സിപിഐയെ ഇരുട്ടില്‍ നിര്‍ത്തി തീരുമാനം എടുക്കാനാവില്ല; ഇതല്ല, ഇതാകരുത് എല്‍ഡിഎഫിന്റെ ശൈലി; പി എം ശ്രീ പദ്ധതി ആരോടും ചര്‍ച്ച ചെയ്യാതെ ഒപ്പിട്ടത് മുന്നണി മര്യാദയുടെ ലംഘനം; മന്ത്രിക്ക് മാത്രമായി നയം മാറ്റാനാകില്ല; ഇതുജനാധിപത്യത്തിന്റെ വഴിയല്ല, തിരുത്തപ്പെടണമെന്ന് ബിനോയ് വിശ്വം; കര്‍ശന നടപടി വേണമോയെന്ന തീരുമാനം പാര്‍ട്ടി എക്‌സിക്യൂട്ടീവിലേക്ക് മാറ്റി വച്ച് സിപിഐ

സിപിഐയെ ഇരുട്ടില്‍ നിര്‍ത്തി തീരുമാനം എടുക്കാനാവില്ല

Update: 2025-10-24 12:09 GMT

തിരുവനന്തപുരം: പി എം ശ്രീ പദ്ധതി ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐയെ ഇരുട്ടില്‍ നിര്‍ത്തി തീരുമാനം എടുക്കാനാവില്ല. ഇതല്ല എല്‍ഡിഎഫിന്റെ ശൈലി. ഇതാകരുത് എല്‍ഡിഎഫിന്റെ ശൈലി. മുന്‍കൂട്ടി അറിയിക്കാതെ പി എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടത് മുന്നണി മര്യാദയുടെ ലംഘനമാണ്.

ആരോടും ചര്‍ച്ച ചെയ്യാതെയാണ് തീരുമാനം എടുത്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രിക്ക് മാത്രമായി നയം മാറ്റാനാകില്ല. ഇതു ജനാധിപത്യത്തിന്റെ വഴിയല്ല, തിരുത്തപ്പെടണമെന്ന് ബിനോയ് വിശ്വം പറഞ്ഞു. കര്‍ശന നടപടി വേണമോയെന്ന് 27 ന് ചേര്‍ന്ന പാര്‍ട്ടി എക്‌സിക്യൂട്ടീവില്‍ തീരുമാനിക്കും. സര്‍ക്കാരിന് കാര്യം ബോധ്യപ്പെട്ടേ തീരുവെന്നും മുന്നണി കണ്‍വീനര്‍ക്കും ഘടകക്ഷികള്‍ക്കും കത്ത് നല്‍കിയെന്നും ബിനോയ് വിശ്വം പറഞ്ഞു. യുഡിഎഫിന്റെ ക്ഷണത്തെ അവജ്ഞതയോടെ തള്ളുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. അതേസമയം കരാര്‍ റദ്ദാക്കണമെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ ആവശ്യപ്പെട്ടു.

നേരത്തെ, പിഎം ശ്രീയില്‍ ഒപ്പിട്ടതിനു പിന്നില്‍ വലിയ ഗൂഢാലോചനയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചിരുന്നു. സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജയ്ക്ക് അയച്ച കത്തിലാണ് ബിനോയ് വിശ്വം ഗുരുതരാരോപണം ഉന്നയിച്ചിരിക്കുന്നത്.

മുന്നണി മര്യാദകള്‍ സിപിഎം ലംഘിച്ചു. വിദ്യാഭ്യാസ മന്ത്രി ഏകപക്ഷീയമായി തീരുമാനമെടുത്തുവെന്നും ദേശീയ നേതൃത്വം ഗൗരവത്തില്‍ കാണണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ധാരണ പത്രം ഒപ്പിട്ടതിലൂടെ എല്‍ഡിഎഫിന്റെ കേന്ദ്രസര്‍ക്കാരിനെതിരായ പോരാട്ടം ദുര്‍ബലപ്പെട്ടെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.

അതേസമയം, എല്‍ഡിഎഫ് നയം നടപ്പാക്കുന്ന സര്‍ക്കാരല്ല ഇതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. സര്‍ക്കാരിന് പരിമിതിയുണ്ട്. ഇടതുമുന്നണിയുടെ എല്ലാ നയവും നടപ്പാക്കുകയല്ല സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം എല്ലാ പദ്ധതിക്കും നിബന്ധന വെച്ച് കേരളം പോലുള്ള സംസ്ഥാനത്തെ ബാധിക്കുന്ന രീതിയില്‍ നിലപാടെടുക്കുകയാണ്.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമാണ് ഇന്ത്യയില്‍ ആദ്യം പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടത്. കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക ഉപരോധം തീര്‍ക്കുന്ന തരത്തിലുള്ള നിബന്ധനകളാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയില്‍ ഉള്ളത്. ഇത്തരം നയപരമായ നിബന്ധനകള്‍ക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട സിപിഐയുടെ ആശയക്കുഴപ്പങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

സിപിഐയുടെ ഭാഗത്ത് നിന്ന് ശക്തമായ എതിര്‍പ്പ് ഉയര്‍ന്നുവന്നിട്ടും, പി എം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയും എല്‍ഡിഎഫ് കണ്‍വീനറും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. എം വി ഗോവിന്ദന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. പദ്ധതിയില്‍ ഒപ്പിട്ടതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാനായി സിപിഐയുമായി ചര്‍ച്ച നടത്താനാണ് യോഗത്തില്‍ തീരുമാനമായത്. എന്‍ഡിഎഫ് കണ്‍വീനര്‍, സിപിഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുമായി ഈ മാസം 29-ന് ശേഷം ചര്‍ച്ച നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

മുന്നണി മര്യാദ ലംഘിച്ചുവെന്ന് സിപിഐ കുറ്റപ്പെടുത്തുന്നു. എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിയുടെ ഉറപ്പ് പോലും പരിഗണിക്കാതെ ഏകപക്ഷീയമായി ധാരണാപത്രത്തില്‍ ഒപ്പിട്ടത് അംഗീകരിക്കാനാവില്ലെന്നാണ് സിപിഐയിലെ പൊതുവികാരം. ഇത് ഇടത് പാര്‍ട്ടികളുടെ കെട്ടുറപ്പിനെ തകര്‍ക്കുന്ന നടപടിയാണെന്നും അവര്‍ ആരോപിക്കുന്നു. സിപിഎം ദേശീയ നേതൃത്വത്തിനും ഇതുസംബന്ധിച്ച അതൃപ്തി അറിയിക്കാന്‍ സിപിഐ തീരുമാനിച്ചിട്ടുണ്ട്. വിഷയത്തില്‍ സിപിഐയുടെ കടുത്ത നിലപാട് എന്തുതന്നെയായാലും, പി എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സിപിഎം ലക്ഷ്യമിടുന്നത്.

Tags:    

Similar News