'ഒരു അമ്മ എന്ന നിലയില്‍ അവരുടെ വികാരത്തെ മാനിക്കണമായിരുന്നു; കൂടെ നില്‍ക്കേണ്ടവര്‍ പോലും കൂടെ നിന്നില്ല': സിപിഎമ്മിലെ ആരും പിന്തുണച്ചില്ലെങ്കിലും ബിപിന്‍ സി ബാബു ഒപ്പമുണ്ട്; യു പ്രതിഭ എം എല്‍ എയെ ബിജെപിയിലേക്ക് ക്ഷണിച്ച് ബിപിന്‍
യു പ്രതിഭ എം എല്‍ എയെ ബിജെപിയിലേക്ക് ക്ഷണിച്ച് ബിപിന്‍
ആലപ്പുഴ: യു പ്രതിഭയുടെ മകനെ കഞ്ചാവ് കേസില്‍ പിടികൂടിയ സംഭവത്തില്‍, എംഎല്‍എയെ പിന്തുണയ്ക്കാന്‍ സിപിഎമ്മിലെ ഒരു നേതാവും തയ്യാറായില്ല. എന്നാല്‍, ഇപ്പോള്‍ സിപിഎം വിട്ട ബിജെപി നേതാവ് ബിപിന്‍ സി ബാബു പ്രതിഭയെ പിന്തുണയ്ക്കുകയും ബിജെപിയിലേക്ക് സ്വാഗതം ചെയ്തിരിക്കുകയുമാണ്.
അമ്മ എന്ന നിലയില്‍ പ്രതിഭയുടെ വികാരത്തെ മാനിക്കണമെന്ന് ബിപിന്‍ ഫേസ്ബുക്ക് പോസറ്റില്‍ പറഞ്ഞു.'കുഞ്ഞുങ്ങളുടെ കയ്യില്‍നിന്ന് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടേല്‍ തന്നെ ഒരു അമ്മ എന്ന നിലയില്‍ അവരുടെ വികാരത്തെ മാനിക്കണമായിരുന്നു.
അവര്‍ വിശ്വസിക്കുന്ന പ്രസ്ഥാനവും യാതൊരു രീതിയിലും അവര്‍ക്ക് പിന്തുണ നല്‍കിയില്ല. അവരെ വളഞ്ഞിട്ട് ആക്രമിച്ച രീതി തികച്ചും അപലപനീയമാണ് . എന്തെങ്കിലും സാഹചര്യത്തില്‍ അവരില്‍ തെറ്റുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തിരുത്തി അവരെ നല്ലതിലേക്ക് നയിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. നാളെയുടെ വാഗ്ദാനങ്ങള്‍ ആണ് അവര്‍. ഇങ്ങനെ ഒരു സാഹചര്യത്തില്‍ കൂടെ നില്‍ക്കേണ്ടവര്‍ പോലും കൂടെ നിന്നില്ല. നാളെയെ കുറിച്ച് ചിന്തിക്കുന്ന ദേശിയതയിലേക്ക് ഞാന്‍ പ്രിയപ്പെട്ട എംഎല്‍എയെ സ്വാഗതം ചെയ്യുന്നു.'-ബിപിന്‍ കുറിച്ചു.
ബിപിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
പ്രിയമുള്ളവരേ , രണ്ട് ദിവസം ആയി ദൃശ്യ മാധ്യമങ്ങളില്‍ കൂടെ ഒരു അമ്മയെയും മകനെയും തേജോവധം ചെയ്തു കൊണ്ടിരിക്കുകയാണ്. ഒന്‍പത് കുട്ടികളുടെ ഭാവി ആണ് ഇതില്‍ കൂടെ നിങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. ആ കുഞ്ഞുങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും മാനസികാവസ്ഥ എന്തെന്ന് ചിന്തിച്ചിട്ടുണ്ടോ ? കുഞ്ഞുങ്ങളുടെ കയ്യില്‍നിന്ന് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടേല്‍ തന്നെ ഒരു അമ്മ എന്ന നിലയില്‍ അവരുടെ വികാരത്തെ മാനിക്കണമായിരുന്നു.
അവര്‍ വിശ്വസിക്കുന്ന പ്രസ്ഥാനവും യാതൊരു രീതിയിലും അവര്‍ക്ക് പിന്തുണ നല്‍കിയില്ല. അവരെ വളഞ്ഞിട്ട് ആക്രമിച്ച രീതി തികച്ചും അപലപനീയമാണ് . എന്തെങ്കിലും സാഹചര്യത്തില്‍ അവരില്‍ തെറ്റുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തിരുത്തി അവരെ നല്ലതിലേക്ക് നയിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. നാളെയുടെ വാഗ്ദാനങ്ങള്‍ ആണ് അവര്‍. ഇങ്ങനെ ഒരു സാഹചര്യത്തില്‍ കൂടെ നില്‍ക്കേണ്ടവര്‍ പോലും കൂടെ നിന്നില്ല. നാളെയെ കുറിച്ച് ചിന്തിക്കുന്ന ദേശിയതയിലേക്ക് ഞാന്‍ പ്രിയപ്പെട്ട എംഎല്‍എയെ സ്വാഗതം ചെയ്യുന്നു.
തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുണ്ടെന്നാണ് യു. പ്രതിഭ എംഎല്‍എയുടെ വാദം. ''മകനെതിരെ കെട്ടിച്ചമച്ച വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സിപിഎമ്മിനെ അപമാനിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. പാര്‍ട്ടിയില്‍ മുഴുവന്‍ ഇത്തരക്കാരാണെന്ന് വരുത്തി തീര്‍ക്കുന്ന തരത്തിലാണ് സൈബര്‍ മേഖലയിലെ ആക്ഷേപങ്ങള്‍. പാര്‍ട്ടിയ്ക്കകത്തു നിന്നും തനിക്കെതിരെ യാതൊരു ഗൂഢാലോചനയും ഇല്ല'' എന്നും പ്രതിഭ പറഞ്ഞു.
മകന്റെ കയ്യില്‍നിന്നു കഞ്ചാവ് പിടികൂടിയിട്ടില്ലെന്നും അറസ്റ്റു വാര്‍ത്ത തെറ്റാണെന്നും മകന്‍ സുഹൃത്തുക്കളുമായി ഒരുമിച്ചിരിക്കുമ്പോള്‍ എക്‌സൈസ് ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നും പ്രതിഭ വിശദീകരിച്ചിരുന്നു. എംഎല്‍എയുടെ മകന്‍ ഉള്‍പ്പെടെ 9 പേരെ 3ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്‌തെന്നാണ് എക്‌സൈസ് ഭാഷ്യം.