'ആര്‍എസ്എസ് ബന്ധമുള്ള എഡിജിപി വേണ്ട; സഭാസമ്മേളനത്തിന് മുമ്പ് അജിത് കുമാറിനെ നീക്കണം'; സര്‍ക്കാരിനെതിരെ സഭയില്‍ ഉയര്‍ന്നേക്കാവുന്ന രാഷ്ട്രീയ കൊടുങ്കാറ്റ് മുന്നില്‍ കണ്ട് കടുത്ത നിലപാടില്‍ സിപിഐ

ആര്‍എസ്എസ് ബന്ധമുള്ള ഒരു ഉദ്യോഗസ്ഥന്‍ എല്‍ഡിഎഫ് ഭരണകാലത്ത് എഡിജിപി ആകാന്‍ പാടില്ല

Update: 2024-09-28 06:26 GMT

കോട്ടയം: നിയമസഭാ സമ്മേളനത്തിന് മുമ്പ് എഡിജിപി എം.ആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും നീക്കണമെന്ന നിലപാട് ആവര്‍ത്തിച്ച് സിപിഐ. ആര്‍ എസ് എസ് ബന്ധമുളള എഡിജിപി എം ആര്‍ അജിത് കുമാറിനെ മാറ്റിയേ തീരൂവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നടിച്ചു. ആര്‍എസ്എസ് ബന്ധമുള്ള ഒരു ഉദ്യോഗസ്ഥന്‍ ഒരു കാരണവശാലും എല്‍ഡിഎഫ് ഭരിക്കുന്ന ഒരു സര്‍ക്കാരില്‍ എഡിജിപി ആകാന്‍ പാടില്ല.

ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ഒരു കാരണവശാലും ആര്‍എസ്എസ് ബന്ധം പാടില്ല. നിലപാടില്‍ നിന്നും വ്യതിചലിക്കരുതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. സഭാസമ്മേളനത്തില്‍ ഉയര്‍ന്നേക്കാവുന്ന പ്രതിപക്ഷ പ്രതിഷേധം മുന്നില്‍ കണ്ടാണ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന കടുത്ത നിലപാടുമായി സിപിഐ രംഗത്ത് വന്നത്.

എഡിജിപിക്കെതിരെ ഡിജിപി നടത്തുന്ന അന്വേഷണം ഒക്ടോബര്‍ മൂന്നിന് തീരുന്നതിനാല്‍ ഒക്ടോബര്‍ നാലിന് തുടങ്ങുന്ന നിയമസഭാ സമ്മേളന കാലത്ത് അജിത് കുമാര്‍ കസേരയില്‍ ഉണ്ടാകരുതെന്നാണ് സിപിഐ ആവശ്യപ്പെടാന്‍ പോകുന്നത്. ഡല്‍ഹിയിലുള്ള സിപിഎം നേതാക്കള്‍ തലസ്ഥാനത്ത് തിരിച്ചെത്തിയാല്‍ ഈ ആവശ്യം സിപിഐ മുന്നോട്ടുവച്ചേക്കും.

എഡിജിപി ക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച പി.വി അന്‍വര്‍ പാര്‍ട്ടി വിരുദ്ധനായതോടെ എം.ആര്‍ അജിത് കുമാറിനെ മുഖ്യമന്ത്രി വീണ്ടും സംരക്ഷിക്കുമോ എന്ന സംശയം സിപിഐക്കുണ്ട്. അന്‍വറിന്റെ പരാതിയില്‍ നടക്കുന്ന അന്വേഷണത്തില്‍ അജിത് കുമാറിനെ മാറ്റിയാല്‍ അന്‍വര്‍ പറഞ്ഞതെല്ലാം ശരിയെന്നു വരും എന്നതാണ് എഡിജിപിക്കുള്ള അനുകൂല ഘടകം . സഭാ സമ്മേളനത്തിന് മുമ്പ് അജിത് കുമാറിനെ മാറ്റിയാല്‍ അതും പ്രതിപക്ഷം ആയുധമാക്കുമെന്ന് ഇടതുനേതാക്കള്‍ സൂചിപ്പിക്കുന്നു. മുകേഷിനെ മാറ്റണമെന്ന് ആവശ്യം സിപിഎം തള്ളിയതിന് പിന്നാലെ, അജിത് കുമാറിനെ മാറ്റണമെന്ന് ആവശ്യത്തിനും അനുകൂല തീരുമാനമെടുക്കാത്തത് സിപിഐക്ക് കനത്ത ക്ഷീണം ആയിട്ടുണ്ട്.

സിപിഎം പ്രവര്‍ത്തകരുടെ കൊലവിളി മുദ്രാവാക്യത്തെ സിപിഐ വിമര്‍ശിച്ചു. കൈയ്യും കാലും വെട്ടുന്നത് കമ്മ്യൂണിസ്റ്റ് ശൈലിയല്ല. ആശയങ്ങളെ എതിര്‍ക്കേണ്ടത് ആശയങ്ങള്‍ കൊണ്ടാകണമെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. അതേസമയം, സര്‍ക്കാരിനെതിരെ സഭയില്‍ ഉയരാനിടയുള്ള രാഷ്ട്രീയ കൊടുങ്കാറ്റ് മുന്നില്‍ കണ്ട് കൂടിയാണ് സിപിഐ നിലപാട് കടുപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍. പൂരം കലക്കലിലും ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലുമാണ് സിപിഐ എഡിജിപിക്കെതിരെ കടുപ്പിക്കുന്നത്.

അന്വേഷണം തീരട്ടെ എന്ന മുഖ്യമന്ത്രിയുടെ വാക്ക് കേട്ടാണ് കാത്തിരിപ്പ്. പക്ഷെ തീരുമാനം അനന്തമായി നീട്ടാന്‍ സിപിഐ തയ്യാറല്ലെന്ന് വ്യക്തമാണ്. അജിത് കുമാറിന്റെ മാറ്റമില്ലാതെ സിപിഐക്ക് നിയമസഭയിലേക്ക് പോകാനാകാത്ത രാഷ്ട്രീയസ്ഥിതിയാണ്. അജിത് കുമാറിനെതിരായ പലതരം അന്വേഷണം നടക്കുന്നുണ്ട്. ഡിജിപിതല അന്വേഷണത്തിന്റെ കാലാവധി മൂന്നിന് തീരും. അന്‍വറിന്റെ പരാതിയിലാണ് അന്വേഷണം. പക്ഷെ അന്‍വര്‍ ഇടത് ബന്ധം വിട്ടതോടെ ഇനി അന്വേഷണത്തിന്റെ ഭാവിയില്‍ സിപിഐക്ക് ആശങ്കയുണ്ട്.

Tags:    

Similar News