ദേശീയപാത നിര്‍മ്മാണത്തില്‍ നടക്കുന്നത് നിയമ വിധേയമാക്കിയ കൊള്ള; അഴിമതി അന്വേഷിക്കണം; വിഷയം ലോക്‌സഭയില്‍ ഉന്നയിച്ച് കെസി വേണുഗോപാല്‍ എംപി

ദേശീയപാത നിര്‍മ്മാണത്തില്‍ നടക്കുന്നത് നിയമ വിധേയമാക്കിയ കൊള്ള: കെസി വേണുഗോപാല്‍

Update: 2025-12-15 13:08 GMT

ന്യൂഡല്‍ഹി: ദേശീയപാത നിര്‍മ്മാണത്തിലെ അഴിമതിയും കരാര്‍ നല്‍കിയതിലെ ക്രമക്കേടും റോഡിന്റെ തകര്‍ച്ചയും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ലോക്സഭയില്‍ ഉന്നയിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. നിയമപരമായ കൊള്ളയാണ് നടക്കുന്നതെന്നും ദേശീപാത നിര്‍മ്മാണത്തിലെ അഴിമതി അന്വേഷിക്കണമെന്ന ആവശ്യവും കെസി വേണുഗോപാല്‍ ലോക്സഭയില്‍ ഉന്നയിച്ചു. സപ്ലിമെന്ററി ഗ്രാന്റുകളെക്കുറിച്ചുള്ള ഡിമാന്‍ഡ് ചര്‍ച്ചയിലാണ് ഈ വിഷയം കെസി വേണുഗോപാല്‍ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.

നിയമ വിധേയമാക്കിയ കൊള്ളയാണ് ദേശീപതാ നിര്‍മ്മാണത്തില്‍ നടക്കുന്നതെന്ന് ആരോപിച്ച വേണുഗോപാല്‍ കരാര്‍ നല്‍കുന്നതിലെ ക്രമക്കേടും കണക്കുകള്‍ നിരത്തി ലോക്സഭയില്‍ അവതരിപ്പിച്ചു. എന്‍.എച്ച് 66ലെ അഴിയൂര്‍-വെങ്ങളം റീച്ചില്‍ 40 കി.മീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ നിര്‍മ്മാണ കാരാര്‍ 1838 കോടിയ്ക്ക് ലഭിച്ച അദാനി എന്റര്‍പ്രൈസസ് അഹമ്മദാബാദ് ആസ്ഥാനമായുള്ള വാഗഡ് ഇന്‍ഫ്ര എന്ന കമ്പനിക്ക് 971 കോടി രൂപയ്ക്ക് ഉപകരാര്‍ നല്‍കിയതിന്റെ ക്രമക്കേടും കെസി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ഉപകരാര്‍ ലഭിച്ച കമ്പനിക്ക് റോഡ് നിര്‍മ്മാണത്തിന് ഒരു കിലോമീറ്ററിന് 23.7 കോടി രൂപ മാത്രം മതിയെന്നിരിക്കെ അദാനിക്ക് ഒരു കി.മീറ്ററിന് 45 കോടി രൂപ ചെലവ് കണക്കാക്കിയതിന്റെ യുക്തിയും കെസി വേണുഗോപാല്‍ ചോദ്യം ചെയ്തു.ഒരു റീച്ചില്‍ നിന്ന് മാത്രം അദാനി 1310 കോടി രൂപയുടെ അധിക ലാഭം ഉണ്ടാകുന്നു. ജനങ്ങളുടെ പണമാണ് ഇത്തരത്തില്‍ നഷ്ടപ്പെടുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

റോഡ് നിര്‍മ്മാണത്തിലെ ഇപിസി,എച്ച് എ എം മാതൃകയിലുമുള്ള തട്ടിപ്പിനെ കുറിച്ചും കെസി വേണുഗോപാല്‍ ലോക്സഭയില്‍ തുറന്നുകാട്ടി. ഇ.പി.സി മാതൃകയില്‍ കിലോമീറ്ററിന് 26 മുതല്‍ 32 കോടി രൂപ വരെയാണ് ചെലവ് വരുന്നത്. എന്നാല്‍ 2016-ല്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന എച്ച്.എ.എം മാതൃകയിലൂടെയാണ് ഈ അഴിമതിക്ക് അവസരമൊരുക്കിയത്. എച്ച്.എ.എം പ്രകാരം, പ്രോജക്റ്റ് ചെലവിന്റെ 40% നിര്‍മ്മാണ സമയത്തും, ബാക്കി 60% പലിശ സഹിതം 15 വര്‍ഷം കൊണ്ടും നല്‍കും. ഇതിലൂടെ നിര്‍മ്മാണ സമയത്ത് തന്നെ കരാറുകാരന് 735 കോടി രൂപ ലഭിക്കുന്നു. 15 വര്‍ഷം കൊണ്ട് 1,112 കോടി രൂപ ആനുവിറ്റിയായും, 940 കോടി രൂപ പലിശയായും ലഭിക്കും. വെറും 971 കോടി രൂപ മുടക്കി, സ്വന്തമായി ഒരു ഇഷ്ടിക പോലും വെക്കാതെ 2,000 കോടിയിലധികം ലാഭമുണ്ടാക്കുന്ന മാതൃകയാണിതെന്നും കെസി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

വിവിധ റീച്ചില്‍ ദേശീയപാത നിര്‍മ്മാണത്തിന് കരാര്‍ നല്‍കിയ തുകയുടെ കി.മീറ്റര്‍ അടിസ്ഥാനത്തിലുള്ള വ്യത്യാസവും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.കിലോമീറ്ററിന് 45 കോടി രൂപയാണ് ചെലവില്‍ നിര്‍മ്മിക്കുന്ന അഴിയൂര്‍-വെങ്ങളം റീച്ചിന് സമാനമായ ഭൂപ്രകൃതിയുള്ള തലപ്പാടി-ചെങ്ങള റീച്ചില്‍, 7 വലിയ പാലങ്ങളും 17 ഗ്രേഡ് സെപ്പറേറ്ററുകളും ഉണ്ടായിട്ടും കിലോമീറ്ററിന് 43.7 കോടി രൂപ മാത്രമാണ് ചെലവ്. കാപ്രിക്കാട്-തളിക്കുളം റീച്ചില്‍ ഇത് വെറും 35.1 കോടി രൂപയും. ഇതിലൂടെ നിര്‍മ്മാണത്തിലെ കൊള്ള വ്യക്തമാണെന്നും വേണുഗോപാല്‍ പറഞ്ഞു.

റോഡുകള്‍ക്കും പാലങ്ങള്‍ക്കും 1.16 ലക്ഷം കോടിയിലധികമാണ് നീക്കിവെച്ചത്. ജനങ്ങളുടെ പണമാണിത്. എന്നാല്‍ ഇത്രയും കോടി ചെലവാക്കി നിര്‍മ്മിക്കുന്ന റോഡുകള്‍ക്കും പാലങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. വലിയ അഴിമതിയാണ് നടക്കുന്നത്. അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ച റോഡ് നവീകരണം 8 വര്‍ഷം പിന്നിട്ടിട്ടും 50 ശതമാനം പോലും പൂര്‍ത്തിയാക്കിയില്ല. ദേശീപതാ നിര്‍മ്മാണം നടക്കുന്ന കേരളത്തില്‍ റോഡുകള്‍ വ്യാപകമായി ഇടിഞ്ഞാ താഴ്ന്ന് തകരുന്നു. സര്‍വീസ് റോഡുകളില്‍ വെള്ളക്കെട്ടാണ്. കോഴിക്കോടും കൊല്ലത്തും നിര്‍മ്മാണത്തിലിരുന്ന ദേശീപാത തകര്‍ന്നു. ആലപ്പുഴയില്‍ നിര്‍മ്മാണ സ്ഥലത്തെ അപാകത കാരണം ഒരു മരണം സംഭവിച്ചു. സുരക്ഷാ വീഴ്ചയും പിഴവുകള്‍ കാരണവും ഇവിടെ ഇതിനോടകം 40 പേര്‍ അപകടത്തില്‍ മരിച്ചു. ആശാസ്ത്രീയ നിര്‍മ്മാണവും വേഗത്തില്‍ പണി തീര്‍ക്കാനും ലാഭത്തിനും മുന്‍ഗണന നല്‍കിയതിന്റെ ഫലമാണ് ഇത്തരം ഒരു അവസ്ഥയ്ക്ക് കാരണമെന്നും വേണുഗോപാല്‍ പറഞ്ഞു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകരുന്നു. രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവാണ്. അതിന് കാരണം സര്‍ക്കാരിന്റെ മോശം ഭരണമാണ്. സര്‍ക്കാര്‍ നല്‍കുന്ന ജിഡിപി നിരക്ക് കണക്കുകള്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും ഗുരുതര പോരായ്മകള്‍ അതലുണ്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Tags:    

Similar News