'ആ ശ്മശാന ഭൂമിയില്‍ നിന്നും പ്രതീക്ഷയുടെ പുത്തന്‍ വസ്ത്രങ്ങള്‍ അണിയാന്‍ നിങ്ങള്‍ തയ്യാറാകണം'; 'വഴിപിഴച്ച പോക്കിനെ തിരുത്തുക, അല്ലെങ്കില്‍ മുന്നണിയില്‍ നിന്ന് പുറത്തേക്കുള്ള വഴി തേടുക. വഴിയാധാരമാവില്ല, ഉറപ്പ്': സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് യുവ നേതാക്കള്‍

സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് യുവ നേതാക്കള്‍

Update: 2025-10-24 14:23 GMT

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ പി.എം.ശ്രീയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവച്ചതിനെ ചൊല്ലി സിപിഎമ്മുമായി ഇടഞ്ഞുനില്‍ക്കുന്ന സിപിഐയെ, യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് യുവ നേതാക്കള്‍. സിപിഎമ്മിന്റെ നിലപാടുകളെ പരിഹസിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ സിപിഐക്ക് തുറന്ന ക്ഷണം നല്‍കിയിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ പി.എം.ശ്രീ പദ്ധതിയില്‍ സംസ്ഥാനം ഒപ്പുവെച്ചതിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തിയിരുന്നു. എന്നാല്‍, ഈ വിഷയത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ കടുത്ത നിലപാട് സ്വീകരിക്കുന്ന സിപിഐയെ ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് നീക്കം.

യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കി ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്: 'കാക്ക കാലിന്റെ പോലും തണല്‍ ഇല്ലാത്ത രക്തഗന്ധം വമിക്കുന്ന ആ ശ്മശാന ഭൂമിയില്‍ നിന്നും ജീര്‍ണ്ണതയുടെ അഴുകിയ വസ്ത്രങ്ങള്‍ അഴിച്ച് വച്ച് പ്രതീക്ഷയുടെ പുത്തന്‍ വസ്ത്രങ്ങള്‍ അണിയാന്‍ നിങ്ങള്‍ തയ്യാറാകണം.' എം.എന്‍.വിജയന്റെ ഉദ്ധരണി പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേരളത്തിലെ മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളായിരുന്ന സി.അച്യുതമേനോന്റെ പാര്‍ട്ടിക്ക്, നിലപാടുകളിലൂടെ സിപിഐയെ വാനോളം ഉയര്‍ത്തിയ സി.കെ.ചന്ദ്രപ്പന്റെ പാര്‍ട്ടിക്ക്, ആദര്‍ശത്തിലൂടെ പാര്‍ട്ടിയെ നയിച്ച വെളിയം ഭാര്‍ഗവന്റെ പാര്‍ട്ടിക്ക് ഇങ്ങനെയൊരു ഗതികേടിന്റെ ആവശ്യമുണ്ടോയെന്ന് അബിന്‍ വര്‍ക്കി ചോദിക്കുന്നു.


Full View

സി പി എമ്മിന്റെയും

സി എമ്മിന്റെയും

' ശ്രീ '

പി എമ്മും ബിജെപിയും തന്നെയാണ്.

സിപിഐ അല്ല-ഷാഫി പറമ്പില്‍ എംപി കുറിച്ചു.


Full View

രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചത് ഇങ്ങനെയാണ്: 'ഇതുവരെ ശ്രീ വിജയന്‍, ഇനി മുതല്‍ വിജയന്‍ ശ്രീ. ശ്രീ.പി.എം ശ്രിന്താബാദ്...'


Full View

എല്‍ഡിഎഫ് വിട്ടാല്‍ സിപിഐ വഴിയാധാരമാകില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. 'മുന്നണി പോകേണ്ട വഴി ഇതല്ല എന്ന് ബോധ്യമുള്ളവര്‍ക്ക് മുന്നില്‍ രണ്ട് വഴികളാണുള്ളത്: മുന്നണിയുടെ വഴിപിഴച്ച പോക്കിനെ തിരുത്തുക, അല്ലെങ്കില്‍ മുന്നണിയില്‍ നിന്ന് പുറത്തേക്കുള്ള വഴി തേടുക. വഴിയാധാരമാവില്ല, ഉറപ്പ്.' എന്നാണ് അദ്ദേഹം കുറിച്ചത്.


Full View

നേരത്തെ തന്നെ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും സിപിഐയെ മുന്നണിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. സിപിഐ അവരുടെ തീരുമാനം പറയട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പ്രതികരിച്ചിരുന്നു. അതേസമയം, യുഡിഎഫ് ക്ഷണത്തെ അവജ്ഞയോടെ തള്ളുന്നുവെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചത്.

Tags:    

Similar News