തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അധികാരം പിടിക്കുക എന്ന ബിജെപി ലക്ഷ്യം വിജയം കണ്ടു; ലോക്‌സഭയിലെ വോട്ടുശതമാനത്തിന് ഒപ്പം ഉയര്‍ന്നില്ലെങ്കിലും അടുത്ത ഘട്ടത്തില്‍ തലസ്ഥാനത്ത് ലക്ഷ്യം അഞ്ച് സീറ്റുകള്‍; തൃശൂരില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിക്ക് ലഭിച്ച ക്രൈസ്തവ വോട്ടുകള്‍ ഇക്കുറി യുഡിഎഫിന് പോയി; തിരിച്ചു പിടിക്കാന്‍ കെല്‍പ്പുള്ള സ്ഥാനാര്‍ഥികളെ കളത്തിലിറക്കാനും ബിജെപി നീക്കം

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അധികാരം പിടിക്കുക എന്ന ബിജെപി ലക്ഷ്യം വിജയം കണ്ടു

Update: 2025-12-15 07:23 GMT

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അധികാരം പിടിക്കുകയും മറ്റ് രണ്ട് മുന്‍സിപ്പാലിറ്റികളില്‍ ഒറ്റകക്ഷി ആകാകുകയും ചെയ്‌തെങ്കിലും ഇക്കുറി ബിജെപിക്ക് വലിയ നേട്ടം ഉണ്ടായില്ലെന്നാണ് വിലയിരുത്തല്‍. തൃശ്ശൂര്‍ കോര്‍പറേഷനില്‍ അടക്കം ബിജെപി കൂടുതല്‍ മുന്നേറുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, അതുണ്ടായില്ല. തിരുവനന്തപുരം കോര്‍പറേഷനില്‍ വന്‍ മുന്നേറ്റമുണ്ടാക്കിയെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനെക്കാള്‍ വോട്ടുശതമാനം കുറഞ്ഞെന്ന് ബിജെപി വിലയിരുത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20% ആയിരുന്ന വോട്ടു വിഹിതം രണ്ടു ശതമാനം വരെ കുറഞ്ഞു. അതേസമയം അധികാരം പിടിക്കുന്ന നിലയിലേക്ക് പാര്‍ട്ടി എത്തിയതില്‍ സന്തോഷമുണ്ട്. ഇനി നിയമസഭ ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് ബിജെപി നടക്കുന്നത്.

തിരുവനന്തപുരം കോര്‍പറേഷനിലെ വിജയവും കോഴിക്കോട് , കൊല്ലം കോര്‍പറേഷനുകളിലെ മുന്നേറ്റവും എടുത്തു പറയാനുണ്ടെങ്കിലും സംസ്ഥാനത്ത് ബിജെപിയുടെ വോട്ടുശതമാനം കുറഞ്ഞെന്നാണ് പ്രാഥമിക കണക്കുകള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് ലഭിച്ച 20% വോട്ട് എന്നത് 18%ത്തിലേക്ക് താഴ്ന്നു. കയ്യിലുണ്ടായിരുന്ന 600 വാര്‍ഡുകള്‍ നഷ്ടപ്പെട്ടു. പുതിയത് നേടാനുള്ള ശ്രമത്തില്‍ കയ്യിലുള്ളത് പോകാതിരിക്കാനുള്ള ജാഗ്രതയുണ്ടായില്ല. നിലവില്‍ 2000 വാര്‍ഡുകളിലാണ് ജയിച്ചത്. 1500ലേറെ സീറ്റുകള്‍ ചെറിയ വോട്ടിന് നഷ്ടമായി. ഇതെല്ലാം കൂടി 4000 സീറ്റുകള്‍ ലഭിക്കേണ്ടതായിരുന്നു എന്നാണ് ബിജെപിയുടെ കണക്കൂകൂട്ടല്‍.

തൃശൂരില്‍ മുന്നേറാന്‍ കഴിയാത്തതിലും ബിജെപി സംസ്ഥാന നേതൃത്വം അസ്വസ്ഥരാണ്. തൃശൂരില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച ക്രൈസ്തവ വോട്ടുകള്‍ ഇപ്പോള്‍ കിട്ടിയില്ല. ഈവോട്ടുകള്‍ ഇക്കുറി യുഡിഎഫിലേക്കാണ് മാറിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ വോട്ടുകള്‍ സമാഹരിക്കാന്‍ കെല്‍പ്പുള്ള സ്ഥാനാര്‍ഥികളെ കളത്തില്‍ ഇറക്കാനാണ് ബിജെപി പദ്ധതിയിരുന്നത്.

അഞ്ച് കോര്‍പറേഷനുകളിലുമായി 94 സീറ്റുകളാണ് ബിജെപി ജയിച്ചത്. അന്‍പത് സീറ്റുകളില്‍ രണ്ടാംസ്ഥാനത്തെത്തി. നഗരസഭകളില്‍ 380 വാര്‍ഡുകള്‍ നേടി അഞ്ഞൂറിലേറെ സീറ്റുകളില്‍ ജയസാധ്യതയ്‌ക്കൊപ്പമെത്തി. അതുകൊണ്ടുതന്നെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നഗര കേന്ദ്രീകൃതമായ 35 നിയോജകമണ്ഡലങ്ങളില്‍ കാര്യമായി ശ്രദ്ധിക്കാനും പ്രത്യേകം പ്രഭാരിമാരെ നിയോഗിച്ച് പ്രവര്‍ത്തനത്തിന് ഇറങ്ങാനുമാണ് തീരുമാനം. അതോടൊപ്പം ബിജെപിയ്ക്ക് ഭരണം കിട്ടാനിടയുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് ബിജെപിയെ മറിച്ചാല്‍ ബിജെപി നിര്‍ണായകമാകുന്ന ഇടങ്ങളില്‍ വോട്ടിങ്ങില്‍ നിന്ന് മാറിനില്‍ക്കാതെ ശക്തി തെളിയിക്കണമെന്നും തീരുമാനമുണ്ട്.

തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലെ 5 നിയമസഭാ മണ്ഡലങ്ങളിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു നേട്ടമുണ്ടായിട്ടുണ്ട്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ബിജെപിക്കൊപ്പം യുഡിഎഫും മുന്നേറി. നേമത്തും വട്ടിയൂര്‍ക്കാവിലും എല്‍ഡിഎഫിന് വലിയ ക്ഷീണമുണ്ടായി. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ചില വാര്‍ഡുകളില്‍ വോട്ട് മറിച്ചെന്ന ആരോപണവുമായി വി.കെ.പ്രശാന്ത് എംഎല്‍എ രംഗത്തെത്തി. എല്‍ഡിഎഫിന് മുന്‍തൂക്കം ലഭിച്ചത് തിരുവനന്തപുരം നിയോജക മണ്ഡലത്തില്‍ മാത്രമാണെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു.

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ 11 വാര്‍ഡുകള്‍ ബിജെപി നേടി. യുഡിഎഫിന് 10 വാര്‍ഡുകള്‍ ലഭിച്ചു. 3 വാര്‍ഡുകളില്‍ മാത്രമാണ് എല്‍ഡിഎഫ് വിജയിച്ചത്. മന്ത്രി വി.ശിവന്‍കുട്ടി പ്രതിനിധീകരിക്കുന്ന നേമത്ത് 15 വാര്‍ഡുകള്‍ ബിജെപി ലഭിച്ചപ്പോള്‍ എല്‍ഡിഎഫിന് കിട്ടിയത് 5 എണ്ണം. ഒരിടത്ത് യുഡിഎഫ് വിജയിച്ചു.

കഴക്കൂട്ടം മണ്ഡലത്തിലെ 13 വാര്‍ഡുകള്‍ ബിജെപി നേടിയപ്പോള്‍ എല്‍ഡിഎഫ് 9 ഇടത്ത് വിജയിച്ചു. യുഡിഎഫിന് ഇവിടെ രണ്ടു വാര്‍ഡുകള്‍ മാത്രമാണ് ലഭിച്ചത്. തിരുവനന്തപുരം മണ്ഡലത്തില്‍ എല്‍ഡിഎഫും ബിജെപിയും ഒപ്പത്തിനൊപ്പമാണ്. 8 വീതം വാര്‍ഡുകളാണ് 2 മുന്നണികളും നേടിയത്. 5 ഇടത്ത് യുഡിഎഫ് വിജയിച്ചു. ഭാഗികമായി കോര്‍പറേഷന്‍ വാര്‍ഡുകളുള്ള കോവളം മണ്ഡലത്തിലും എല്‍ഡിഎഫും ബിജെപിയും ഏകദേശം ഒരു പോലെയാണ് വാര്‍ഡുകള്‍ നേടിയത്.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ അഞ്ച് സീറ്റുകള്‍ പിടിക്കുക എന്നതാണ് ബിജെപി ലക്ഷ്യം. തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, നേമം, കാട്ടാക്കട മണ്ഡലങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുക. എ കാറ്റഗറിയില്‍ പരിഗണിച്ച മണ്ഡലങ്ങളില്‍ അടക്കം ബിജെപി വിശദമായ പ്ലാനിംഗുമായി മുന്നോട്ടു പോകുകയാണ്.

അതേസമയം തിരുവനന്തപുരത്ത് അധികാരം ഉറപ്പിക്കാന്‍ വേണ്ടി കേവല ഭൂരിപക്ഷം തികയ്ക്കാന്‍ ലക്ഷ്യമിട്ട്, സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിച്ചവര്‍ക്കു പിന്നാലെ ബിജെപി നീങ്ങുന്നുണ്ട്. ഇനി വോട്ടെടുപ്പ് നടത്താനുള്ള വിഴിഞ്ഞം ബിജെപിക്കു പ്രതീക്ഷയുള്ള വാര്‍ഡ് അല്ല. 2 സ്വതന്ത്രരില്‍ ഒരാളെയെങ്കിലും ഒപ്പം കൂട്ടാനാണു ബിജെപിയുടെ ശ്രമം. ഒരാളുമായി പ്രാദേശിക നേതൃത്വം അനൗദ്യോഗിക ചര്‍ച്ച നടത്തി. അതേസമയം, പാര്‍ട്ടി വിമതനായാണു മത്സരിച്ചതെങ്കിലും പൗണ്ട് കടവ് വാര്‍ഡില്‍ വിജയിച്ച എസ്.സുധീഷ് കുമാറിനെ ഒപ്പം കൂട്ടാന്‍ യുഡിഎഫ് ശ്രമിക്കുന്നുണ്ട്. കണ്ണമ്മൂല വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണനാണ് രണ്ടാമന്‍.

തിരഞ്ഞെടുപ്പ് നടത്തിയ 100 ല്‍ 50 വാര്‍ഡ് ബിജെപി നേടി. എല്‍ഡിഎഫ് 29, യുഡിഎഫ് 19 വീതം സീറ്റ് നേടി. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ ബിജെപിക്ക് കോര്‍പറേഷന്‍ ഭരിക്കാം. കേവല ഭൂരിപക്ഷം തികയാത്തത് ഭാവിയില്‍ വെല്ലുവിളിയാകുമെന്ന വിലയിരുത്തലിലാണ് അംഗ സംഖ്യ 51 ആക്കാന്‍ സ്വതന്ത്രരുടെ പിന്തുണയ്ക്കു ശ്രമിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, എല്‍ഡിഎഫും യുഡിഎഫും ഒരുമിക്കാന്‍ സാധ്യതയില്ലെങ്കിലും സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ഇരു മുന്നണികള്‍ക്കും പിന്തുണ നല്‍കിയാല്‍ തിരിച്ചടിച്ചേക്കുമെന്നാണ് ബിജെപി വിലയിരുത്തല്‍. സ്വതന്ത്ര സ്ഥാനാര്‍ഥികളില്‍ ഒരാളെ മേയര്‍ സ്ഥാനത്തു നിര്‍ത്തി പുറത്തു നിന്ന് പിന്തുണ നല്‍കിയാല്‍ എല്‍ഡിഎഫ് യുഡിഎഫ് കൂട്ടുകെട്ട് എന്ന ആരോപണം ശക്തമായി ഉന്നയിക്കാനും കഴിയില്ല. തിരുവനന്തപുരത്ത് മേയര്‍ ആരെന്ന കാര്യത്തില്‍ അടക്കം പാര്‍ട്ടി തീരുമാനം എടുക്കാനിരിക്കയാണ്. മുന്‍ ഡിജിപി ആര്‍.ശ്രീലേഖക്കാണ് കൂടുതല്‍ സാധ്യത.

Tags:    

Similar News