'താനടക്കം ഒരുപാട് പേര്‍ കോണ്‍ഗ്രസിലുണ്ട്; കോണ്‍ഗ്രസില്‍ നില്‍ക്കുന്നതും കോണ്‍ഗ്രസുകാരനായി തുടരുന്നതും വ്യത്യാസമുണ്ട്'; തരൂരിനെ ഉന്നമിട്ട് ജയറാം രമേശിന്റെ വിമര്‍ശനം; പാര്‍ട്ടി നല്‍കിയ പേരുവെട്ടി തരൂരിനെ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തിയതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി; ഹൈക്കമാന്‍ഡ് ലക്ഷ്യമിടുന്നത് 'ഓപ്പറേഷന്‍ തരൂരോ?'
ഹൈക്കമാന്‍ഡ് ലക്ഷ്യമിടുന്നത് 'ഓപ്പറേഷന്‍ തരൂരോ?'
ന്യൂഡല്‍ഹി: ഭീകരപ്രവര്‍ത്തനത്തിനു പിന്തുണ നല്‍കുന്ന പാക്കിസ്ഥാനെതിരെ വിദേശരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ ഇന്ത്യ അയ്ക്കുന്ന എംപിമാരുടെ പ്രതിനിധി സംഘത്തില്‍ ശശി തരൂരിനെ ഉള്‍പ്പെടുത്തിയത് ദഹിക്കാതെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍. ജയറാം രമേശ് അടക്കമുള്ളവരാണ് പാര്‍ലമെന്ററി വിദേശകാര്യ സമതിയുടെ ചെയര്‍മാനായ തരൂരിനെതിരെ ഒളിയമ്പുമായി രംഗത്തുവന്നിരിക്കുന്നത്. പാര്‍ട്ടി നല്‍കിയ പേരുവെട്ടി തരൂരിനെ പ്രതിനിധി സംഘത്തില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയത് ദഹിക്കാതെയാണ് ജയറാം രമേശ് രംഗത്തുവന്നിരിക്കുന്നത്.
തങ്ങളോട് പേരുകള്‍ ചോദിച്ചിട്ട് പ്രഖ്യാപിക്കാതിരിക്കുന്നത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള സത്യസന്ധതയില്ലായ്മയാണെന്നാണ് ജയറാം രമേശിന്റെ പ്രസ്താവന . ''സര്‍ക്കാര്‍ നാല് പേരുകള്‍ ആവശ്യപ്പെട്ടിരുന്നു, ഞങ്ങള്‍ അവര്‍ക്ക് നല്‍കി. എന്നാല്‍ സര്‍ക്കാരിന്റെ പത്രക്കുറിപ്പ് അതിശയിപ്പിക്കുന്നതായിരുന്നു. സര്‍ക്കാരിന്റെ പെരുമാറ്റം സത്യസന്ധതയല്ല. സര്‍ക്കാരിന്റെ നയതന്ത്രം പരാജയപ്പെട്ടു. ഇതാണ് അവസരവാദ രാഷ്ട്രീയം. സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണം.
സര്‍വകക്ഷി സംഘത്തെ സ്വാഗതം ചെയ്യുന്നു, പക്ഷേ പേരുകള്‍ ചോദിച്ചിട്ട് പ്രഖ്യാപിക്കാതിരിക്കുന്നത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള സത്യസന്ധതയില്ലായ്മയാണ്. നാല് പേരുകളില്‍ ഞങ്ങള്‍ ഒരു മാറ്റവും വരുത്തില്ലെന്നും ജയറാം രമേശ് വ്യക്തമാക്കി. ഈ പ്രസ്താവനക്കൊപ്പമാണ് തരൂരിന്റെ പേരു പറയാതെ വിമര്‍ശനം ഉന്നയിച്ചതും. താനടക്കം ഒരുപാട് പേര്‍ കോണ്‍ഗ്രസിലുണ്ട്. കോണ്‍ഗ്രസില്‍ നില്‍ക്കുന്നതും കോണ്‍ഗ്രസുകാരനായി തുടരുന്നതും വ്യത്യാസമുണ്ട് എന്നാണ് ജയറാം രമേശ് പറഞ്ഞത്.
അതേസമയം ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രൂപവത്കരിച്ച സര്‍വ്വകക്ഷിപ്രതിനിധിസംഘത്തിലേക്കുള്ള ക്ഷണം സ്വീകരിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ രംഗത്തുവന്നു. ദേശീയ താല്‍പര്യമുള്ള വിഷയമായതിനാലും തന്റെ സേവനം ആവശ്യമുള്ള സന്ദര്‍ഭമായതിനാലും ക്ഷണം താന്‍ അഭിമാനത്തോടെ സ്വീകരിക്കുന്നതായി ശശി തരൂര്‍ പ്രതികരിച്ചു. സാമൂഹിക മാധ്യമത്തിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'അടുത്തിടെയുണ്ടായ സംഭവങ്ങളെ കുറിച്ച് നമ്മുടെ രാജ്യത്തിന്റെ ഭാഗം അഞ്ച് പ്രധാന രാഷ്ട്രങ്ങളോട് വിശദമാക്കാനുള്ള സര്‍വ്വകക്ഷിപ്രതിനിധിസംഘത്തെ നയിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ക്ഷണത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. ദേശീയതാല്‍പ്പര്യം ഉയര്‍ന്നുവരികയും എന്റെ സേവനം അനിവാര്യമാവുകയും ചെയ്യുമ്പോള്‍ അതിനായി കാത്തിരിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യില്ല, ജയ്ഹിന്ദ്', ഇത്തരത്തിലാണ് തരൂരിന്റെ പോസ്റ്റ്.
നാലുപേരടങ്ങുന്ന പട്ടികയാണ് കോണ്‍ഗ്രസ് കൈമാറിയത്. മുന്‍ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ, മുന്‍ ലോക്‌സഭാ ഉപനേതാവ് ഗൗരവ് ഗൊഗോയ്, എംപിമാരായ സയീദ് നസീര്‍ ഹുസൈന്‍, രാജാ ബ്രാര്‍ എന്നിവരെയാണ് കോണ്‍ഗ്രസ് പ്രതിനിധി സംഘത്തിലേക്ക് നിര്‍ദ്ദേശിച്ചത്. ഈ പേരുകള്‍ സര്‍ക്കാര്‍ തള്ളിക്കളയുകയാണ് ഉണ്ടായത്.
അതേസമയം തരൂരിനെ പുകച്ചു പുറത്തുചാടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഒരു വിഭാഗം നടത്തുന്നതെന്ന ഓരോപണം ശക്തമാണ്. ഇപ്പോഴത്തെ വിമര്‍ശനങ്ങള്‍ അടക്കം ഓപ്പറേഷന്‍ തരൂരിന്റെ ഭാഗമായാണെന്നാണ് വിമര്‍ശനം. കുറച്ചുകാലമായി തന്നെ കോണ്‍ഗ്രസ് നയങ്ങളില്‍ നിന്നും വ്യതിചലിച്ചാണ് തരൂരിന്റെ യാത്രയെന്നാണ് വിമര്‍ശനം.
അതേസമയം യു.എസ്. ഉള്‍പ്പെടെയുള്ള അഞ്ച് രാജ്യങ്ങളിലേക്കാണ് ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പോവുക. പഹല്‍ഗാം, ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയത്തില്‍ പാകിസ്താന്റെ നിലപാടുകള്‍ ലോകത്തിനു മുന്നില്‍ തുറന്നുകാണിക്കുക എന്ന ലക്ഷ്യത്തോടെയും ഇന്ത്യയുടെ നിലപാടുകള്‍ വിശദീകരിക്കുന്നതിനുമായാണ് വിവിധ രാജ്യങ്ങളിലേക്ക് ഇന്ത്യ സര്‍വകക്ഷി സംഘത്തെ അയയ്ക്കുന്നത്.
ആകെ ഏഴ് സംഘങ്ങളെയാണ് കേന്ദ്രസര്‍ക്കാര്‍ വിവിധ രാജ്യങ്ങളിലേക്ക് അയയ്ക്കുന്നത്. ഇതില്‍ നാല് സംഘങ്ങളെ നയിക്കുന്നത് ബിജെപി- എന്‍ഡിഎ നേതാക്കളാണ്. രവിശങ്കര്‍ പ്രസാദ്, ബൈജയന്ത് പാണ്ഡെ, ജെഡിയു നേതാവ് സഞ്ജയ് ഝാ, ശിവസേന ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തില്‍ നിന്നുള്ള ശ്രീകാന്ത് ഷിന്‍ഡെ എന്നിവരാണ് ഭരണകക്ഷിയില്‍ നിന്നുള്ളവര്‍. പ്രതിപക്ഷത്തുനിന്ന് ശശി തരൂര്‍, എന്‍സിപി ശരദ് പവാര്‍ വിഭാഗത്തിലെ സുപ്രിയ സുലെ, ഡിഎംകെ നേതാവ് കനിമൊഴി എന്നിവരാണ് ഉള്ളത്.
ജപ്പാന്‍, ദക്ഷിണ കൊറിയ, മലേഷ്യ, സിംഗപ്പുര്‍, ഇന്തൊനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സര്‍വക്ഷി സംഘത്തെ കോണ്‍ഗ്രസ് നേതാവായ സഞ്ജയ് ഝാ ആണ് നയിക്കുക. മിഡില്‍ ഈസ്റ്റ്- അറബ് രാജ്യങ്ങളിലേക്കുള്ള സംഘത്തെ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് നയിക്കും.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള 40 പേരാണ് ഈ ഏഴ് സംഘത്തിലുള്‍പ്പെടുന്നത്. കേരളത്തില്‍ നിന്ന് ശശി തരൂരിന് പുറമെ സിപിഎം പ്രതിനിധിയായി ജോണ്‍ ബ്രിട്ടാസും ബിജെപി പ്രതിനിധിയായി മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരനും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ ഏത് സംഘത്തിലാണെന്ന് വ്യക്തമായിട്ടില്ല.