വീണ ജോര്‍ജ്ജിനെതിരെ ഒരക്ഷരം മിണ്ടരുത്! ആരോഗ്യമന്ത്രിയെ സോഷ്യല്‍ മീഡിയയില്‍ പരിഹസിച്ച സിപിഎം നേതാക്കള്‍ക്ക് പണി കിട്ടും; നേതാക്കള്‍ക്കെതിരെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ വിമര്‍ശനം; ആരോഗ്യമന്ത്രിയെ വിമര്‍ശിച്ചതില്‍ വിശദീകരണം തേടും; പ്രതിപക്ഷത്തെ തെരുവില്‍ നേരിടാന്‍ സഖാക്കളിറങ്ങും

വീണ ജോര്‍ജ്ജിനെതിരെ ഒരക്ഷരം മിണ്ടരുത്!

Update: 2025-07-06 14:20 GMT

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിനെതിരായ പ്രതിഷേധങ്ങളെ നേരിടാന്‍ സിപിഎം ഒരുങ്ങുന്നു. പ്രതിപക്ഷം മന്ത്രിയെ വഴിയില്‍ തടയുന്നത് അടക്കം പതിവാകുമ്പോള്‍ ആ പ്രതിഷേധങ്ങളെ അതേ നാണയത്തില്‍ നേരിടാനാണ് സിപിഎം ഒരുങ്ങുന്നത്. അതേസമയം പാര്‍ട്ടിയില്‍ വീണക്കെതിരെ ഉയര്‍ന്ന ശബ്ദങ്ങളെ നിശബ്ദമാക്കാനും നടപടി ഉണ്ടാകും.

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിക്കാനിടയായ സംഭവത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ പരിഹസിച്ച സിപിഎം നേതാക്കള്‍ക്കാണ് പണി വരിക. പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റില്‍ വീണയെ വിമര്‍ശിച്ചവര്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നു. വീണ ജോര്‍ജിനെ പരോക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട ലോക്കല്‍ കമ്മിറ്റി അംഗത്തിനും ഏരിയ കമ്മിറ്റി അംഗത്തിനുമെതിരെയാണ് പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനമുണ്ടായത്.

പോസ്റ്റ് ഇട്ട ഇരവിപേരൂര്‍ ഏരിയ കമ്മിറ്റി അംഗം എന്‍ രാജീവനോട് പാര്‍ട്ടി വിശദീകരണം തേടും. മന്ത്രിയെ വിമര്‍ശിച്ച ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ജോണ്‍സണ്‍ പി ജെ യോട് ഏരിയ കമ്മിറ്റി വിശദീകരണം തേടാനുമാണ് തീരുമാനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇരുവരുടേയും വിമര്‍ശനം.

കൂടുതല്‍ പറയുന്നില്ലെന്നും ഇനി പറയിപ്പിക്കരുതെന്നുമായിരുന്നു ജോണ്‍സണ്‍ പിജെ പറഞ്ഞത്. ഒരു എംഎല്‍എയായി ഇരിക്കാന്‍ പോലും മന്ത്രിക്ക് അര്‍ഹതയില്ലെന്നും എല്‍സി അംഗം പറഞ്ഞു. എസ്എഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ് ജോണ്‍സണ്‍ പിജെ. മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍ ചികിത്സ തേടിയതിനെയായിരുന്നു പത്തനംതിട്ട സിഡബ്ല്യുസി മുന്‍ ചെയര്‍മാന്‍ കൂടിയായ എന്‍ രാജീവ് പരോക്ഷമായി വിമര്‍ശിച്ചത്. സ്‌കൂളില്‍ കേട്ടെഴുത്ത് ഉണ്ടെങ്കില്‍ വയറുവേദന വരുമെന്നും വയറുവേദന എന്ന് പറഞ്ഞ് വീട്ടില്‍ ഇരിക്കുമെന്നുമായിരുന്നു രാജീവ് പരിഹസിച്ചത്. ഒത്താല്‍ രക്ഷപ്പെട്ടു എന്നാണ് അവസ്ഥയെന്നും എന്‍ രാജീവ് പറഞ്ഞു.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരി മരിച്ച സംഭവം വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിനിടയാണ് പാര്‍ട്ടി അംഗങ്ങളും വിമര്‍ശനം ഉയര്‍ത്തി രംഗത്തുവന്നത്. അതേസമയം സിപിഎമ്മിന് പിന്നാലെ എല്‍.ഡി.എഫും വീണയെ പ്രതിരോധിക്കാന്‍ രംഗത്തുവരും. വ്യാഴാഴ്ച ആറന്മുള നിയോജകമണ്ഡലത്തില്‍ വിശദീകരണ യോഗം നടത്താന്‍ പാര്‍ട്ടിയുടെ ജില്ലാ നേതൃത്വം തീരുമാനിച്ചു. അതോടൊപ്പം വിവിധ പഞ്ചായത്തുകളിലായി റാലികളും പൊതുയോഗങ്ങളും സംഘടിപ്പിക്കും.

അതേസമയം പത്തനംതിട്ടയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്ത് പൊലീസ്. ജില്ലാ ജനറല്‍ സെക്രട്ടറി ജിതിന്‍ ജെ നൈനാന്‍, ആറന്മുള മണ്ഡലം പ്രസിഡന്റ് ഏദന്‍ ജോര്‍ജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.അറസ്റ്റിലായവരെ റിമാന്‍ഡ് ചെയ്തു.പ്രതിഷേധത്തില്‍ പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.

ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ടയില്‍ സംഘടിപ്പിച്ച സമരത്തിനിടെ പൊലീസ് വാഹനത്തിന് കേടുപാടു വരുത്തിയ കേസിലാണ് ജിതിന്‍ കെ നൈനാനെ അറസ്റ്റ് ചെയ്തത്. സമരത്തിനിടെ, കിടങ്ങന്നൂര്‍ വല്ലന കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ ശിലാഫലകം അടിച്ചു തകര്‍ത്ത കേസിലാണ് ഏദന്‍ ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ പ്രവര്‍ത്തകര്‍ പൊലീസ് വാഹനം തടഞ്ഞു.

കോട്ടയം അപകടത്തിന് പിന്നാലെ വീണ നടത്തിയ പ്രതികരണമാണ് അവര്‍ക്കെതിരെ പ്രതിഷേധം ശക്തമാകാന്‍ ഇടയാക്കിയത്. മകള്‍ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ എത്തിയതായിരുന്നു ബിന്ദു. രാവിലെ കുളിക്കുന്നതിനായി അപകടം നടന്ന കെട്ടിടത്തിലെ ശുചിമുറിയില്‍ എത്തിയതായിരുന്നു ബിന്ദു. ഇതിനിടെയാണ് അപകടം നടന്നത്. അമ്മയെ കാണാതായതോടെ മകള്‍ നവമി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പ്രതികരണമുണ്ടായില്ല. ഇതിനിടെ ബിന്ദുവിനെ അന്വേഷിക്കുകയായിരുന്നു ഭര്‍ത്താവ് വിശ്രുതന്‍.

അപകടം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മന്ത്രി വി എന്‍ വാസവന്‍ സ്ഥലത്തെത്തി. ഇതിന് പിന്നാലെ മന്ത്രി വീണാ ജോര്‍ജും അപകടസ്ഥലത്തെത്തി. ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നായിരുന്നു മന്ത്രി വീണാ ജോര്‍ജ് ആദ്യഘട്ടത്തില്‍ നല്‍കിയ പ്രതികരണം. മന്ത്രി വി എന്‍ വാസവന്റെ നിര്‍ദേശം അനുസരിച്ച് ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് ബിന്ദുവിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട മന്ത്രി വീണാ ജോര്‍ജ്, ആരും കുടുങ്ങിയിട്ടില്ല എന്ന് പറഞ്ഞത് ആദ്യം കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മന്ത്രിക്കെതിരെ വ്യാപക പ്രതിഷേധമായിരുന്നു വിവിധയിടങ്ങളില്‍ അരങ്ങേറിയത്.

Tags:    

Similar News