പാലക്കാട്ട് സി കൃഷ്ണകുമാര്‍ തന്നെ സ്ഥാനാര്‍ഥി; മണ്ഡലത്തിലെ ബന്ധങ്ങള്‍ തുണയാകുമെന്ന് പ്രതീക്ഷ; വയനാട്ടില്‍ പ്രിയങ്കയെ നേരിടാന്‍ പുതുമുഖം നവ്യ ഹരിദാസ്; ചേലക്കരയില്‍ കെ. ബാലകൃഷ്ണനും; ഉപതിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി

പാലക്കാട്ട് സി കൃഷ്ണകുമാര്‍ തന്നെ സ്ഥാനാര്‍ഥി

Update: 2024-10-19 14:41 GMT

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. വയനാട് ലോകസഭാ ഉപതിരഞ്ഞെടുപ്പില്‍ നവ്യ ഹരിദാസ് സ്ഥാനാര്‍ഥിയാവും. പാലക്കാട് സി. കൃഷ്ണകുമാറും ചേലക്കര കെ. ബാലകൃഷ്ണനുമാണ് മത്സരത്തിത്തിന് ഇറങ്ങുന്നത്. നിലവില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറാണ് നവ്യ. പ്രിയങ്കയെ നേരിടാന്‍ പുതുമുഖത്തെയാണ് ബിജെപി കളത്തിലിറക്കുന്നത്. പാര്‍ട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണ് പട്ടിക പുറത്തുവിട്ടത്.

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രയങ്ക ഗാന്ധിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ സത്യന്‍ മൊകേരിയുടെ സ്ഥാനാര്‍ഥിത്വം സിപിഐ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തിലാണ് ശക്തമായ ത്രികോണ മത്സരം നടക്കുന്നത്. മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിട്ടുവന്ന ഡോ.പി.സരിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസിനായി രാഹുല്‍ മാങ്കൂട്ടത്തിലും സ്ഥാനാര്‍ഥിയാകും. ചേലക്കരയില്‍ യുആര്‍ പ്രദീപാണ് എല്‍ഡിഎഫിന വേണ്ടി രംഗത്തുള്ളത്. രമ്യ ഹരിദാസാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ഇവരെ നേരിടാണ് പ്രാദേശിക നേതാവായ കെ ബാലകൃഷ്ണന്‍ എത്തുന്നത്.

അതേസമയം പാലക്കാട് വലിയ പ്രതീക്ഷയോടെയാണ് ബിജെപി ഇക്കുറി മത്സരിക്കാന്‍ ഇറങ്ങുന്നത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്നു കൃഷ്ണകുമാര്‍. കഴിഞ്ഞ രണ്ടു തവണ മലമ്പുഴ മണ്ഡലത്തില്‍ മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തി. ഒരു തവണ വി.എസ്. അച്യുതാനന്ദനോടായിരുന്നു പരാജയപ്പെട്ടത്.

സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളും മണ്ഡലത്തിലേയ്ക്ക് പറഞ്ഞുകേട്ടിരുന്നെങ്കിലും അവസാന നിമിഷം പാലക്കാട്ടുകാരന്‍ തന്നെയായ കൃഷ്ണകുമാറിന് നറുക്ക് വീഴുകയായിരുന്നു. മണ്ഡലത്തിലെ സ്വാധീനം അടക്കം പരിഗണിച്ചാണ് സി കൃഷ്ണകുമാറിനെ സ്ഥാനാര്‍ഥിയാക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച മെട്രോമാന്‍ ഇ.ശ്രീധരന്‍ ഷാഫി പറമ്പിലിന് പിറകില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ കൃഷ്ണകുമാറായിരുന്നു രണ്ടാമത്. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായാ നവ്യ ഹരിദാസ് കഴിഞ്ഞ രണ്ടു തവണയായി കോഴിക്കോട് കോര്‍പ്പറേഷനിലെ കാരപ്പറമ്പ് വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറാണ്. നിലവില്‍ കൗണ്‍സില്‍ പാര്‍ട്ടി നേതാവാണ്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മത്സരിച്ചിരുന്നു. ഖുശ്ബുവിന്റെ അടക്കം പേരുകള്‍ ഉയര്‍ന്നതിന് ശേഷമാണ് ഇപ്പോല്‍ പുതുമുഖത്തെ ബിജെപി സ്ഥാനാര്‍ഥിയാക്കുന്നത്.

Tags:    

Similar News