഗസമത്വം വരെയുള്ള നിരവധി മേഖലകളിലാണ് ട്രംപ് പുതിയ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടു വരുന്നത്.
സത്യപ്രതിജ്ഞക്ക് തൊട്ടു പിന്നാലെ നടത്തിയ പ്രസംഗത്തില്‍ ചരിത്രപരമായ നിരവധി പരിഷ്‌ക്കാരങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്ന് പ്രഖ്യാപനവും നടത്തിയിരുന്നു. അമേരിക്കയിലെ പല സ്ഥാപനങ്ങള്‍ക്കും പുതിയ പേരുകള്‍ നല്‍കുകയും ചിലതിന്റെ പഴയ പേരുകള്‍ തിരികെ നല്‍കുകയും ചെയ്തു. ട്രംപിന്റെ പത്തോളം ഉത്തരവുകള്‍ അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ടായിരുന്നു. കൂടാതെ ട്രാന്‍സ്ജെന്‍ഡറുകളേയും ട്രംപ് തള്ളിപ്പറഞ്ഞിട്ടുണ്ട്. ഇനി മുതല്‍ മുതല്‍ അമേരിക്കയില്‍ സ്ത്രീയും പുരുഷനും എന്നിങ്ങനെ രണ്ട് വിഭാഗങ്ങള്‍ മാത്രമേ ഉണ്ടായിരിക്കുകയുളളൂ എന്നാണ് ട്രംപ് വ്യക്തമാക്കുന്നത്. ജോബൈഡന്‍ ഭരണകൂടം ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.
ഗള്‍ഫ് ഓഫ് മെക്സിക്കോയുടെ പേര് ഇനി മുതല്‍ ഗള്‍ഫ് ഓഫ് അമേരിക്ക എന്നായിരിക്കും. ഗള്‍ഫ് ഓഫ് അമേരിക്ക എന്നത് എത്ര മനോഹരമായ വാക്കാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ തീരുമാനം മെക്സിക്കോയുടെ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മെക്സിക്കന്‍ പ്രസിഡന്റും ഇക്കാര്യത്തില്‍ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ടിക്ക്-ടോക്കിനെ അമേരിക്കയില്‍ നിലനിര്‍ത്താനാണ് അടുത്ത തീരുമാനം. സുപ്രീംകോടതി വിധിയെ മറമികടന്നാണ് ട്രംപ് ടിക്ക്-ടോക്കിന്റെ രക്ഷകനായി മാറുന്നത്. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുവജനങ്ങളുടെ വോട്ടുകള്‍ തനിക്ക് നേടാന്‍ ടിക്-ടോ്ക് സഹായകമായി എന്ന ട്രംപിന്റെ ചിന്തയാണ് ഇതിന് പിന്നിലെന്നാണ് പറയപ്പെടുന്നത്.
എന്നാല്‍ ഈ ചൈനിസ് ആപ്പ് ചൈന ചാരപ്രവര്‍ത്തനം നടത്താനായി ഉപയോഗിക്കുന്നു എന്നാണ് ട്രംപിന്റെ എതിരാളികള്‍ കുറ്റപ്പെടുത്തുന്നത്. ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ടിക്-ടോക്് സി.ഇ.ഒയായ ഷൂ സീ ച്യുവും പങ്കെടുത്തിരുന്നു. അമേരിക്കക്ക് താല്‍പ്പര്യമില്ലാത്ത മേഖലകളില്‍ ഇനി മുതല്‍ പണം നല്‍കേണ്ടതില്ലെന്നും ട്രംപ് ഉത്തരവിട്ടിട്ടുണ്ട്. ഐക്യാരാഷ്ട്രസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പല സംഘടനകള്‍ക്കും അമേരിക്ക ഇനി മുതല്‍ ധനസഹായം നല്‍കില്ല. ഗാസയില്‍ പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക്സ് ഏജന്‍സിക്കും ഈ ഉത്തരവ് ബാധകമായിരിക്കും.
ഭീകരസംഘടനയായ ഹമാസുമായി ഈ പ്രസ്ഥാനത്തിന് ബന്ധമുള്ളതായി നേരത്തേ ആരപോപണം ഉയര്‍ന്നിരുന്നു. അമേരിക്കയില്‍ ജനിച്ചാല്‍ ഓട്ടോമാറ്റിക്കലി പൗരത്വം ലഭിക്കുന്നതും റദ്ദാക്കി. അമേരിക്കയില്‍ അനധികൃതമായി കുടിയേറിയ വ്യക്തികളുടെ മക്കള്‍ക്ക് അമേരിക്കയില്‍ വെച്ചാണ് ജനനം എങ്കില്‍ അവര്‍ക്ക് പൗരത്വം ലഭിക്കുന്നത് റദ്ദാക്കി. അമേരിക്കയിലെ അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കാനുള്ളതാണ് മറ്റൊരു തീരുമാനം. ഇതിനായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
അനധികൃതമായി കടന്നുകയറിവരെ തിരിച്ചയക്കാന്‍ വേണ്ടി വന്നാല്‍ സൈന്യത്തെ നിയോഗിക്കുമെന്ന് നേരത്തേ ട്രംപ് പ്രഖ്യാപിച്ചിരുന്നു. കൂടാതെ അലാസ്‌ക്കയിലെ ഡെനാലി പര്‍വ്വതത്തിന്റെ പേര് വീണ്ടും പഴയ പേരായ മൗണ്ട് മെക്കന്‍ലി എന്നാക്കി മാറ്റി. 2015 ല്‍ പ്രസിഡന്റായിരുന്ന ബരാക്് ഒബാമയാണ് പര്‍വ്വതത്തിന്റെ പേര് മാറ്റിയത്.