രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കൊലവിളി പ്രസംഗം: ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; പ്രശാന്ത് ശിവനും ഓമനക്കുട്ടനുമെതിരെ കേസ്; പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് വീഡിയോ തെളിവുകള്‍ പരിശോധിച്ച ശേഷം
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കൊലവിളി പ്രസംഗം

പാലക്കാട്: കൊലവിളി പ്രസംഗത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിനെതിരായ കൊലവിളി പ്രസംഗത്തിലാണ് ബിജെപി നേതാക്കള്‍ക്കെതിരെ പൊലീസ് കേസ് എടുത്തത്. ബിജെപി ജില്ല അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഓമനക്കുട്ടന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. വീഡിയോ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് നടപടി.
ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ വ്യാപക പ്രതിഷേധം നടന്നിരുന്നു. തുടര്‍ന്ന് ഇന്ന് ഓമനക്കുട്ടനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ് പാലക്കാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി വി സതീഷാണ് പരാതി നല്‍കിയത്. കഴിഞ്ഞദിവസം എംഎല്‍എ ഓഫീസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധത്തിനിടയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ഓമനക്കുട്ടന്റെ ഭീഷണി പ്രസംഗം.
രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരെ കൊലക്കേസ് പ്രതിയായ ബി.ജെ.പി പാലക്കാട് ഈസ്റ്റ് ജില്ല പ്രസിഡന്റ് പ്രശാന്ത് ശിവന്‍ കൊലവിളി ഭീഷണി മുഴക്കിയിട്ടും കേസെടുക്കാന്‍ പിണറായി പൊലീസിന് ധൈര്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം ആരോപിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ മത്സരിച്ച പ്രശാന്ത് ശിവന്‍ നാമനിര്‍ദ്ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഉള്ള വിവരങ്ങള്‍ അടക്കം പുറത്തുവിട്ടാണ് ബല്‍റാമിന്റെ ചോദ്യം.
'17 ക്രിമിനല്‍ കേസുകളുടെ വിശദാംശങ്ങളാണിതില്‍. സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് നേരെ വരുന്നപോലത്തെ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ മാത്രമല്ല ഇയാള്‍ക്കെതിരെ ഉള്ളത്. അതിലൊരു കേസ് ക്രൂരമായ ഒരു കൊലപാതക കേസാണ്, 2012 ലെ അലക്‌സ് വധക്കേസ്. 'ന്യായവിരുദ്ധമായി സംഘം ചേര്‍ന്ന് പരിക്കേല്‍പ്പിച്ച ശേഷം കൊലപ്പെടുത്തി തെളിവ് നശിപ്പിച്ചു' എന്നതില്‍ 302 കജഇ അടക്കമുള്ള ഗുരുതര വകുപ്പുകളില്‍ വിചാരണ നേരിടുകയാണ് ഈ ക്രിമിനല്‍. ജീവപര്യന്തം കഠിനതടവോ ഒരുപക്ഷേ വധശിക്ഷ തന്നെയോ വിധിക്കപ്പെടാവുന്ന ഒരു കൊലപാതകക്കേസ് പ്രതിയായ ഈ ഗുണ്ടാ നേതാവാണ് ജാമ്യത്തിലിറങ്ങി ഇപ്പോള്‍ ബി.ജെ.പിയുടെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തിരുന്ന് പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആവര്‍ത്തിച്ച് കൊലവിളി മുഴക്കുന്നത്. എന്നിട്ടും അയാള്‍ക്ക് നേരെ കേസെടുക്കാനോ ചെറുവിരല്‍ അനക്കാനോ പിണറായി പൊലീസിന് ധൈര്യമില്ല. എന്തൊരു ആഭ്യന്തര വകുപ്പാണ് ഈ കേരളത്തിലേത്!' -ബല്‍റാം ചോദിക്കുന്നു.
പാലക്കാട് നഗരസഭ ആരംഭിക്കുന്ന നൈപുണ്യ വികസനകേന്ദ്രത്തിന് ആര്‍.എസ്.എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കാനുള്ള നീക്കമാണ് പാലക്കാട് കോണ്‍ഗ്രസ്-ബി.ജെ.പി വാക്‌പോരിലേക്കും കൊലവിളിയിലേക്കും എത്തിച്ചത്. ആര്‍.എസ്.എസ് നേതാക്കളെ അവഹേളിച്ചാല്‍ എം.എല്‍.എയെ പാലക്കാട്ട് കാല്‍ കുത്താന്‍ അനുവദിക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രശാന്ത് ശിവന്‍ ഭീഷണി മുഴക്കിയിരുന്നു. ഭിന്നശേഷി വിദ്യാര്‍ഥികളോട് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജില്ല കമ്മിറ്റി നടത്തിയ മാര്‍ച്ചില്‍ ബി.ജെ.പി ജില്ല ജനറല്‍ സെക്രട്ടറി എ.കെ. ഓമനക്കുട്ടനും ഇന്നലെ ഭീഷണി മുഴക്കിയിരുന്നു. പാലക്കാട്ട് കാല്‍ കുത്താന്‍ അനുവദിക്കില്ലെന്ന് മേല്‍ഘടകം തീരുമാനിച്ചാല്‍ പിന്നെ രാഹുലിന്റെ കാല്‍ തറയിലുണ്ടാകില്ലെന്നും തല ആകാശത്ത് കാണേണ്ടിവരുമെന്നുമായിരുന്നു ഇയാളുടെ ഭീഷണി.
തുടര്‍ന്ന് പ്രശ്‌നം അവസാനിപ്പിക്കാന്‍ ബി.ജെ.പിക്കാരുമായി ചര്‍ച്ച നടത്തണമെന്ന് കോണ്‍ഗ്രസ് നേതാക്കളോട് പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍, കാല് വെട്ടുമെന്നും തലയെടുക്കുമെന്നും പറഞ്ഞ ബി.ജെ.പിക്കാരുമായി ചര്‍ച്ച നടത്തി തീരുമാനിക്കാന്‍ ഒന്നുമില്ലെന്നും കേസെടുക്കുകയാണ് വേണ്ടതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ പ്രതികരിച്ചു. കാലെടുക്കുമെന്ന് പറഞ്ഞ് ഭീഷണി മുഴക്കിയതും തലയെടുക്കും എന്ന് പറഞ്ഞതും കോണ്‍ഗ്രസ് ഓഫിസിലേക്കും എം.എല്‍.എ ഓഫിസിലേക്കും അക്രമം നിറഞ്ഞ മാര്‍ച്ച് നടത്തിയതും ചര്‍ച്ച ചെയ്ത് പരിഹരിക്കണോയെന്ന് രാഹുല്‍ ചോദിച്ചു.
'എന്ന് തൊട്ടാണ് കേരള പൊലീസ് ചായയും ബിസ്‌ക്കറ്റും നല്‍കി നാട്ടുകൂട്ടം മധ്യസ്ഥപ്പണി തുടങ്ങിയത്? നമുക്കവരുടെ മധ്യസ്ഥതയൊന്നും വേണ്ട. ക്രമസമാധാന പ്രശ്‌നം പരിഹരിക്കാനാണ് ഇവിടെ പൊലീസ്. അതല്ലാതെ ബി.ജെ.പിയുമായി അടച്ചിട്ട മുറിയില്‍ ചായയും ബിസ്‌ക്കറ്റും കഴിക്കാന്‍ തല്‍ക്കാലം കോണ്‍ഗ്രസിനെ കിട്ടില്ല. അതിന് സൗകര്യമില്ല. അവരുമായി ചായ കുടിക്കാനില്ല. പൊലീസ് ലോ ആന്‍ഡ് ഓര്‍ഡര്‍ നിയമപരമായി പരിഹരിച്ചാല്‍ മതി. അല്ലാത്ത പണി പൊലീസ് ചെയ്യണ്ട. കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും ഒന്നിച്ചിരുത്തി പ്രശ്‌നം പരിഹരിക്കാമെന്നാണ് പൊലീസ് പറയുന്നത്. അങ്ങനെ തീര്‍ക്കണ്ട. രാജ്യത്ത് നിയമവ്യവസ്ഥ ഉണ്ടല്ലോ. അതനുസരിച്ച് തീര്‍ക്കട്ടെ. ഞങ്ങള്‍ ഭീഷണി മുഴക്കിയാല്‍ ഞങ്ങള്‍ക്കെതിരെ കേസെടുത്തോളൂ. എത്രയോ പ്രകോപനകരമായ സാഹചര്യങ്ങള്‍ മുമ്പും കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. എപ്പോഴെങ്കിലും ജനപ്രതിനിധിയുടെ കാല് വെട്ടുമെന്നും തലയെടുക്കുമെന്നും പറയുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഖബറൊരുക്കുമെന്ന് പറയുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഇവരുമായാണോ ഞങ്ങള്‍ ചര്‍ച്ച നടത്തേണ്ടത്? ഇതിനെ ഞങ്ങള്‍ രാഷ്ട്രീയമായും നിയമപരമായും നേരിടും' -രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.