കെ റെയില്‍ ഇന്നല്ലെങ്കില്‍ നാളെ വരും; ഇവിടെയുള്ള ചില ആളുകളാണ് ഇപ്പോള്‍ അതുവേണ്ടെന്ന നിലപാട് എടുത്തത്; വികസന വിരുദ്ധരുടെ കാഴ്ചപ്പാടിന് ഒപ്പമാണ് കേന്ദ്രം നിന്നത്; പാര വച്ചത് ആരൊക്കെയെന്ന ഒളിയമ്പുമായി മുഖ്യമന്ത്രി
കെ റെയില്‍ ഇന്നല്ലെങ്കില്‍ നാളെ യാഥാര്‍ഥ്യമാകുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി
കോഴിക്കോട്: കെ റെയില്‍ ഇന്നല്ലെങ്കില്‍ നാളെ യാഥാര്‍ഥ്യമാകുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി. കെ റെയിലിന് പാരവെച്ചത് കേരളത്തിലെ ചിലരാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. കോഴിക്കോട് സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് നേട്ടങ്ങള്‍ വിശദീകരിക്കവേ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
'കേന്ദ്രത്തിന്റെ അനുമതിയോടെ മാത്രമേ സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ കഴിയുകയുള്ളൂ. സാധാരണ നിലയില്‍ ആരും അതിന് എതിര് നില്‍ക്കില്ല. രാജ്യം പുരോഗമിക്കേണ്ട കാര്യങ്ങളെ പറ്റി കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ എതിര് നില്‍ക്കേണ്ട കാര്യമില്ല. ഉത്തമവിശ്വാസത്തോടെയാണ് പദ്ധതി മുന്നോട്ടുവെച്ചത്. എന്നാല്‍ പദ്ധതി മുന്നോട്ടുവെച്ചു കഴിഞ്ഞപ്പോള്‍ അത്യന്തം നിര്‍ഭാഗ്യകരമായ അവസ്ഥയാണ് ഉണ്ടായത്. ആ പദ്ധതിക്ക് അംഗീകാരം നല്‍കില്ല എന്ന നിലവന്നു. അതിനിടയാക്കിയത് ഇവിടെയുള്ള ചില ആളുകളാണ്. ഇപ്പോള്‍ ഇത് വേണ്ടെന്ന നിലപാട് എടുത്തു. പദ്ധതി വേണ്ട എന്നല്ല പറഞ്ഞത്. ഇപ്പോള്‍ വേണ്ട എന്നാണ് അവര് പറഞ്ഞത്.
ഇതൊക്കെ രാജ്യത്തിന്റെ വികസനമാണല്ലോ. കേന്ദ്രം അതിനൊപ്പം നില്‍ക്കുമെന്നാണ് ഞങ്ങള്‍ കരുതിയത്. പക്ഷേ വികസന വിരുദ്ധരുടെ കാഴ്ചപ്പാടിന് ഒപ്പമാണ് കേന്ദ്രം നിന്നത്. അത് തികച്ചും രാഷ്ട്രീയമാണ്. അവിടെ നില്‍ക്കട്ടയെന്ന് എന്ന് ഞങ്ങള്‍ നിശ്ചയിച്ചു. കുറേ ശ്രമങ്ങള്‍ നടത്തിയപ്പോള്‍ ഒന്നും ഫലപ്രദമാകുന്നില്ലെന്ന് കണ്ടപ്പോള്‍ തത്കാലം നിറുത്തിവെച്ചു. കുറച്ച് കാലം കഴിഞ്ഞപ്പോള്‍ ഇ.ശ്രീധരന്‍ ഇതേ പദ്ധതി അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ അവതരിപ്പിച്ചു. നേരത്തെയുള്ളതില്‍നിന്ന് കുറച്ച് വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും ആ നിര്‍ദേശത്തോട് ഞങ്ങള്‍ക്ക് വിയോജിപ്പുണ്ടായിരുന്നില്ല. അതുമായി കേന്ദ്രത്തെ സമീപിച്ചു. ഡല്‍ഹിയിലുള്ള പ്രതിനിധി കെ.വി.തോമസ് വഴിയാണ് ശ്രീധരന്റെ ആശയം റെയില്‍വേ മന്ത്രിക്ക് കൈമാറിയത്. അതിനെകുറിച്ച് ഒരു പ്രതികരണവും ഉണ്ടായില്ല. എന്നാല്‍ ഇത് എല്ലാ കാലത്തും ഇങ്ങനെ കിടക്കുമെന്ന് ആരും കരുതേണ്ട. ഇന്നല്ലെങ്കില്‍ നാളെ അത് യാഥാര്‍ഥ്യമാകും' മുഖ്യമന്ത്രി പറഞ്ഞു.