പാലക്കാട് തിരിച്ചുപിടിക്കാന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഡോ. പി സരിന്‍; ചേലക്കര നിലനിര്‍ത്താന്‍ യു.ആര്‍. പ്രദീപ്; ഇരു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം; എല്‍ഡിഎഫിനു ജയിക്കാന്‍ കഴിയുമെന്ന് എം വി ഗോവിന്ദന്‍

പാര്‍ട്ടി ചിഹ്നത്തിനു പകരം സ്വാതന്ത്ര ചിഹ്നത്തില്‍ മത്സരിപ്പിക്കും

Update: 2024-10-18 14:44 GMT

തിരുവനന്തപുരം: പാലക്കാട്, ചേലക്കര നിയമസഭ ഉപതിരഞ്ഞെടുപ്പുകളിലെ സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പാലക്കാട് കോണ്‍ഗ്രസ് വിട്ടു വന്ന ഡോ.പി. സരിനും, ചേലക്കരയില്‍ മുന്‍ എംഎല്‍എ യു.ആര്‍. പ്രദീപും സ്ഥാനാര്‍ഥികളാകും.

പാലക്കാട് പാര്‍ട്ടി ചിഹ്നത്തിനു പകരം സ്വാതന്ത്ര ചിഹ്നത്തില്‍ മത്സരിപ്പിക്കാനാണ് സിപിഎം തീരുമാനമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ യുആര്‍ പ്രദീപിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രചാരണം തുടങ്ങി.

പാലക്കാട്, ബിജെപി- കോണ്‍ഗ്രസ് ഡീല്‍ ഉണ്ടാകുമെന്ന് അന്നേ ഞങ്ങള്‍ പറഞ്ഞതാണ്. പാലക്കാട് ഇന്നത്തെ സ്ഥിതിയില്‍ സരിന്‍ തന്നെ മത്സരിക്കണം എന്നാണ് തീരുമാനം. രണ്ടു മണ്ഡലങ്ങളിലും എല്‍ഡിഎഫിനു ജയിക്കാന്‍ കഴിയും എന്നാണ് വിശ്വാസം. സരിന്‍ സ്വാതത്രന്‍ ആയി മത്സരിക്കുമെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ഏകകണ്ഠമായാണ് സ്ഥാനാര്‍ഥി നിര്‍ണയമെന്നും ഇരു മണ്ഡലങ്ങളിലും കൃത്യമായ രാഷ്ട്രീയ നിലപാടോടെ ജയിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും എംവി ഗോവിന്ദന്‍ പറഞ്ഞു. യുഡിഎഫില്‍ വലിയ രീതിയില്‍ പാളയത്തില്‍ തന്നെയുള്ള പട ആരംഭിച്ചെന്നും അദ്ദേഹം പരിഹസിച്ചു.

യുഡിഎഫ് സ്ഥാനാര്‍ഥികളായി പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനേയും ചേലക്കരയില്‍ രമ്യ ഹരിദാസിനേയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിക്കുന്നതോടെ ഉപതിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും. പ്രിയങ്ക ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന വയനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സത്യന്‍ മൊകേരിയെ സിപിഐ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News