ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു സിപിഎമ്മില്‍ ചേര്‍ന്നു; എറണാകുളത്ത് സിപിഐ കൗണ്‍സിലര്‍ എം ജെ ഡിക്സണ്‍ രാജിവച്ചു സിപിഎമ്മില്‍; തെരഞ്ഞെടുപ്പു കാല കൂടുമാറ്റങ്ങള്‍ തുടരുന്നു
ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു സിപിഎമ്മില്‍ ചേര്‍ന്നു
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പു അടുത്തതോടെ രാഷ്ട്രീയ കൂടുമാറ്റങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഐന്‍ടിയുസി സംസ്ഥാന സെക്രട്ടറി യു എസ് സാബു കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചു സിപിഎമ്മില്‍ ചേര്‍ന്നു. അതേസമയം എറണാകുളത്ത് സിപിഐയില്‍ നിന്നും രാജിവെച്ച കൗണ്‍സിലര്‍ എം ജെ ഡിക്സണ്‍ സിപിഎമ്മില്‍ ചേര്‍ന്നു. ഇരുവര്‍ക്കും സിപിഎം സ്വീകരണം നല്‍കി.
ഐന്‍ടിയുസി സംസ്ഥാന സെക്രട്ടറി യു എസ് സാബു വാമനപുരം പഞ്ചായത്തംഗമാണ്. കോണ്‍ഗ്രസുമായി സഹകരിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളതെന്നും സിപിഎമ്മിനൊപ്പം ഇനി പ്രവര്‍ത്തിക്കുമെന്നും സാബു പറഞ്ഞു. സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി സാബുവിന് പാര്‍ടി പതാക നല്‍കി സ്വീകരിച്ചു.
വാമനപുരം പഞ്ചായത്തംഗമായിരുന്നു യു എസ് സാബു. പഞ്ചായത്ത് മെമ്പര്‍ സ്ഥാനം അടക്കം എല്ലാ സ്ഥാനങ്ങളും രാജിവെച്ചതായി സാബു മാധ്യമങ്ങളോട് പറഞ്ഞു. സാധാരണക്കാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എത്രത്തോളം പ്രയോജനപ്രദമാകുന്നു എന്ന് പഞ്ചായത്തംഗമായ താന്‍ തിരിച്ചറിഞ്ഞതാണ്. അടുത്തകാലത്ത് വന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങളും ഏറെ സ്വാധീനിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വികസന -ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പ്രവര്‍ത്തനങ്ങളും ഇടതുപക്ഷത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടാക്കിയെന്നും സാബു പ്രതികരിച്ചു.
അതേസമയം തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എറണാകുളം തൃക്കാക്കര സിപിഐയില്‍ വിഭാഗീയതയെ തുടര്‍ന്നാണ് രാജിയുണ്ടായത്. സിപിഐ കൗണ്‍സിലര്‍ എം ജെ ഡിക്സണ്‍ പാര്‍ട്ടി അംഗത്വം രാജിവച്ചു. കൗണ്‍സിലര്‍ സ്ഥാനത്തുനിന്നും രാജിവച്ചു. പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐയും സിപിഎമ്മും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തതിന് പിന്നാലെയാണ് കൗണ്‍സിലറുടെ രാജി.
ഇനി സിപിഎമ്മിനൊപ്പം പ്രവര്‍ത്തിക്കുമെന്നാണ് ഡിക്സണ്‍ അറിയിച്ചിരിക്കുന്നത്. പിന്നാലെ ഡിക്സണിന് സിപിഎം പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. ഡിക്സണ്‍ അംഗത്വം രാജിവച്ചതോടെ തൃക്കാക്കര നഗരസഭയില്‍ സിപിഐയ്ക്ക് ഒരു അംഗം മാത്രമാണുള്ളത്.