ചുവപ്പ് മങ്ങി കാവിയാകുന്നത് തന്നെ! പശ്ചിമബംഗാളിലും തൃപുരയിലും കേരളത്തിലും ബിജെപി-ആര്‍എസ്എസ് ശക്തിപ്പെട്ടത് തങ്ങളുടെ ചെലവിലെന്ന് സിപിഎം; പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ പോലും ബിജെപി വോട്ടുയര്‍ത്തുന്നു; സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങള്‍ക്കിടയിലും മതബോധം വര്‍ധിച്ചതും സിപിഎമ്മിന് വെല്ലുവിളിയെന്ന് കരട് രാഷ്ട്രീയ അവലോകന രേഖയില്‍
പശ്ചിമബംഗാളിലും തൃപുരയിലും കേരളത്തിലും ബിജെപി-ആര്‍എസ്എസ് ശക്തിപ്പെട്ടത് തങ്ങളുടെ ചെലവിലെന്ന് സിപിഎം
മധുര: കേരളത്തിലെ ബിജെപി മുന്നേറ്റത്തിന് അടക്കം വഴിയൊരുക്കിയത് സിപിഎം തന്നെയെന്ന നിഗമനത്തില്‍ സിപിഎം. 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ചചെയ്യാനിരിക്കുന്ന കരട് രാഷ്ട്രീയ അവലോകന രേഖയിലാണ് ഏറ്റുപറച്ചില്‍. പശ്ചമ ബംഗാളിലെയും തൃപുരയിലും കേരളത്തിലും ബിജെപി-ആര്‍എസ്എസ് ശക്തിപ്പെട്ടത് തങ്ങളുടെ ചെലവിലാണെന്നാണ് സിപിഎം സമ്മതിക്കുന്നത്. ഇതിനെ കരുതിയിരിക്കണമെന്നാണ് സിപിഎം നല്‍കുന്ന മുന്നറിയിപ്പ്.
സിപിഎം ശക്തികേന്ദ്രങ്ങളില്‍പ്പോലും ബിജെപി വോട്ടുയര്‍ത്തുകയാണെന്ന് സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍, ബിജെപി വളര്‍ച്ചയ്ക്ക് സിപിഎം കാരണമാകുന്നുവെന്ന് സംസ്ഥാന റിപ്പോര്‍ട്ടില്‍ തുറന്നുസമ്മതിച്ചിരുന്നില്ല. ഇക്കാര്യമാണ് ഇപ്പോള്‍ പാര്‍ട്ടി തുറന്നു സമ്മതിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ മുന്നേറ്റമാണ് കേരളത്തില്‍ ഉണ്ടാക്കിയത്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് സിപിഎമ്മിന്റെ ഏറ്റുപറച്ചില്‍.
തൃപുരയില്‍ 2018-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ പാര്‍ട്ടി ഹിന്ദുത്വ വര്‍ഗീയശക്തികളുടെ തുടര്‍ച്ചയായ ആക്രമണം നേരിടുകയാണെന്ന് കേന്ദ്രകമ്മിറ്റിയുടെ രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. ബംഗാളിലാകട്ടെ, 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനുശേഷം തങ്ങളുടെ ചെലവില്‍ ബിജെപി മുഖ്യ പ്രതിപക്ഷപാര്‍ട്ടിയായി. കേരളത്തിലും ഒരുപരിധിവരെ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാനായി. അതാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.
ബിജെപിയെയും സംഘപരിവാര്‍ സംഘടനകളെയും എതിര്‍ക്കുന്ന പാര്‍ട്ടി രീതി കൂടുതല്‍ ശക്തമാകേണ്ടതിന്റെ ആവശ്യമുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വിവിധ കാരണങ്ങളാല്‍ സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങള്‍ക്കിടയിലും മതബോധം വര്‍ധിച്ചുവരുന്നുണ്ട്.
മതവികാരമുപയോഗപ്പെടുത്തി വിശ്വാസികള്‍ക്കിടയില്‍ ഹിന്ദുത്വവര്‍ഗീയത വളര്‍ത്താന്‍ ആചാരങ്ങളെയും ഉത്സവാഘോഷങ്ങളെയും ആര്‍എസ്എസ് ഉപയോഗപ്പെടുത്തുകയാണ്. സ്ത്രീകളെയാണ് അവര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. വിശ്വാസത്തെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നത് തടയാന്‍ വിശ്വാസികളിലേക്ക് ഇറങ്ങിച്ചെന്ന് പാര്‍ട്ടി പ്രവര്‍ത്തിക്കണം. മതേതര രാഷ്ട്രീയബോധത്തിലേക്ക് അവരെ മാറ്റിയെടുക്കണം.
ന്യൂനപക്ഷവര്‍ഗീയതയെയും എതിര്‍ക്കേണ്ടത് അനിവാര്യമാണ്. ഇസ്ലാമിക മതമൗലികവാദത്തെ അതിന്റെ സാമൂഹ്യപ്രത്യാഘാതം തിരിച്ചറിഞ്ഞുകൊണ്ട് ചെറുക്കേണ്ടത് അനിവാര്യമാണെന്നും സിപിഎം രേഖ വ്യക്തമാക്കുന്നു. ആരാധാനാലയങ്ങള്‍ കേന്ദ്രീകരിച്ച് രാഷ്ട്രീയലക്ഷ്യത്തോടെ ബിജെപി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ജാഗ്രതയോടെ ഇടപെടണമെന്നും സംസ്ഥാന റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടിയിരുന്നു.
ബിജെപിയുടെ വളര്‍ച്ചയ്ക്ക് സിപിഎമ്മും കാരണമാകുന്നുണ്ടെന്ന പാര്‍ട്ടികോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള രേഖയിലെ തുറന്നുസമ്മതിക്കല്‍ ഏറെ രാഷ്ട്രീയചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നതാണ്. അതേസമയം സംസ്ഥാനത്ത് പുതിയൊരു മുന്നേറ്റം ലക്ഷ്യമിട്ട് പുതിയ മുഖത്തെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിയോഗിച്ച് ബിജെപി കേന്ദ്ര നേതൃത്വം മുന്നോട്ടുപോകുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നടത്തിയ മികച്ച പ്രകടനവും, യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുകയെന്ന ദൗത്യവും മുന്‍നിര്‍ത്തിയാണ് മാറുന്ന കാലത്തെ വികസനത്തിന്റെ മുഖമായി രാജീവ് ചന്ദ്രശേഖറിനെ ബിജെപി കേന്ദ്രനേതൃത്വം അവതരിപ്പിക്കുന്നത്.
കേരള എന്‍ഡിഎയുടെ വൈസ് ചെയര്‍മാനായിരുന്ന രാജീവ് ചന്ദ്രശേഖര്‍ സംഘപരിവാര്‍ പശ്ചാത്തലമില്ലാതെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റാകുന്ന ആദ്യ ബിജെപി നേതാവാണ്. വിഭാഗീയത രൂക്ഷമായ സംസ്ഥാന ബിജെപിയില്‍ രാജീവ് ചന്ദ്രശേഖറിലൂടെ പാര്‍ട്ടി കേന്ദ്രനേതൃത്വം പിടിമുറുക്കുകയാണ്. മോദിയുടെ ഗ്യാരണ്ടിക്ക് രാജ്യത്ത് കിട്ടുന്ന സ്വീകാര്യത കേരളത്തിലും ഉറപ്പിക്കാന്‍ സാധിക്കുന്ന ബദല്‍ മുഖം തേടുകയായിരുന്നു ബിജെപി നേതൃത്വം.
രണ്ടാം നരേന്ദ്രമോദി സര്‍ക്കാരില്‍ ഐടി- ഇലക്ട്രോണിക്സ്-നൈപുണ്യ വികസന വകുപ്പുകളുടെ സഹമന്ത്രിയായിരുന്നു. കര്‍ണാടകയില്‍ നിന്നും മൂന്നു തവണ രാജ്യസഭാംഗമായിരുന്നിട്ടുണ്ട്. രണ്ടു പതിറ്റാണ്ടിന്റെ രാഷ്ട്രീയ അനുഭവത്തോടെയാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്. രാജീവിന്റെ വരവിനെ അടക്കം സിപിഎം ഗൗരവത്തോടെ കാണുന്നുണ്ടന്നാണ് വിലയിരുത്തല്‍.