സി പി രാധാകൃഷ്ണന്‍ രാജ്യത്തിന്റെ 15 -ാം ഉപരാഷ്ട്രപതി; എന്‍ഡിഎ പിന്തുണയോടെ മത്സരിച്ച രാധാകൃഷ്ണന് 452 വോട്ട്; ഇന്ത്യ സഖ്യത്തില്‍ വോട്ടുചോര്‍ച്ച; സുദര്‍ശന്‍ റെഡ്ഡിക്ക് 300 വോട്ടുമാത്രം; 767 എംപിമാര്‍ വോട്ടുചെയ്തപ്പോള്‍ 15 വോട്ടുകള്‍ അസാധുവായി; പ്രതിപക്ഷ എംപിമാര്‍ ക്രോസ് വോട്ടിങ് നടത്തിയതായി സൂചന

സി പി രാധാകൃഷ്ണന്‍ രാജ്യത്തിന്റെ 15 -ാം ഉപരാഷ്ട്രപതി

Update: 2025-09-09 14:10 GMT

ന്യൂഡല്‍ഹി: സി.പി. രാധാകൃഷ്ണന്‍ രാജ്യത്തെ 15 -ാമത് ഉപരാഷ്ട്രപതി. 767 പാര്‍ലമെന്റംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പില്‍ 452 വോട്ടുകള്‍ക്കാണ് അദ്ദേഹം വിജയം നേടിയത്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി. സുദര്‍ശന്‍ റെഡ്ഡിക്ക് 300 വോട്ടുകള്‍ ലഭിച്ചു.

തമിഴ്‌നാട് നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവായ സി.പി. രാധാകൃഷ്ണന്‍ (67) രാഷ്ട്രീയപ്രവേശം നടത്തിയത് ആര്‍എസ്എസ്, ജനസംഘം എന്നിവയിലൂടെയാണ്. ബിജെപിയുടെ തമിഴ്‌നാട് ഘടകത്തിന്റെ മുന്‍ പ്രസിഡന്റുകൂടിയായിരുന്നു അദ്ദേഹം. തിരുപ്പൂര്‍ സ്വദേശിയായ രാധാകൃഷ്ണന്‍, കോയമ്പത്തൂരില്‍നിന്ന് രണ്ടു തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2020 മുതല്‍ രണ്ടു വര്‍ഷം കേരളത്തിലെ ബിജെപിയുടെ പ്രഭാരിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കയര്‍ ബോര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം.

ജാര്‍ഖണ്ഡ് ഗവര്‍ണര്‍ സ്ഥാനത്തുനിന്നാണ് സി.പി. രാധാകൃഷ്ണന്‍ മഹാരാഷ്ട്ര ഗവര്‍ണറായത്. തെലങ്കാനയുടെ അധികച്ചുമതലയും അദ്ദേഹം വഹിച്ചിട്ടുണ്ട്. നിലവിലെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജൂലൈ 21-ന് ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചിരുന്നു.

ഇന്ത്യ സഖ്യത്തില്‍ വോട്ടുചോര്‍ച്ചയുണ്ടായി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യ വോട്ട് രേഖപ്പെടുത്തിയത്. തുടര്‍ന്ന് അമിത് ഷാ, രാജ്‌നാഥ് സിംഗ്, ജെ.പി. നദ്ദ, കിരണ്‍ റിജിജു തുടങ്ങിയ മുതിര്‍ന്ന നേതാക്കളും വോട്ട് ചെയ്തു. പ്രതിപക്ഷ നേതാക്കളായ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി വാദ്ര എന്നിവരും വോട്ട് ചെയ്തു.

788 എംപിമാരില്‍, 767 പേരാണ് വോട്ടുചെയ്തത്. 98.2 ശതമാനം പോളിങ്. 752 വോട്ടുകള്‍ സാധുവായപ്പോള്‍, 15 വോട്ടുകള്‍ അസാധുവായെന്ന് റിട്ടേണിങ് ഓഫീസര്‍ പി സി മോദി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കണക്കുകള്‍ പ്രകാരം, 427 എംപിമാരുടെ പിന്തുണയോടെ രാധാകൃഷ്ണന് വ്യക്തമായ മുന്‍തൂക്കമുണ്ടായിരുന്നു. ഇത് ഭൂരിപക്ഷത്തിന് ആവശ്യമായ 391 വോട്ടുകളേക്കാള്‍ വളരെ കൂടുതലായിരുന്നു താനും. എന്നാല്‍, രാധാകൃഷ്ണന് 452 വോട്ടുകള്‍ കിട്ടി. ലോക്‌സഭയില്‍ അദ്ദേഹത്തിന് 293 വോട്ടുകളും രാജ്യസഭയില്‍ 134 എംപിമാരുടെ പിന്തുണയും ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി റെഡ്ഡിക്ക് 354 എംപിമാരുടെ പിന്തുണയുണ്ടെങ്കിലും 300 വോട്ടാണ് കിട്ടിയത്.

അതേസമയം, ബിജു ജനതാദളില്‍ (ബിജെഡി) നിന്ന് ഏഴ് പേരും, ഭാരത് രാഷ്ട്ര സമിതിയില്‍ (ബിആര്‍എസ്) നിന്ന് നാല് പേരും, ശിരോമണി അകാലിദളില്‍ (എസ്എഡി) നിന്ന് ഒരാളും, ഒരു സ്വതന്ത്ര എംപിയും ഉള്‍പ്പെടെ ആകെ 13 എംപിമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ബിജെഡി മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നു, അതേസമയം ബിആര്‍എസ് പങ്കെടുത്തില്ല.

Tags:    

Similar News