തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും മഹാത്മാ ഗാന്ധിയുടെ പേര് വെട്ടിമാറ്റി! വിബി ജി റാം ജി ബില്‍ പാസാക്കി ലോക്‌സഭ; ശക്തമായി പ്രതിഷേധിച്ച് പ്രതിപക്ഷം, ബില്ല് വലിച്ചുകീറി എറിഞ്ഞു; മഹാത്മാഗാന്ധിയുടെ പേര് മാറ്റുകയല്ല ചെയ്തത്, പുതിയ പദ്ധതിയാണെന്ന് ശിവരാജ്‌സിംഗ് ചൗഹാന്‍; കേരളത്തിന് പ്രതിവര്‍ഷം 2000 കോടി അധികബാധ്യത

തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും മഹാത്മാ ഗാന്ധിയുടെ പേര് വെട്ടിമാറ്റി!

Update: 2025-12-18 08:42 GMT

ന്യൂഡല്‍ഹി: തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പേര് വെട്ടിമാറ്റി. തൊഴിലുറപ്പു പദ്ധതി പൊളിച്ചെഴുതാനുള്ള വിബി ജി റാം ജി ബില്ല് പാസാക്കി ലോക്‌സഭ. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് ബില്ല് ലോക്‌സഭ പാസാക്കിയത്. മഹാത്മാഗാന്ധിയുടെ പേര് മാറ്റുകയല്ല ചെയ്തതെന്നും പുതിയ പദ്ധതിയാണെന്നും ശിവരാജ്‌സിംഗ് ചൗഹാന്‍ സഭയില്‍ പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷം ബില്ല് വലിച്ചുകീറി എറിഞ്ഞു.

പിന്നാലെ ബഹളത്തിന് കീഴടങ്ങില്ലെന്ന് ശിവരാജ്‌സിംഗ് ചൗഹാന്‍ വ്യക്തമാക്കി. തൊഴിലുറപ്പ് പദ്ധതി പൂജ്യ ബാപു ഗ്രാമീണ്‍ റോസ്ഗാര്‍ യോജന എന്ന് പേര് മാറ്റുമെന്നാണ് നേരത്തെ വിവരങ്ങള്‍ പുറത്ത് വന്നത്. ഇതിനെ ബിജെപി നേതാക്കള്‍ പരസ്യമായി സ്വാഗതം ചെയ്യുകയും പ്രതിപക്ഷം എതിര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പേര് മാത്രമല്ല വികസിത ഭാരത് ഗ്യാരണ്ടീ ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് ആജീവിക മിഷന്‍ എന്ന പേരില്‍ പദ്ധതി മൊത്തത്തില്‍ പൊളിച്ചെഴുതുകയാണെന്ന് പാര്‍ലമെന്റില്‍ അവതരണത്തിന് മുന്നോടിയായി ബില്‍ എംപിമാര്‍ക്ക് ലഭിച്ചപ്പോഴാണ് വ്യക്തമായത്.

വിബി ജി റാം ജി എന്നാവും പദ്ധതിയുടെ ചുരുക്ക പേര്. നേരത്തെ നൂറ് ശതമാനം പദ്ധതി വിഹിതവും കേന്ദ്രസര്‍ക്കാരാണ് നല്‍കിയിരുന്നതെങ്കില്‍ പുതിയ നിയമത്തില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ജമ്മു കാശ്മീര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കും പത്ത് ശതമാനവും, മറ്റ് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നാല്‍പത് ശതമാനവും ബാധ്യത വരും. ഉറപ്പാക്കുന്ന തൊഴില്‍ ദിനങ്ങള്‍ നൂറില്‍ നിന്നും നൂറ്റിയിരുപത്തഞ്ചായി ഉയര്‍ത്തിയിട്ടുണ്ട്.

അതേസമയം പദ്ധതിക്കായി അംഗീകരിച്ച തൊഴിലുകളില്‍ കാര്യമായ മാറ്റമുണ്ട്. വികസിത ഭാരതമെന്ന ലക്ഷ്യത്തോടെ ഗ്രാമങ്ങളിലെ അടിസ്ഥാന വികസനത്തിനായി പൊതുമരാമത്ത് പ്രവര്‍ത്തികളെ ശാക്തീകരിക്കാനും, ജല സംരക്ഷണം, അനുബന്ധ ജോലികള്‍, ഗ്രാമീണ വികസനം, ഉപജീവനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വെല്ലുവിളികള്‍ ചെറുക്കാനുള്ള പ്രവര്‍ത്തികള്‍ മുതലായവയാണ് ജോലിയായി അംഗീകരിച്ചിട്ടുള്ളത്. പ്രധാനപ്പെട്ട കാര്‍ഷിക സീസണുകളില്‍ പദ്ധതിപ്രകാരം തൊഴില്‍ നല്‍കാന്‍ പാടില്ലെന്നും, കര്‍ഷക തൊഴിലാളികളുടെ ലഭ്യത ഉറപ്പുവരുത്താനാണിതെന്നും ബില്ലില്‍ പറയുന്നു.

അപേക്ഷിച്ച് പതിനഞ്ച് ദിവസത്തിനകം തൊഴില്‍ നല്‍കിയില്ലെങ്കില്‍ വേതനത്തിന് അര്‍ഹതയുണ്ടായിരിക്കുമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. കേന്ദ്ര ഗ്രാമീണ റോസ്ഗാര്‍ കൗണ്‍സിലാണ് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുക. നേരത്തെ ഗ്രാമീണ വികസന മന്ത്രാലയമായിരുന്നു മേല്‍നോട്ടം. പദ്ധതിയുടെ ബാധ്യത സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.

ഡിസംബര്‍ 19ന് വി ബി ജി റാം ജി ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കര്‍ഷക തൊഴിലാളി യൂണിയനുകളുടെ സംയുക്ത വേദി അറിയിച്ചിട്ടുണ്ട്. പ്രാദേശിക ജില്ല സംസ്ഥാന ദേശീയ തലങ്ങളില്‍ പ്രതിഷേധം നടത്തും. കര്‍ഷകരും തൊഴിലാളികളും സ്ത്രീകളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധത്തിന്റെ ഭാഗമാകും എന്ന് നേതാക്കള്‍ അറിയിച്ചു. ബില്ലിന്റെ പേരില്‍ പ്രശ്‌നമുണ്ടെങ്കിലും അതിനേക്കാള്‍ വലിയ പ്രശ്‌നം അതിന്റെ ഉള്ളടക്കത്തില്‍ ആണെന്നും അഭിമാനത്തോടെ ജീവിക്കാന്‍ ഭരണഘടന ജനങ്ങള്‍ക്ക് നല്‍കുന്ന അവകാശത്തെ തകര്‍ക്കുന്നതാണ് ബില്ലെന്നും സിപിഐ നേതാവ് ആനി രാജ പറഞ്ഞു.

കേരളത്തിന് പ്രതിവര്‍ഷം 2000 കോടി അധികബാധ്യത

തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റം കാരണം കേരളത്തിനുണ്ടാകുന്നത് പ്രതിവര്‍ഷം 1600 മുതല്‍ 2000 കോടി രൂപയുടെവരെ അധികബാധ്യതയാണ്. നിലവില്‍ പദ്ധതിച്ചെലവിന്റെ 90 ശതമാനവും നല്‍കുന്നത് കേന്ദ്രമാണ്. അത് 60 ശതമാനമാകുമ്പോള്‍ സംസ്ഥാനത്തിന് വലിയ ബാധ്യതയാകും. കഴിഞ്ഞ വര്‍ഷം തൊഴിലുറപ്പ് പദ്ധതിക്കായി കേന്ദ്രം നല്‍കിയത് 4838 കോടി രൂപയാണ്. കേരളം മികച്ച നിലയിലാണ് പദ്ധതി നടപ്പാക്കുന്നത്. ദേശീയതലത്തില്‍ സംസ്ഥാനങ്ങളുടെ മൊത്തം വരുമാനത്തിന്റെ ശരാശരി 53 ശതമാനവും കേന്ദ്ര വിഹിതമായിരിക്കെ കേരളത്തില്‍ 25 ശതമാനമാണ്. തനത് വരുമാനം കാര്യമായി ഉയര്‍ത്തുന്നതിനാലാണ് സംസ്ഥാനം പിടിച്ചുനില്‍ക്കുന്നത്.

യുപിഎ സര്‍ക്കാരിന്റെ പദ്ധതിയാണ് ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നടപ്പിലാക്കിയത്. കേന്ദ്രസര്‍ക്കാരാണ് ഇൗ പദ്ധതിയുടെ മുഴുവന്‍ സാമ്പത്തിക ബാധ്യതയും വഹിച്ചിരുന്നത്. 20 വര്‍ഷത്തിനിപ്പുറം, സാമ്പത്തികബാധ്യതയുടെ 40 ശതമാനം തുക സംസ്ഥാനങ്ങള്‍ വഹിക്കണമെന്നാണ് പുതിയ നിയമം. ഇതോടെ പദ്ധതിക്ക് മരണ മണി മുഴങ്ങുകയാണെന്നാണ് ആക്ഷേപം.

Tags:    

Similar News