അമേരിക്കന്‍ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ ഇന്ധന ഇറക്കുമതി കുറക്കാന്‍ റിലയന്‍സ്; വന്‍കിട എണ്ണക്കമ്പനികള്‍ക്കെതിരായ അമേരിക്കന്‍ ഉപരോധം റഷ്യക്ക് ആഘാതമാകുമെന്ന് വിലയിരുത്തല്‍; 'ആരുടെ മുന്നിലും തലകുനിക്കില്ല; ഉപരോധങ്ങള്‍ റഷ്യന്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കില്ല' എന്ന നിലപാടില്‍ കൂസലില്ലാതെ പുടിനും
അമേരിക്കന്‍ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ ഇന്ധന ഇറക്കുമതി കുറക്കാന്‍ റിലയന്‍സ്
മോസ്‌കോ: വന്‍കിട റഷ്യന്‍ എണ്ണക്കമ്പനികള്‍ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയ നടപടി റഷ്യയെ എങ്ങനെ ബാധിക്കുമെന്ന ചോദ്യമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. അതേസമയം ഉപരോധ ഭീഷണി റഷ്യയെ സാരമായി ബാധിക്കുമെന്ന വിലയിരുത്തലുകളുമുണ്ട്. ഉപരോധ നടപടിയോടെ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതില്‍ ഇന്ത്യയ്ക്കും മനംമാറ്റം ഉണ്ടായിട്ടുണ്ട്.
ഇന്ത്യക്ക് ഏറ്റവുമധികം ഇന്ധനം നല്‍കുന്ന റഷ്യന്‍ കമ്പനികളായ റോസ്‌നെഫ്റ്റ്, ലൂക്കോയില്‍ എന്നിവക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് എണ്ണ ഇറക്കുമതിയില്‍ വന്‍തോതില്‍ കുറവ് വരുത്താന്‍ ഒരുങ്ങുകയാണ്. ഇത് ഉപരോധം എങ്ങനെ ബാധിക്കുമെന്ന സൂചനയായി വിലയിരുത്തുന്നു.
പ്രതിദിനം ശരാശരി 17 ലക്ഷം ബാരല്‍ എണ്ണയാണ് റഷ്യയില്‍നിന്നും നിലവില്‍ ഇന്ത്യ വാങ്ങുന്നത്. ഇതിന്റെ പാതിയും ഇറക്കുമതി ചെയ്തിരുന്നത് റിലയന്‍സായിരുന്നു. പ്രതിദിനം അഞ്ചുലക്ഷം ബാരല്‍ വീതം അടുത്ത 25 വര്‍ഷത്തേക്ക് വാങ്ങാന്‍ കഴിഞ്ഞ ഡിസംബറില്‍ റോസ്‌നെഫ്റ്റുമായി റിലയന്‍സ് ധാരണയിലെത്തിയിരുന്നു. റോസ്‌നെഫ്റ്റിന് യു.എസ് ട്രഷറി വകുപ്പ് ഉപരോധം പ്രഖ്യാപിച്ചതാണ് റിലയന്‍സിനെ പ്രതിരോധത്തിലാക്കിയത്.
ഉപരോധം ഏര്‍പ്പെടുത്തിയ കമ്പനികളില്‍നിന്നും എണ്ണ വാങ്ങുന്ന ഇന്ത്യന്‍ കമ്പനികള്‍ക്കും അവ കടത്തുന്ന കപ്പലുകള്‍ക്കും ഇടപാടുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്കുമെല്ലാം യു.എസിന്റെ ഉപരോധം ബാധകമാകും. റഷ്യന്‍ എണ്ണ ഉല്‍പാദകരുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ യു.എസ് ട്രഷറി വകുപ്പ് കമ്പനികള്‍ക്ക് നവംബര്‍ 21 വരെയാണ് സമയം നല്‍കിയിട്ടുള്ളത്.
റഷ്യന്‍ എണ്ണ ഇറക്കുമതി പുനഃക്രമീകരിക്കല്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യന്‍ സര്‍ക്കാറിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുമെന്നുമായിരുന്നു റിലയന്‍സിന്റെ പ്രതികരണം. റഷ്യയുമായി ഇന്ത്യ ഇന്ധനവ്യാപാരം നടത്തില്ലെന്ന് യു.എസ് പ്രസിഡന്റ് ട്രംപ് ആവര്‍ത്തിക്കുന്നതിനിടെയാണ് റിലയന്‍സ് പിന്മാറുന്നത്. റഷ്യയില്‍നിന്നും എണ്ണ വാങ്ങില്ലെന്ന് മോദി തന്നോട് പറഞ്ഞെന്നും അല്ലാത്തപക്ഷം വലിയ തീരുവ ബാധകമാക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
രണ്ട് വന്‍കിട എണ്ണക്കമ്പനികള്‍ക്കെതിരായ അമേരിക്കന്‍ ഉപരോധം റഷ്യന്‍ സമ്പദ്‌വ്യവസ്ഥക്ക് കനത്ത ആഘാതമാകുമെന്ന് വിലയിരുത്തല്‍. റഷ്യയുടെ ഫെഡറല്‍ ബജറ്റിന്റെ നാലിലൊന്നും എണ്ണ, വാതക വ്യവസായങ്ങളില്‍നിന്ന് നികുതിയായി ലഭിക്കുന്നതാണ്. എണ്ണ ടാങ്കറുകള്‍ക്കും റഷ്യയില്‍നിന്നുള്ള പ്രകൃതി വാതക ഇറക്കുമതിക്കും യൂറോപ്യന്‍ യൂനിയന്‍ ഏര്‍പ്പെടുത്തിയ ഉപരോധവും ഇരട്ടി ആഘാതമുണ്ടാക്കുന്നതാണ്.
കഴിഞ്ഞയാഴ്ച ബ്രിട്ടനും റഷ്യന്‍ എണ്ണക്കമ്പനികളായ റോസ്‌നെഫ്റ്റിനും ലുകോയിലിനുമെതിരെ ഉപരോധം പ്രഖ്യാപിച്ചിരുന്നു. റഷ്യന്‍ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാന്‍ മറ്റ് രാജ്യങ്ങള്‍ക്കുമേല്‍ അമേരിക്ക സമ്മര്‍ദം ചെലുത്തുന്നത് റഷ്യയുടെ അന്താരാഷ്ട്ര എണ്ണ വ്യാപാരത്തെ പ്രതികൂലമായി ബാധിക്കും.
എണ്ണയും വാതകവുമാണ് റഷ്യയുടെ ഏറ്റവും വലിയ കയറ്റുമതി ഉല്‍പന്നങ്ങള്‍. ചൈനയും ഇന്ത്യയുമാണ് ഇവയുടെ ഏറ്റവും വലിയ ഉപഭോക്താക്കള്‍. കഴിഞ്ഞ വര്‍ഷം 10 കോടി ടണ്‍ ക്രൂഡ് ഓയിലാണ് റഷ്യയില്‍നിന്ന് ചൈന വാങ്ങിയത്. ചൈനയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 20 ശതമാനത്തോളമാണിത്. യുക്രെയ്ന്‍ അധിനിവേശത്തിന് പിന്നാലെ റഷ്യ വില കുറച്ച് എണ്ണ വില്‍ക്കാന്‍ ആരംഭിച്ചപ്പോള്‍ ഏറ്റവുമധികം പ്രയോജനപ്പെടുത്തിയത് ഇന്ത്യയാണ്. ഈ വര്‍ഷം ആദ്യ ഒമ്പത് മാസങ്ങളില്‍ പ്രതിദിനം 17 ലക്ഷം ബാരല്‍ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇതിന് പ്രതികാരമായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യക്കെതിരെ 25 ശതമാനം പിഴത്തീരുവ ചുമത്തിയിരുന്നു.
റോസ്‌നെഫ്റ്റ്, ലുകോയില്‍ എന്നിവക്കെതിരെ ഉപരോധം വന്നതോടെ, ഈ കമ്പനികളില്‍നിന്ന് നേരിട്ട് എണ്ണ വരുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ നടപടി സ്വീകരിച്ചതായി വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സാധാരണയായി ഇടനിലക്കാര്‍ മുഖേനയാണ് ഇന്ത്യന്‍ കമ്പനികള്‍ റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത്. അതിനാല്‍, ഉപരോധം ഇന്ത്യന്‍ കമ്പനികള്‍ക്ക് തിരിച്ചടിയാകില്ലെന്നും വിലയിരുത്തലുണ്ട്. ഉപരോധ നടപടി യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ അട്ടിമറിക്കുമെന്ന് റഷ്യ അഭിപ്രായപ്പെട്ടു.
അതേസമയം ഉപരോധങ്ങളെ വിലകല്‍പ്പിക്കാത്ത വിധത്തിലാണ് റഷ്യയുടെ പ്രതികരണങ്ങള്‍. റഷ്യന്‍ എണ്ണ കമ്പനികള്‍ക്കതിരായ യുഎസ് ഉപരോധങ്ങള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ രംഗത്തുവന്നത്. വാഷിങ്ടണിന്റെയോ മറ്റേത് രാജ്യത്തിന്റെയോ സമ്മര്‍ദങ്ങള്‍ക്കു മുന്നില്‍ മോസ്‌കോ തലകുനിക്കില്ലെന്ന് പുട്ടിന്‍ പറഞ്ഞു. റഷ്യന്‍ പ്രദേശങ്ങള്‍ ലക്ഷ്യംവച്ചുള്ള ഏതു ആക്രമണത്തിനും വളരെ ഗൗരവമേറിയതും രൂക്ഷമായ മറുപടിയുണ്ടാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. റഷ്യ യുഎസ് ബന്ധത്തെ ശക്തിപ്പെടുത്താത്ത 'ശത്രുതാപരമായ പ്രവര്‍ത്തി' എന്നാണ് യുഎസ് ഉപരോധത്തെ പുട്ടിന്‍ വിശേഷിപ്പിച്ചത്.
യുഎസ് ഉപരോധങ്ങള്‍ സൗഹൃദപരമല്ലാത്ത പ്രവൃത്തിയാണെന്നും അവ ചില പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെങ്കിലും, അവ സമ്പദ് വ്യവസ്ഥയെ ബാധിക്കില്ലയെന്നും പുട്ടിന്‍ പറഞ്ഞു. ''ഇത് റഷ്യയെ സമ്മര്‍ദത്തിലാകാനുള്ള ശ്രമമാണ്, എന്നാല്‍ ആത്മാഭിമാനമുള്ള രാജ്യമോ ആത്മാഭിമാനമുള്ള ജനങ്ങളോ സമ്മര്‍ദത്തിനു വഴങ്ങില്ല'', പുട്ടിന്‍ പറഞ്ഞു.
