അലാസ്‌ക ഉച്ചകോടി തുടക്കം മാത്രം; ഇനി പന്ത് സെലന്‍സ്‌കിയുടെ കോര്‍ട്ടിലെന്ന നിലപാടില്‍ ട്രംപ്; യുഎസ് പ്രസിഡന്റുമായുളള കൂടിക്കാഴ്ചയ്ക്ക് യുക്രെയിന്‍ പ്രസിഡന്റ് തിങ്കളാഴ്ച വാഷിംഗ്ടണിലേക്ക്; വെടിനിര്‍ത്തലിനേക്കാള്‍ സമഗ്ര സമാധാനക്കരാറാണ് പുടിന്‍ ആഗ്രഹിക്കുന്നതെന്ന് ട്രംപ്; ക്രിയാത്മക സഹകരണത്തിന് തയ്യാറാണെന്ന് സെലെന്‍സ്‌കിയും

യുഎസില്‍ എത്തി ട്രംപുമായി കൂടിക്കാഴ്ച നടത്താന്‍ സെലന്‍സ്‌കി

Update: 2025-08-16 10:25 GMT

വാഷിംഗ്ടണ്‍: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ട് വാഷിംഗ്ടണില്‍ എത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ കാണാന്‍ യുക്രെയിന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്‌കി. കഴിഞ്ഞ ഫെബ്രുവരിയില്‍ ഓവല്‍ ഓഫീസില്‍ വച്ച് നടത്തിയ കൂടിക്കാഴ്ച പരാജയപ്പെട്ടതിന് ശേഷമുള്ള രണ്ടാമത്തെ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്. ട്രംപിന്റെ ക്ഷണം സ്വീകരിച്ച് തിങ്കളാഴ്ച വാഷിംഗ്ടണ്‍ സന്ദര്‍ശിക്കുമെന്ന് സെലെന്‍സ്‌കി അറിയിച്ചു.

അലാസ്‌കയില്‍ നടന്ന ഉച്ചകോടിയില്‍ റഷ്യ-യുക്രെയിന്‍ വിഷയത്തില്‍ വെടിനിര്‍ത്തലില്‍ ധാരണയായിരുന്നില്ല. ഇതിനുപിന്നാലെ സെലെന്‍സ്്കിയുമായി ട്രംപ് വിശദമായ ചര്‍ച്ച നടത്തി. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന സംഭാഷണത്തില്‍, വെടിനിര്‍ത്തലിനേക്കാള്‍ സമഗ്രമായ സമാധാനക്കരാറാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ആഗ്രഹിക്കുന്നതെന്ന് ട്രംപ് സെലെന്‍സ്‌കിയെ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അലാസ്‌കയില്‍ നിന്ന് മടങ്ങുന്ന വഴിയാണ് ട്രംപ് യുക്രെയിന്‍ പ്രസിഡന്റുമായും മറ്റ് യൂറോപ്യന്‍ നേതാക്കളുമായും സംസാരിച്ചത്.

യുക്രെയിനിലെ യുദ്ധം അവസാനിപ്പിക്കാന്‍ ക്രിയാത്മക സഹകരണത്തിന് തയ്യാറാണെന്ന് സെലെന്‍സ്‌കി വ്യക്തമാക്കി. പുടിനുമായി ഒരു 'ദ്രുതഗതിയിലുള്ള സമാധാനക്കരാറിന്' ശ്രമിക്കണമെന്ന ട്രംപിന്റെ നിര്‍ദ്ദേശം അദ്ദേഹം പരിഗണിക്കുന്നതായി സൂചനയുണ്ട്. യുക്രെയിന്‍, റഷ്യ, അമേരിക്ക എന്നിവര്‍ ഉള്‍പ്പെട്ട ഒരു ത്രികക്ഷി യോഗം നടത്താനുള്ള ട്രംപിന്റെ നിര്‍ദ്ദേശത്തെയും സെലെന്‍സ്‌കി പിന്തുണച്ചു. 'സമാധാനം കൈവരിക്കാന്‍ പരമാവധി ശ്രമിക്കാന്‍ യുക്രെയിന്‍ തയ്യാറാണ്. അമേരിക്കയുടെ ശക്തി ഈ സാഹചര്യത്തെ സ്വാധീനിക്കുന്നതില്‍ പ്രധാനമാണ്,' അദ്ദേഹം ട്വീറ്റ് ചെയ്തു.

നേതാക്കളുടെ തലത്തില്‍ പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നും ഇതിന് ത്രികക്ഷി യോഗം അനുയോജ്യമാണെന്നും സെലെന്‍സ്‌കി പറഞ്ഞു. അമേരിക്കയോടൊപ്പം വിശ്വസനീയമായ സുരക്ഷാ ഗ്യാരന്റികള്‍ ഉറപ്പാക്കാന്‍ യൂറോപ്യന്‍ നേതാക്കള്‍ എല്ലാ ഘട്ടങ്ങളിലും ഉണ്ടാകേണ്ടത് പ്രധാനമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ട്രംപിന്റെ നീക്കങ്ങളില്‍ സെലെന്‍സ്‌കിക്ക് പൂര്‍ണ്ണ വിശ്വാസമില്ലാത്തതുകൊണ്ടാവാം യൂറോപ്യന്‍ നേതാക്കളുടെ സാന്നിധ്യം അദ്ദേഹം എടുത്തുപറഞ്ഞത്. യൂറോപ്യന്‍ നാറ്റോ നേതാക്കളുമായി സെലെന്‍സ്‌കി മറ്റൊരു ചര്‍ച്ചയും നടത്തി.

അലാസ്‌ക ഉച്ചകോടിയില്‍ റഷ്യ-യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ധാരണയില്‍ എത്തിയില്ലെങ്കിലും യുഎസ് മണ്ണില്‍ പുടിന് രാജകീയ സ്വീകരണമാണ് ട്രംപ് നല്‍കിയത്. ചുവന്ന പരവതാനി വിരിച്ചിട്ട സ്വീകരണത്തിന് പുറമേ പ്രസിഡന്റിന്റെ ബീസ്റ്റ് കാറിലാണ് പുടിന്‍ ട്രംപിനൊപ്പം സഞ്ചരിച്ചത്. ചര്‍ച്ചയില്‍ പുരോഗതിയുണ്ടായെന്ന് ട്രംപ് പറഞ്ഞപ്പോള്‍, യുദ്ധം അവസാനിപ്പിക്കാന്‍ തനിക്ക് ആത്മാര്‍ഥമായ താല്‍പര്യമുണ്ടെന്നാണ് പുടിന്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സൂചിപ്പിച്ചത്. ഇനി യൂറോപ്യന്‍ പങ്കാളിത്തത്തോടെ കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ സെലന്‍സ്‌കിയാണ് പരിശ്രമിക്കേണ്ടതെന്ന് ട്രംപ് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ട്രംപ് അധികാരത്തിലെത്തുമ്പോള്‍ 24 മണിക്കൂറിനുള്ളില്‍ യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കുമെന്ന വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍, പ്രസിഡന്റ് പദവിയിലിരുന്ന് ഏഴ് മാസങ്ങള്‍ പിന്നിട്ടിട്ടും, പുടിന്‍ വഴങ്ങാന്‍ തയ്യാറാകാത്തതിനാല്‍ ആ ലക്ഷ്യം ഇതുവരെ പൂര്‍ത്തിയായിട്ടില്ല.യുക്രെയിന്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ചര്‍ച്ചകള്‍ സമാധാന ഉടമ്പടിക്ക് കളമൊരുക്കുമോ എന്ന് ഉറ്റുനോക്കുകയാണ് രാജ്യാന്തര സമൂഹം.

Tags:    

Similar News