പിണറായിയുടെ പ്രവര്‍ത്തനവും പരാമര്‍ശങ്ങളും ജനങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റി; ഗോവിന്ദന്‍ സെക്രട്ടറിയായ ശേഷം ആ ചിരി മാഞ്ഞു; മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ച സ്തുതി ഗീതവും അതിരുവിട്ടു; വനംമന്ത്രിയെ മാറ്റാത്തത് ആളെ കൊല്ലാനോ? കാസര്‍ഗോഡും ഇടുക്കിയിലും സിപിഎം സമ്മേളനത്തില്‍ സംഭവിച്ചത്

Update: 2025-02-06 06:55 GMT

കാസര്‍ഗോഡ്: സിപിഎം കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും നേതാക്കള്‍ക്കുമെതിരേ രൂക്ഷവിമര്‍ശനം. പിണറായി വിജയന്റെ പ്രവര്‍ത്തനവും പരാമര്‍ശങ്ങളും ജനങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയെന്ന ഗുരുതര കുറ്റപ്പെടുത്തലും യോഗത്തില്‍ ഉയര്‍ന്നു. ചിരിച്ചുകൊണ്ടിരുന്ന എം.വി. ഗോവിന്ദന്‍ സെക്രട്ടറിയായ ശേഷം ആ ചിരി അദ്ദേഹത്തില്‍ നിന്നും മാഞ്ഞുപോയെന്നും സമ്മേളനത്തില്‍ പരിഹാസം ഉയര്‍ന്നു. ഇ.പി. ജയരാജന്റെ പ്രസംഗം പലപ്പോഴും പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്നു എന്നും ആരോപണമുയര്‍ന്നു. തദ്ദേശസ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയ ചില നികുതി വര്‍ധനകള്‍ ജനങ്ങള്‍ക്ക് ഭാരമായെന്നും ഇതിന് ഉത്തരവാദി തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷാണെന്നും കുറ്റപ്പെടുത്തലുണ്ടായി. മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ചുള്ള സ്തുതി ഗീതത്തിലും വിമര്‍ശനമുയര്‍ന്നു.

അഭ്യന്തര വകുപ്പിനെതിരെ ജില്ലാ സമ്മേളന പ്രതിനിധികള്‍ ഉന്നയിച്ച വിമര്‍ശങ്ങള്‍ സംസ്ഥാന സെക്രട്ടറി തള്ളി . കോവിഡ് കാലത്ത് ഉള്‍പ്പെടെ പോലീസ് നടത്തിയത് മാതൃകപരമായ പ്രവര്‍ത്തനമാണെന്നും ഒറ്റപ്പെട്ട പാളിച്ചകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലയോര മേഖലയിലെ ഭൂ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ പഠിക്കാന്‍ എം സ്വരാജിനെ ചുമതലപ്പെടുത്തിയെന്നും ഇ പി ജയരാജന്‍ പ്രവര്‍ത്തനത്തില്‍ അലംഭാവം കാണിച്ചതിന്റെ പേരിലാണ് നടപടി വന്നതെന്നും സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു. പി.പി ദിവ്യക്കെതിരെ ഉചിതമായ സമയത്ത് നടപടി എടുതെന്നും കൂട്ടിച്ചേര്‍ത്തു.

ഇടുക്കി ജില്ലാ സമ്മേളനത്തിലും സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ന്നു. എന്‍.സി.പി. തീരുമാനിച്ചിട്ടും വനംമന്ത്രിയെ മാറ്റാന്‍ സിപിഎം. തടസ്സം നില്‍ക്കുന്നുവെന്നും വന്യജീവികള്‍ ആളെ കൊല്ലാന്‍ വേണ്ടിയാണോ മന്ത്രിയെ സിപിഎം നിലനിര്‍ത്തുന്നതെന്ന് ജനങ്ങള്‍ പരിഹാസത്തോടെ ചോദിക്കുന്നുവെന്നും പ്രതിനിധികള്‍ പറഞ്ഞു. അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നവരെ നിലയ്ക്ക് നിര്‍ത്താന്‍ ഇനിയെങ്കിലും പാര്‍ട്ടിക്ക് കഴിയണം. പണം പിരിക്കുന്നവര്‍ ആരാണെന്ന് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അറിയാം. പുറത്തു പറഞ്ഞാല്‍ അവരെ കൈകാര്യം ചെയ്യുമെന്ന ഭയമുള്ളതിനാല്‍ പലരും മിണ്ടില്ലെന്ന ആരോപണമുയര്‍ന്നപ്പോള്‍, അങ്ങനെ ഒരു സംഭവമുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നായിരുന്നു ജില്ല സെക്രട്ടറി സി.വി.വര്‍ഗീസിന്റെ മറുപടി. ഒന്നര കോടി രൂപ സമാഹരിച്ചിട്ടും എസ്എഫ് ഐ ജില്ല ഓഫീസായി ധീരജ് സ്മാരക മന്ദിരം നിര്‍മ്മിച്ചില്ലെന്ന പരാതിക്ക് വിമര്‍ശനങള്‍ ഉള്‍കൊള്ളുന്നുവെന്നും തടസം സാങ്കേതികമാണെന്നും ഇടുക്കി ജില്ലാ നേതൃത്വം മറുപടി നല്‍കി.

കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും പണം വാങ്ങിയ ശേഷം ഡി.വൈ.എഫ്.ഐ കടകളില്‍ നിന്ന് പൊതിച്ചോറ് വാങ്ങി കൊടുക്കുന്നുവെന്നും ഈ രീതി ശരിയായ പ്രവണതയല്ലെന്നും വിമര്‍ശനമുയര്‍ന്നു. ഇതിന് പുറമെ ജില്ല സമ്മേളനത്തിന്റെ സംഘാടനത്തില്‍ പാളിച്ചയുണ്ടായെന്നും, സമ്മേളനം തൊടുപുഴ നഗരത്തില്‍ പോലും യാതൊരു ചലനവും സൃഷ്ടിച്ചില്ലെന്നും ഇടുക്കിയില്‍ നിന്നുള്ള പ്രതിനിധികള്‍ വിശദീകരിച്ചു.

സിപിഎം

Tags:    

Similar News