ട്രംപിന്റെ വരവോടെ അതിശക്തനാകുമെന്ന് കരുതി; എന്നിട്ടും നെതന്യാഹുവിനെതിരെ പാളയത്തില്‍ പടയോ? നെതന്യാഹുവിനെ പുറത്താക്കാന്‍ ഇസ്രായേല്‍ സുരക്ഷാ ഏജന്‍സിയുടെ നീക്കമെന്ന് മകന്റെ ആരോപണം; ഷിന്‍ ബെത്തിന്റെ ഗൂഢാലോചന പറഞ്ഞ് യായിര്‍

നെതന്യാഹുവിനെതിരെ പാളയത്തില്‍ പടയോ?

Update: 2024-11-14 10:02 GMT

ടെല്‍ അവീവ്: അമേരിക്കന്‍ പ്രസിസന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചു കയറിയതോടെ നെതന്യാഹുവിന് ഇരട്ടക്കരുത്തായി എന്നു കരുതിയിരുന്നവര്‍ ഏറെയാണ്. എന്നാല്‍, ഹമാസിനെയും ഹിസ്ബുള്ളയെയും അടിച്ചമര്‍ത്തുന്ന നെതന്യാഹുവിന് സ്വന്തം നാട്ടില്‍ ശത്രുക്കളുടെ എണ്ണം കൂടി വരികയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട് നെതന്യാഹുവിനെതിരെ അതിശക്തമായ രോഷം ഇസ്രായേലില്‍ ഉടലെടുത്തിരുന്നു. രാഷ്ട്രീയമായി പ്രതിസന്ധികള്‍ ഏറെയാണ്. ഇതിനിടെയാണ് നെതന്യാഹുവിന്റെ മകന്റെ തുറന്നു പറച്ചില്‍ ഏറെ സജീവ ചര്‍ച്ചയാകുന്നത്.

ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇസ്രായേല്‍ സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെത് ഗൂഢാലോചന നടത്തുന്നുവെന്ന് ആരോപണവുമായി മകന്‍ യായിര്‍ നെതന്യാഹുവാണ് രംഗത്തുവന്നത്. ഏജന്‍സി ഇസ്രായേല്‍ സൈനികരെയും ഉദ്യോഗസ്ഥരെയും അറസ്റ്റ് നടപടികളിലൂടെയും മറ്റും വേട്ടയാടുകയും ചെയ്യുന്നതായി യായിന്‍ ആരോപിക്കുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്രമായി നിരവധി വിവാദങ്ങള്‍ തലപൊക്കുന്നതിനിടെയാണ് യായിര്‍ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ മകന്‍ തന്നെ ഓഫീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന അവസ്ഥ വന്നതോടെ ഇസ്രായേല്‍ വിരുദ്ധ മാധ്യമങ്ങളെല്ലാം വലിയ തോതില്‍ ഇത് ഏറ്റുപിടിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് യായിര്‍ നെതന്യാഹുവിന്റെ ആരോപണങ്ങള്‍ പുറത്തുവന്നത്. കോടതികളും മാധ്യമങ്ങളും പ്രോസിക്യൂട്ടര്‍മാരും ചേര്‍ന്ന് ജനങ്ങളുടെ ജനാധിപത്യ തീരുമാനത്തെ അട്ടിമറിക്കാനുള്ള ശ്രമം മുന്‍പുണ്ടായിട്ടുണ്ട്. എന്നാല്‍, ഷിന്‍ ബെത്തും സൈന്യവും ചേര്‍ന്ന് അത്തരമൊരു നീക്കം ഇതുവരെ നടത്തിയിട്ടില്ലെന്നും യായിര്‍ പറഞ്ഞു.

1960കളിലെ ദക്ഷിണാഫ്രിക്കയുടെ സ്ഥിതിയാണിപ്പോള്‍ ഇസ്രായേലിലുള്ളത്. തന്റെ പിതാവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഷിന്‍ ബെത് നീക്കം നടത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കും ഇന്റലിജന്‍സ് ഓഫീസര്‍മാര്‍ക്കും ഹമാസിനെക്കാളും ദുരിതം സൃഷ്ടിക്കുന്നത് ഷിന്‍ ബെത് ആണെന്നും യായിര്‍ ആരോപിക്കുന്നു.

അതേസമയം ഷിന്‍ബെതിനെതിരെ ആരോപണം കടുപ്പിക്കുന്ന പരാമര്‍ശങ്ങളും യായിര്‍ നടത്തുന്നുണ്ട്. ഒരു കാര്യവുമില്ലാതെ ഐഡിഎഫ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തവരാണ് ഷിന്‍ ബെത്. ഗസ്സയിലെ ഡോക്ടറായ ഡോ. മെന്‍ഗെലെയെയും(അല്‍ഷിഫ ആശുപത്രി ഡയരക്ടര്‍) നിരവധി ഭീകരവാദികളെയും ജയിലില്‍ സ്ഥലമില്ലെന്നു പറഞ്ഞ് വെറുതെവിട്ടവരാണിവരെന്നും യായിര്‍ ആരോപിക്കുന്നു. ഒക്ടോബര്‍ ഏഴിന് നടക്കുന്ന ആക്രമണത്തെ കുറിച്ച് ഹമാസ് നേതാവ് ഷിന്‍ ബെതിനു വിവരം നല്‍കിയതായുള്ള മുന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലും യായിര്‍ ഏറ്റുപിടിക്കുന്നുണ്ട്.

ചെറിയ ആക്രമണം മാത്രമേ ഉണ്ടാകൂവെന്നാണ് ഇവര്‍ക്ക് സിന്‍വാര്‍ നല്‍കിയ വിവരമെന്നായിരുന്നു വെളിപ്പെടുത്തല്‍. ഇസ്രായേലിലെ ജയിലുകളില്‍ അപകടകാരികളായ ആളുകളുണ്ടെന്നും ഹമാസ് പിടിച്ചുകൊണ്ടുപോയ ബന്ദികളെ ഉപയോഗിച്ചു തങ്ങളുടെ മോചനത്തിനു വേണ്ടി ഇവര്‍ വിലപേശുകയാണെന്നും യായിര്‍ ആരോപിക്കുന്നു. ദ ഹോസ്റ്റേജസ് ആന്‍ഡ് മിസ്സിങ് ഫാമിലീസ് ഫോറം ഉള്‍പ്പെടെ നടത്തുന്ന കാംപയിനുകള്‍ ഒരുപാട് പരിക്കുണ്ടാക്കിയിട്ടുണ്ടെന്നും യായിര്‍ നെതന്യാഹു കുറ്റപ്പെടുത്തുന്നുണ്ട്.

അതേസമയം, അടുത്തിടെ നെതന്യാഹുവിന്റെ വിശ്വസ്തനും അനൗദ്യോഗിക വക്താവുമായ എലി ഫെല്‍ഡ്‌സ്റ്റൈന്‍ രഹസ്യ വിവരങ്ങള്‍ചോര്‍ത്തിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. യുദ്ധ കാബിനറ്റ് യോഗത്തിലെ മിനുട്സുകള്‍ തിരുത്തിയെന്നും പ്രധാനമന്ത്രിയുടെ ഓഫീസിലെ ചീഫ് ഓഫ് സ്റ്റാഫ് ഒരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനെ രഹസ്യ വിഡിയോ ഉപയോഗിച്ച് ബ്ലാക്മെയില്‍ ചെയ്തെന്നെല്ലാം വെളിപ്പെടുത്തലുകള്‍ വന്നത് അടുത്ത ദിവസങ്ങളിലാണ്.

ഇതിനിടെയാണ് പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ പുറത്താക്കുന്നതും. ഇത്തരത്തില്‍ നെതന്യാഹു വിവാദത്തിനു നടുവില്‍ നില്‍ക്കുമ്പോഴാണ് മകന്‍ സുരക്ഷാ ഏജന്‍സിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. അടുത്തിടെ നെതന്യാഹുവിനെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമായിരുന്നു. പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെയാണ് നെതന്യാഹുവിനെതിരെ ഇസ്രായേലിലെ ജനങ്ങള്‍ തന്നെ രംഗത്തിറങ്ങിയത്. ഒരേ സമയം ഒന്നിലധികം മുന്നണികളില്‍ പോരാട്ടം തുടരുന്നതിനിടെയാണ് നെതന്യാഹു പ്രതിരോധ മന്ത്രിയെ മാറ്റിയത്.

ഹിസ്ബുല്ലയ്‌ക്കെതിരെയും ഹമാസിനെതിരെയും നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണ് പരിചയസമ്പന്നനും മുന്‍ ജനറലുമായിരുന്ന യോവ് ഗാലന്റ്. ഹിസ്ബുല്ലയില്‍ നിന്ന് നിരന്തരമായി ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ യോവ് ഗാലന്റിനെ സ്ഥാനത്ത് നിന്ന് നീക്കിയതാണ് ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായത്. ഇസ്രായേലിന്റെ സുരക്ഷ അപകടകരമായ രീതിയില്‍ തുടരുന്നതിനിടെയായിരുന്നു ഏവരെയും അമ്പരപ്പിച്ചു കൊണ്ടുള്ള നെതന്യാഹുവിന്റെ തീരുമാനം എത്തിയത്. ഇതോടെ ജനങ്ങള്‍ വ്യാപക പ്രതിഷേധവുമായി തെരുവിലിറങ്ങി.

ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ സെന്‍ട്രല്‍ ടെല്‍ അവീവിലും മറ്റ് നഗരങ്ങളിലും തടിച്ചുകൂടി. ടെല്‍ അവീവില്‍ പ്രതിഷേധക്കാര്‍ റോഡ് തടയുകയും ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തു. രാജ്യത്തിന്റെ താത്പ്പര്യം സംരക്ഷിക്കേണ്ടതിന് പകരം നെതന്യാഹു സ്വന്തം താത്പ്പര്യത്തിന് പ്രാധാന്യം നല്‍കുന്നു എന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. എന്നാല്‍, ഗാലന്റിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും രാജ്യം യുദ്ധമുഖത്ത് നില്‍ക്കുമ്പോള്‍ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും തമ്മില്‍ പൂര്‍ണവിശ്വാസം ആവശ്യമാണെന്നും നെതന്യാഹു പറഞ്ഞിരുന്നു. ഗാലന്റിന് പകരം പരിമിതമായ സൈനിക പരിചയമുള്ള വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സിനെയാണ് പ്രതിരോധ മന്ത്രിയായി നിയമിച്ചിരിക്കുന്നത്.

Tags:    

Similar News