ഡല്‍ഹിയില്‍ ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും ബിജെപിക്ക് മുന്‍തൂക്കം നല്‍കുമ്പോള്‍ എഎപിക്ക് ഭൂരിപക്ഷം പ്രവചിക്കുന്നത് മൂന്നുപോളുകള്‍; പരമാവധി 52 സീറ്റുകള്‍ വരെ കിട്ടുമെന്ന് പ്രവചനം; തങ്ങള്‍ക്ക് എതിരായ പോളുകളെ തള്ളി എഎപി; ഷീല ദീക്ഷിത്തിന്റെ 'സുവര്‍ണകാലം' തിരിച്ചുപിടിക്കാന്‍ പണിപ്പെടുന്ന കോണ്‍ഗ്രസിന് പരമാവധി രണ്ടുസീറ്റുകള്‍
എഎപിക്ക് ഭൂരിപക്ഷം പ്രവചിക്കുന്നത് മൂന്നുപോളുകള്‍
ന്യൂഡല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തേക്ക് ആരുഭരിക്കണമെന്ന് ഡല്‍ഹിയിലെ വോട്ടര്‍മാര്‍ ബുധനാഴ്ച വിധിയെഴുതി. എഎപി അധികാരത്തില്‍ വന്ന ശേഷം കഴിഞ്ഞ 10 വര്‍ഷം തലസ്ഥാനത്തിന് യാതൊരു പുരോഗതിയും ഉണ്ടായില്ലെന്ന പ്രചാരണം ബിജെപി മുറുകെ പിടിച്ചപ്പോള്‍, ജനക്ഷേമ പദ്ധതികളില്‍ ഊന്നിയാണ് എഎപി വോട്ടുചോദിച്ചത്. അഴിമതി ആരോപണങ്ങളിലൂടെ എഎപിയെ വീഴ്ത്താനാണ് ബി ജെ പി കരുക്കള്‍ നീക്കിയത്. മുഖ്യമന്ത്രി കെജ്രിവാളും, രണ്ടാമനായ മനീഷ് സിസോദിയയും അഴിമതിക്കേസില്‍ ജയിലില്‍ പോയത് എഎപി സര്‍ക്കാരിന്റെ പ്രതി്ച്ഛായ ഇടിക്കുകയും ചെയ്തു.
എക്‌സിറ്റ് പോളുകള്‍ ബിജെപിക്ക് മുന്‍തൂക്കം നല്‍കിയതോടെ, രാജ്യ തലസ്ഥാനത്ത് 1998 ന് ശേഷം മോദിയുടെ പാര്‍ട്ടി വീണ്ടും അധികാരത്തില്‍ എത്തുമെന്ന സൂചനയാണ് കിട്ടുന്നത്.
പത്തില്‍ ഏഴ് എക്‌സിറ്റ് പോളുകളും ബിജെപിക്ക് അനുകൂലം
ചാണക്യ സ്ട്രാറ്റജീസ്, ജെ വി സി, പോള്‍ ഡയറി, പി മാര്‍ക്ക്, പീപ്പിള്‍സ് ഇന്‍സൈറ്റ്, ഡിവി റിസര്‍ച്ച്, പീപ്പിള്‍സ് പള്‍സ് എന്നിവ ബിജെപിയുടെ തിരിച്ചുവരവ് പ്രവചിക്കുന്നു. മൈന്‍ഡ് ബ്രിങ്ക്, മാട്രിക്‌സ്, വീ പ്രിസൈഡ് എന്നിവയാണ് എഎപിക്ക് ഭൂരിപക്ഷം പ്രവചിക്കുന്നത്.
എക്‌സിറ്റ് പോളുകള്‍ തളളി എഎപി
എക്‌സിറ്റ് പോള്‍ ഫലങ്ങളെ എഎപി തള്ളിക്കളഞ്ഞു. തുടര്‍ച്ചയായ നാലാംവട്ടവും കെജ്രിവാള്‍ മുഖ്യമന്ത്രിയാകുമെന്നാണ് എഎപി ദേശീയ വക്താവ് റീന ഗുപ്ത ആത്മവിശ്വാസം പ്രകടിപ്പിച്ചത്. മുന്‍ എക്‌സിറ്റ് പോളുകളും എഎപിയെ കുറച്ചുകണ്ടിരുന്നുവെന്നും, പക്ഷേ 2015 ലും 2020 ലും തിരഞ്ഞെടുപ്പ് തങ്ങള്‍ തൂത്തുവാരിയെന്ന് റീന പറഞ്ഞു.
മൈന്‍ഡ് ബ്രിങ്ക് ഫോര്‍കാസ്റ്റ് എഎപിക്ക് 44 മുതല്‍ 49 സീറ്റും, വീസൈഡ് 46 നും 52 നും ഇടയിലുമാണ് സീറ്റുകള്‍ പ്രവചിക്കുന്നത്. കെജ്രിവാള്‍ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നും എഎപിക്ക് അനുകൂലമായി ഫലം വരുമെന്നും സുശീല്‍ ഗുപത് പ്രതികരിച്ചു.
കോണ്‍ഗ്രസിന് വീണ്ടും തകര്‍ച്ച
തുടര്‍ച്ചയായ മൂന്നാം വട്ടവും കോണ്‍ഗ്രസ് വലിയ തകര്‍ച്ചയെ നേരിടുമെന്നാണ് എക്‌സിറ്റ്‌പോളുകള്‍ പ്രവചിക്കുന്നത്. ആറില്‍ രണ്ട് എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസിന് സീറ്റൊന്നും നല്‍കുന്നില്ല. 2015 ലാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ പതനം തുടങ്ങിയത്. 70 സീറ്റിലും തോറ്റു. അതേഫലം 2020 ലും ആവര്‍ത്തിച്ചു. ഒരുകാലത്ത് ഷീല ദീക്ഷിത്തിന്റെ നേതൃത്വത്തില്‍ വന്‍ശക്തിയായിരുന്ന കോണ്‍ഗ്രസ് പിന്നീട് എഎപി-ബിജെപി ആധിപത്യത്തില്‍ നിറം മങ്ങുകയായിരുന്നു.
കോണ്‍ഗ്രസിന് എക്‌സിറ്റ് പോളുകള്‍ നല്‍കുന്ന സീറ്റുകള്‍
മാട്രിക്‌സ്-0-1
ജെവിസി-0-2
പിമാര്‍ക്ക്്-0-1
പീപ്പിള്‍സ് പള്‍സ്-0
മൈന്‍ഡ് ബ്ലിങ്ക്-1
വീപ്രിസൈഡ്-0
36 സീറ്റ് നേടുന്നവര്‍ക്ക് ഭരണം പിടിക്കാം. 2020-ല്‍ 62 സീറ്റുനേടിയാണ് ആം ആദ്മി പാര്‍ട്ടി ഭരണം പിടിച്ചത്. 2015-ല്‍ ആം ആദ്മി പാര്‍ട്ടി 67 സീറ്റുകളും നേടി അധികാരത്തിലെത്തിയപ്പോള്‍ പ്രതിപക്ഷത്ത് ബി.ജെ.പിയുടെ മൂന്ന് എം.എല്‍.എമാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. രണ്ടുതവണയും നിയമസഭയില്‍ കോണ്‍ഗ്രസിന്റെ പങ്കാളിത്തം പൂജ്യമായിരുന്നു.
2020ല്‍ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചത്
എഎപി 59 മുതല്‍ 68 സീറ്റ് വരെയും, ബിജെപി രണ്ടിനും 11 നും ഇടയില്‍ സീറ്റ് നേടുമെന്നും ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ പോള്‍ പ്രവചിച്ചു. ടൈംസ് നൗ എഎപിക്ക് 47 ഉം, ബിജെപിക്ക് 23 ഉും സീറ്റ് പ്രവചിച്ചപ്പോള്‍ എബിസി ന്യൂസ് സി വോട്ടര്‍ എഎപിക്ക് 63 സീറ്റ് വെയും ബിജെപിക്ക് 19 സീറ്റ് വരെയും പ്രവചിച്ചിരുന്നു. അന്നും മിക്ക പോളുകളിലും കോണ്‍ഗ്രസിന് പൂജ്യം മുതല്‍ രണ്ടുസീറ്റ് വരെയാണ് നല്‍കിയത്.
എക്‌സിറ്റ് പോളുകള്‍ പലപ്പോഴും ജനവിധിക്ക് വിരുദ്ധമായി വന്നിട്ടുള്ളത് കൊണ്ട് പൂര്‍ണമായി ശരിയെന്ന് ആരും അവകാശപ്പെടുന്നില്ല. ഫെബ്രുവരി 8 ന് യഥാര്‍ഥ ഫലം അറിയാം.