വഖഫ് ബാധ്യത പിണറായി സര്‍ക്കാരിന്റെ കോര്‍ട്ടിലേക്ക് അടിച്ചിട്ട് രാജീവ് ചന്ദ്രശേഖര്‍; നിയമം പാസ്സായി ഇനി മുനമ്പത്തെ ജനങ്ങളുടെ റവന്യു അവകാശങ്ങള്‍ സ്ഥാപിക്കാന്‍ വൈകരുതെന്ന പ്രസ്താവന കൃത്യമായ ലക്ഷ്യത്തോടെ; നന്ദി മോദി കൂട്ടായ്മ നടത്തി മൈലേജ് എടുക്കും: വഖഫ് നിയമം മുനമ്പത്തിന് ഗുണമില്ലെന്ന ആരോപണങ്ങള്‍ക്കിടെ നാടകീയ രാഷ്ട്രീയ നീക്കങ്ങളുമായി ബിജെപി

വഖഫ് ബാധ്യത പിണറായി സര്‍ക്കാരിന്റെ കോര്‍ട്ടിലേക്ക് അടിച്ചിട്ട് രാജീവ് ചന്ദ്രശേഖര്‍

Update: 2025-04-09 02:05 GMT

തിരുവനന്തപുരം: പാര്‍ലമെന്റ് പാസ്സാക്കിയ വഖഫ് ഭേദഗതി നിയമം ഇന്നലെയാണ് രാജ്യത്തില്‍ പ്രാബല്യത്ിതല്‍ വന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കുകയാണ് ഉണ്ടായത്. നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ ഉടന്‍ രൂപീകരിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഇതോടെ ഇനി മുതല്‍ വഖഫുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പുതിയ നിയമ പ്രകാരമാകും മുന്നോട്ടു പോകുക. മുനമ്പം വിഷയം പരിഹരിക്കാന്‍ പുതിയ സാഹചര്യത്തില്‍ സാധിക്കമെന്നാണ് ബിജെപി അവകാശപ്പെടുന്നത്.

വഖഫ് വിഷയത്തില്‍ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ റവന്യൂ വകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കം ആവശ്യപ്പെടുന്നത്. ഇത് മുനമ്പം വിഷയത്തില്‍ തുടര്‍ നടപടി പിണറായി സര്‍ക്കാര്‍ കൈക്കൊള്ളട്ടെ എന്ന തീരുമാനത്തില്‍ നിന്നുമാണ്. വഖഫ് ബാധ്യത പിണറായി സര്‍ക്കാരിന്റെ കോര്‍ട്ടിലേക്ക് അടിച്ചാണ് ബിജെപി ഇവിടെ രാഷ്ട്രീയ കളത്തിലേക്ക് ഇറങ്ങുന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടെ തന്നെയാണ് രാജീവിന്റെ പ്രസ്താവനയും.

വഖഫ് ഭേദഗതി നിയമം യാഥാര്‍ഥ്യമാക്കിയതിലൂടെ, മുനമ്പത്തെ ജനങ്ങളുടെ സ്വത്തവകാശം സംരക്ഷിക്കുന്നതിനുള്ള ചരിത്രപരവും നിര്‍ണായകവുമായ തീരുമാനമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ ഗസറ്റില്‍ ഔദ്യോഗികമായി വിജ്ഞാപനം ചെയ്തിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.

''നിയമം നടപ്പിലാക്കുന്നതിനായി ജനങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുമ്പോള്‍, പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ട സെക്ഷന്‍ 2എ അനുസരിച്ച് മുനമ്പം നിവാസികളുടെ റവന്യു അവകാശങ്ങള്‍ പുന:സ്ഥാപിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ കൈക്കൊള്ളണം. സൊസൈറ്റികള്‍ക്കോ, ട്രസ്റ്റുകള്‍ക്കോ ഒരു പ്രത്യേക കാര്യത്തിനായി നല്‍കിയിട്ടുള്ള വസ്തുക്കള്‍ വഖഫ് ബോര്‍ഡിന് അവകാശപ്പെടാന്‍ കഴിയില്ലയെന്നു സെക്ഷന്‍ 2എ പ്രകാരം വ്യക്തമായതിനാല്‍, സ്ഥലത്തിന്റെ ഉടമസ്ഥാവകാശം മുനമ്പം ജനതയില്‍ തന്നെ നിക്ഷിപ്തമാണ്. ഈ സാഹചര്യത്തില്‍ റവന്യു അവകാശം പുനഃസ്ഥാപിക്കുക എന്ന കാര്യം മാത്രമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ ഇനിയെങ്കിലും പ്രീണന രാഷ്ട്രീയം അവസാനിപ്പിക്കണം. മുനമ്പം നിവാസികളെ ഇനിയും കൂടുതല്‍ ദുരിതത്തിലാക്കരുത്. ശാശ്വതമായൊരു പരിഹാരമാണ് മുനമ്പത്തുകാര്‍ പ്രതീക്ഷിക്കുന്നത്.'' രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

അതേസമയം വഖഫ് നിയമ ഭേദഗതി ബില്‍ നിയമമാക്കിയതിന്റെ നന്ദി സൂചകമായി മുനമ്പത്തു നടത്തുന്ന 'നന്ദി മോദി ബഹുജനകൂട്ടായ്മ' ഏപ്രില്‍ 15ന് കേന്ദ്ര ന്യൂനപക്ഷ - പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു ഉദ്ഘാടനം ചെയ്യും. വഖഫ് നിയമം എങ്ങനെയാണ് മുനമ്പത്തിന് ഗുണകരമായി വഹിക്കു എന്ന് മന്ത്രി വിശദീകരിച്ചേക്കും.

മുനമ്പത്തുള്‍പ്പടെയുള്ള ആയിര കണക്കിന് പേരെ സുരക്ഷിതമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനും നന്ദി പ്രകടിപ്പിച്ചു കൊണ്ടാണ് എന്‍ഡിഎയുടെ നേതൃത്വത്തില്‍ ബഹുജനക്കൂട്ടായ്മ സംഘടിപ്പിക്കുന്നതെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് കെ.എസ്. ഷൈജു അറിയിച്ചു. ഏപ്രില്‍ 15ന് വൈകീട്ട് 4 മണിക്ക് നടക്കുന്ന പരിപാടിയിലേക്ക് ജാതി മത രാഷ്ട്രീയത്തിന് അതീതമായി സംഘടിപ്പിക്കുന്ന ബഹുജന കൂട്ടായ്മയില്‍ എന്‍ഡിഎ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുമെന്നും കെ.എസ്.ഷൈജു പറഞ്ഞു.

മുനമ്പം വിഷയം സജീവമാക്കിയതോടെ ക്രൈസ്തവ വോട്ടുകളിലേക്ക് കടന്നു കയറാന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ തുടര്‍ന്നും മുനമ്പം വിഷയം സജീവമാക്കി നിര്‍ത്താനാണ് ബിജെപി ശ്രമം. തദ്ദേശ തിരഞ്ഞെടുപ്പില്‍ അടക്കം അത് ഗുണകരമാകുമെന്നാണ് കണക്കുകൂട്ടല്‍. നേരത്തെ രാജീവ് ചന്ദ്രശേഖര്‍ മുനമ്പം സന്ദര്‍ശിച്ചിരുന്നു. മുനമ്പത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നു ബിജെപി വാക്ക് നല്‍കിയതാണ്. ആ ഉറപ്പ് പാലിക്കുമെന്നു അദ്ദേഹം ആവര്‍ത്തിച്ചിരുന്നു. ഈ സമയം 50 പേര്‍ ബിജെപി അംഗത്വം സ്വീകരിക്കുകയും ഉണ്ടായി.

നിയമത്തില്‍ പാസാക്കിയ വഖഫ് ആക്ടിന്റെ രണ്ടാം സെക്ഷനിലെ ഭേദഗതിയാണ് മുനമ്പത്തുകാരുടെ പ്രശ്നം പരിഹരിക്കുക. ഇതാണ് മുനമ്പകാര്‍ക്ക് വേണ്ടി നിയമ പോരാട്ടം നടത്തിയ ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നത്. ഏതെങ്കിലും ഒരു വ്യക്തി ഭൂമി വഖഫ് നല്‍കുമ്പോള്‍ അതിന് കണ്ടീഷന്‍ പാടില്ലെന്നാണ് വ്യക്തമാകകുന്നത്. കൂടാതെ സൊസൈറ്റികള്‍ക്കായി നല്‍കിയാല്‍ അത് വഖഫ് ആകില്ല. മുനമ്പത്തെ ഭൂമി ഫറൂഖ് കോളേജിന് വിദ്യാഭ്യാസ ആവശ്യത്തിന് ഉുപയോഗിക്കാന്‍ എന്ന നിര്‍ദേശത്താലാണ് സിദ്ധിഖ് സേട്ടു നല്‍കിയത്. അങ്ങനെ വരുമ്പോള്‍ ഇത് വഖഫ് ഭൂമിയായില്ലെന്നതാണ് വാദം. ഇതാണ് മുനമ്പത്തുകാര്‍ക്ക് പ്രതീക്ഷക്ക് ഇട നല്‍കുന്ന കാര്യം.

ജെപിസി റിപ്പോര്‍ട്ടിലെ 144-ാം പേജില്‍ വഖഫ് ആക്ടിന്റെ രണ്ടാം സെക്ഷനോടു കൂട്ടിച്ചേര്‍ക്കാനായി ഒരു പ്രൊവീസോ നിര്‍ദേശിക്കുന്നുണ്ട്. പുതിയ പ്രൊവീസോ മുന്നോട്ടു വയ്ക്കുന്ന ഒഴിവാക്കല്‍ നിര്‍ദേശമാണ് മുനമ്പംകാരുടെ പരിഹാരം. സെക്ഷന്‍ 2 എയില്‍ പാര്‍ലമെന്റ് പാസാക്കിയ ആ ഭേദഗതിയോടെ മുനമ്പംകാരുടെ പ്രശ്നം ഇനി സത്വരമായും ശാശ്വതമായും പരിഹരിക്കപ്പെടും.

പരിഷ്‌കരിച്ച നിയമത്തിലെ രണ്ടാം സെക്ഷന്റെ കീഴില്‍ താഴെപ്പറയുന്ന വ്യവസ്ഥകൂടി ഉണ്ട്: 'ഏതെങ്കിലും കോടതിവിധി, ഡിക്രി, ഉത്തരവ് എന്നിവ നിലവിലുണ്ടായാല്‍പോലും, ഈ നിയമം വരുന്നതിന് മുമ്പോ ശേഷമോ നിയമാനുസരണം രജിസ്റ്റര്‍ ചെയ്യപ്പെട്ട ട്രസ്റ്റുകള്‍ക്കോ (അത് എന്തു പേരില്‍ അറിയപ്പെട്ടാലും) ഏതെങ്കിലും സ്റ്റാറ്റിയൂട്ടറി ബോഡിക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ധര്‍മസ്ഥാപനങ്ങള്‍ക്കോ ഒരു മുസ്ലിം നല്‍കിയ/നല്‍കുന്ന സമര്‍പ്പണത്തിന് - അതിന്റെ ഉദ്ദേശ്യം വഖഫിലേതുപോലെ മതപരം, ജീവകാരുണ്യപരം, ഭക്തിപരം എന്നിവ ആയിരുന്നാല്‍പോലും-വഖഫ് നിയമം ബാധകമായിരിക്കുന്നതല്ല.'

ഇതു പ്രകാരം, വഖഫിനു സമാനമായ രീതിയില്‍ മുസ്ലിം പൗരന്മാര്‍ എന്തെങ്കിലും സമര്‍പ്പണങ്ങള്‍ അത്തരം ട്രസ്റ്റ് / സൊസൈറ്റി / മറ്റ് സ്റ്റാറ്റിയൂട്ട് പ്രകാരം നിലവിലുള്ള സ്ഥാപനങ്ങള്‍ എന്നിവയിലാണ് നടത്തിയിട്ടുള്ളതെങ്കില്‍ അവയെല്ലാം മുന്‍കാല പ്രാബല്യത്തോടെ തന്നെ വഖഫ് ആക്ടിന്റെ പരിധിക്ക് പുറത്തായിരിക്കും. ഇവിടെയാണ് ബില്ലിന് മുന്‍കാല പ്രാബല്യം ഇല്ലെങ്കിലും വ്യവസ്ഥകളിലേക്ക് കടക്കുമ്പോള്‍ മുന്‍കാല പ്രാബല്യം വരുന്നത്.

പുതിയ നിയമ പാസായതോടെ്, വഖഫ് ബോര്‍ഡിന് അത്തരം വസ്തുക്കളില്‍ അവകാശം ഉന്നയിക്കാന്‍ കഴിയില്ല. ഇതാണ് പുതിയ നിര്‍ദേശത്തിന്റെ ഉള്ളടക്കം. ഷിയാ മുസ്ലിംകളിലെ ന്യൂനപക്ഷ വിഭാഗമായ ദാവൂദി ബോറാ സമുദായാംഗങ്ങളുടെ അഭ്യര്‍ഥനയാണ് രണ്ടാം സെക്ഷനില്‍ പുതിയ ഈ വ്യവസ്ഥ കൂട്ടിച്ചേര്‍ക്കാന്‍ ജെപിസിയെ പ്രേരിപ്പിച്ചത്.

വഖഫ് ആക്ടിന്റെ 13-ാം സെക്ഷന്‍ ഭേദഗതി വരുത്തി, ഷിയാ വഖഫ് ബോര്‍ഡ്, സുന്നി വഖഫ് ബോര്‍ഡ് എന്നീ രണ്ടു സ്വതന്ത്ര ബോര്‍ഡുകള്‍ക്കു പുറമേ ബോറാ വഖഫ് ബോര്‍ഡ്, അഗാഖാനീ വഖഫ് ബോര്‍ഡ് എന്നിവ കൂടി സൃഷ്ടിക്കാനുള്ള ഭേദഗതി ബില്ലിലെ നിര്‍ദേശത്തെ തുടര്‍ന്നാണ് ബോറാ സമൂഹം ജെപിസിക്കു മുമ്പില്‍ തങ്ങളുടെ സ്വത്വ സവിശേഷതകള്‍ ചൂണ്ടിക്കാട്ടി, തങ്ങളുടെ പാരമ്പര്യപ്രകാരം മതപരമോ ജീവകാരുണ്യപരമോ ഭക്തിപരമോ ആയ സമര്‍പ്പണങ്ങള്‍ ട്രസ്റ്റിന്റെ രൂപത്തില്‍ ഒരു ആത്മീയ നേതാവിന്റെ കീഴിലാണ് കൈകാര്യം ചെയ്യപ്പെടുന്നതെന്നു വ്യക്തമാക്കിയത്.

ഇതിന്റെ വെളിച്ചത്തിലാണ് പാര്‍ലമെന്ററി കമ്മിറ്റി ഇത്തരം ഒരു വ്യവസ്ഥ രണ്ടാം സെക്ഷന്റെ ഭാഗമായി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. പക്ഷേ, അത് ബോറാ കമ്യൂണിറ്റിക്കു മാത്രമല്ല, എല്ലാ ട്രസ്റ്റുകള്‍ക്കും സൊസൈറ്റികള്‍ക്കും ബാധമാക്കി എന്നിടത്താണ് മുനമ്പത്ത് അടക്കം പ്രതീക്ഷ എത്തുന്നത്. പുതിയ നിയമത്തോടെ ഫറൂഖ് കോളജിനും അതിലൂടെ മുനമ്പത്തുകാര്‍ക്കും തികച്ചും അനുകൂലമായ സാഹചര്യമാണ് വന്നുചേരുന്നത്.

ഇന്ത്യയില്‍ 1860ല്‍ നിലവില്‍ വരുകയും 1960ല്‍ ഭേദഗതി ചെയ്യപ്പെടുകയും ചെയ്ത സൊസൈറ്റി രജിസ്ട്രേഷന്‍ നിയമത്തിനു കീഴിലാണല്ലോ ഫാറൂഖ് കോളജ് ഒരു സൊസൈറ്റിയായി ആരംഭകാലം മുതലേ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ആ കോളജിന്റെ പേരില്‍ 1950ല്‍ സിദ്ദിഖ് സേട്ടു എഴുതി നല്‍കിയ ഭൂമി വഖഫ് ആണെന്ന് വഖഫ് ബോര്‍ഡും വഖഫ് അല്ലെന്ന് ഫാറൂഖ് കോളജും മുനമ്പംകാരും നിലപാടെടുത്തിരിക്കുന്നു. ഇതു സംബന്ധിച്ച കേസ് വഖഫ് ട്രൈബ്യൂണലില്‍ നടക്കുകയാണ്.

ട്രൈബ്യൂണലില്‍ പെന്‍ഡിങ് ആയ കേസിന് 2 എ ബാധകമാകില്ല എന്നു ചിലര്‍ വാദിക്കുന്നുണ്ട്. അത് തികച്ചും യുക്തിരഹിതമായ ഒരു വാദമാണെന്ന് 'ഏതെങ്കിലും കോടതിവിധി, ഡിക്രി, ഉത്തരവ് എന്നിവ നിലവിലുണ്ടായാല്‍പോലും' എന്ന പ്രൊവിസോയിലെ ക്ലോസ് വ്യക്തമാക്കുന്നു. സിദ്ധിഖ് സേട്ടു നല്‍കിയ ഭൂമി ഫാറൂഖ് കോളജ് എന്ന സൊസൈറ്റിയുടെ സ്വകാര്യ ഭൂമിയായി മാത്രമേ ആരംഭം മുതല്‍ പരിഗണിക്കപ്പെടുകയുള്ളൂ.

അത് വഖഫ് ആയിരിക്കുകയില്ല. ചുരുക്കിപ്പറഞ്ഞാല്‍, 1950ലെ ഡീഡ വെളിവാക്കുന്നതുപോലെ തന്നെ, ഫാറൂഖ് കോളജിന് ക്രയവിക്രയ സര്‍വസ്വാതന്ത്ര്യമുള്ള ഒരു വസ്തുവാണ് നിലവിലുള്ള 114 ഏക്കര്‍ കരയും 60 ഏക്കര്‍ വെള്ളവും. അത് വഖഫാണ് എന്ന ബോര്‍ഡിന്റെ അവകാശത്തിന് അറുതിവരുത്തുന്ന ഭേദഗതിയാണ് പാര്‍ലമെന്റില്‍ പാസായതും രാഷ്ട്രപതി ബില്ലില്‍ ഒപ്പുവെച്ചതും. പുതിയ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തില്‍ ഇനി സംസ്ഥാന സര്‍ക്കാറിന്റെ റവന്യൂ വകുപ്പാണ് തുടര്‍ കാര്യങ്ങള്‍ തീരമാനിക്കേണ്ടത്. അതിന് സര്‍ക്കാര്‍ തയ്യാറാകുമോ എന്നതാണ് അറിയേണ്ട കാര്യം. ഇവിടെയാണ് ബിജെപി അടുത്തഘട്ട പ്രക്ഷോഭത്തിലേക്കും നീങ്ങുക. സംസ്ഥാന സര്‍ക്കാറിനെ കൂടുതല്‍ സമ്മര്‍ദ്ദത്തില്‍ ആക്കാനാകും ശ്രമം.

Tags:    

Similar News