30 ദിവസം ജയിലില്‍ കിടന്നാല്‍ നിങ്ങള്‍ക്ക് മന്ത്രിയായി തുടരാനാകുമോ? അത് സാമാന്യബുദ്ധിയുടെ കാര്യമാണെന്നും തെറ്റൊന്നും കാണാന്‍ കഴിയുന്നില്ലെന്നും തുറന്നടിച്ച തരൂര്‍ തിരുത്തി; മന്ത്രിമാരെ അയോഗ്യരാക്കാന്‍ കുറ്റം തെളിയിക്കണം; തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചെന്ന് മാധ്യമങ്ങള്‍ക്ക് പഴി; കോണ്‍ഗ്രസിനോട് അല്‍പം ഉദാരത കാട്ടി തിരുവനന്തപുരം എംപി
തരൂര്‍ നിലപാട് തിരുത്തി
ന്യൂഡല്‍ഹി: അറസ്റ്റിലാകുന്ന മന്ത്രിമാരെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട ബില്ലില്‍ തന്റെ നിലപാടില്‍ മാറ്റം വരുത്തി ശശി തരൂര്‍ എംപി. ബില്ലിലെ വ്യവസ്ഥകളോട് തനിക്ക് എതിര്‍പ്പുണ്ടെന്ന് തരൂര്‍ വ്യക്തമാക്കി. മന്ത്രിമാരെ അയോഗ്യരാക്കാന്‍ കുറ്റം തെളിയിക്കണമെന്നും, താന്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ, ബില്ലില്‍ തനിക്ക് യാതൊരു തെറ്റും കാണാന്‍ കഴിയില്ലെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം. എന്നാല്‍, ഇപ്പോള്‍ അദ്ദേഹം ബില്ലിലെ വ്യവസ്ഥകളെ ചോദ്യം ചെയ്യുകയാണ്.
ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഭരണഘടന (നൂറ്റിമുപ്പതാം ഭേദഗതി) ബില്‍ 2025 പ്രകാരം, തുടര്‍ച്ചയായി 30 ദിവസത്തിലധികം അറസ്റ്റിലായി ജയിലില്‍ കഴിയുന്ന പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ഏതൊരു മന്ത്രിയും 31-ാം ദിവസം രാജിവെയ്ക്കുകയോ അല്ലെങ്കില്‍ അവരെ പുറത്താക്കുകയോ ചെയ്യാം. ബില്ലില്‍ താന്‍ തെറ്റൊന്നും കാണുന്നില്ലെന്നും ബില്ലില്‍ സഭയില്‍ ചര്‍ച്ച നടക്കട്ടെയെന്നും ശശി തരൂര്‍ എന്‍ഡിടിവിയോട് പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസ് നിലപാടിനെ തള്ളുന്നതായിരുന്നു ഇത്. കോണ്‍ഗ്രസ് അഴിമതിക്ക് അനുകൂലമാണെന്ന പൊതു വികാരമാണ് തരൂര്‍ കൊണ്ടു വരാന്‍ ശ്രമിക്കുന്നതെന്നാണ് എതിര്‍ ക്യാമ്പിന്റെ നിലപാട്.
'30 ദിവസം ജയിലില്‍ കിടന്നാല്‍ നിങ്ങള്‍ക്ക് മന്ത്രിയായി തുടരാനാകുമോ? ഇത് സാമാന്യബുദ്ധിയുടെ കാര്യമാണ്. എനിക്കിതില്‍ തെറ്റൊന്നും കാണാന്‍ കഴിയുന്നില്ല' അദ്ദേഹം പറഞ്ഞു. പരിശോധനയ്ക്കായി ബില്‍ ഒരു സമിതിയ്ക്ക് അയക്കാവുന്നതാണെന്നും സമിതിയില്‍ ചര്‍ച്ച നടക്കുന്നത് നമ്മുടെ ജനാധിപത്യത്തിന് നല്ലതാണെന്ന് താന്‍ കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നിലപാടിന് വിരുദ്ധമായിരുന്നു ഈ പ്രതികരണം. കര്‍ക്കശവും ഭരണഘടനാവിരുദ്ധവും എന്നാണ് കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി ബില്ലിനെ വിശേഷിപ്പിച്ചത്. എന്നിട്ടും ആ ബില്ലിനെ തരൂര്‍ പിന്തുണച്ചത് ഗൗരവത്തില്‍ എടുക്കണമെന്നായിരുന്നു തരൂര്‍ വിരുദ്ധരുടെ ആവശ്യം.
്.
ഓപ്പറേഷന്‍ സിന്ദൂര്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചുകൊണ്ടുള്ള പ്രസ്താവനകള്‍ക്ക് ശേഷം കോണ്‍ഗ്രസില്‍ നിന്ന് നീരസം നേരിടുന്നതിനിടെയാണ് വീണ്ടും പാര്‍ട്ടി നിലപാടില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായം ശശി തരൂര്‍ രേഖപ്പെടുത്തിയത്. േേനരത്തെ ഈ ബില്ലിനെതിരെ കോണ്‍ഗ്രസ് അതിശക്തമായ പ്രതിഷേധമാണ് ലോക്സഭയില്‍ ഉയര്‍ത്തിയത്. ഈ സാഹചര്യത്തില്‍ തരൂരിന്റെ നിലപാട് അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ പക്ഷം.