'അന്‍വറിനെ നെഞ്ചോട് ചേര്‍ത്ത് കൊണ്ട് നടന്നിട്ടുണ്ട്; നിയമപരമായ പ്രശ്നങ്ങളുണ്ടായിട്ടും എല്ലാ സാധ്യതയും ഉപയോഗപ്പെടുത്തി സംരക്ഷിച്ചു; പാര്‍ട്ടിയെ ഇപ്പോള്‍ കയറി ആക്രമിക്കാമെന്ന്‌ വിചാരിച്ചാല്‍ നടക്കില്ല'; നിലമ്പൂര്‍ ആയിഷയെ വേദിയിലിരുത്തി പി വി അന്‍വറിന് മറുപടി നല്‍കി സിപിഎം

അന്‍വറിന്റെ പാര്‍ട്ടിയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നാരും പോകില്ല

Update: 2024-10-07 16:27 GMT

നിലമ്പൂര്‍: അന്‍വറിനെ നെഞ്ചോട് ചേര്‍ത്ത് കൊണ്ട് നടന്നിട്ടുണ്ടെന്നും നിയമപരമായ പ്രശ്നങ്ങളിലടക്കം ഒപ്പം നിന്ന് സിപിഎം സംരക്ഷിച്ചിട്ടുണ്ടെന്നും സിപിഎം നിലമ്പൂര്‍ ഏരിയ സെക്രട്ടറി ഇ.പദ്മാക്ഷന്‍. അത്തരത്തില്‍ സംരക്ഷണം നല്‍കിയ പാര്‍ട്ടിയെ ഇപ്പോള്‍ അക്രമിക്കാമെന്ന് അന്‍വര്‍ വിചാരിച്ചാല്‍ അത് വകവെച്ചുതരില്ലെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂര്‍ ചന്തക്കുന്നില്‍ അന്‍വറിന്റെ നീക്കങ്ങള്‍ക്കെതിരെ സിപിഎം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം സ്വതന്ത്ര എംഎല്‍എ ആയിരുന്ന അന്‍വര്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ കലാപക്കൊടി ഉയര്‍ത്തി കഴിഞ്ഞ ദിവസം പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു.

'ബിസിനസ് ആവശ്യങ്ങള്‍ക്ക് വിദേശത്തേക്ക് പോകേണ്ടി വരും. അതിലൊന്നും പ്രശ്നമില്ല. എന്നാല്‍ മാസങ്ങളോളും ആഫ്രിക്കയില്‍ പോയി കിടന്നപ്പോള്‍ ഇവിടെ പി.വി.അന്‍വറിനെ സംരക്ഷിച്ച് നിര്‍ത്തിയത് സാധരണക്കാരായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരുടെ നാവുകളാണ്. ഞങ്ങളെല്ലേ അന്‍വറിനെ സംരക്ഷിച്ച് നിര്‍ത്തിയത്. ആഫ്രിക്കയില്‍ പോയി മാസങ്ങളോളം തിരിച്ചെത്താതായപ്പോള്‍ നിലമ്പൂരിലെ എംഎല്‍എയെ കണ്ടുപിടിച്ച് കൊണ്ടുവരണമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയപ്പോള്‍ അന്‍വറിനെ സംരക്ഷിച്ചവരാണ് സിപിഎം. കൂടെ ചേര്‍ന്ന് നില്‍ക്കുമ്പോള്‍ ചില കാര്യങ്ങളില്‍ നിയമപരമായ പ്രശ്നങ്ങളുണ്ടായിട്ടും ഞങ്ങളുടെ കൂടെ ചേര്‍ന്ന് നില്‍ക്കുന്നു എന്ന ഒറ്റ കാരണം കൊണ്ട് എല്ലാ സാധ്യതയും ഉപയോഗപ്പെടുത്തി സംരക്ഷിച്ചവരാണ്. ആ സംരക്ഷണം തീര്‍ത്ത പാര്‍ട്ടിയെ ഇപ്പോള്‍ കയറി അക്രമിക്കാമെന്ന് വിചാരിച്ചാല്‍ നിലമ്പൂരിന്റെ മണ്ണില്‍ നടക്കുന്ന കാര്യമല്ല' സിപിഎം ഏരിയ സെക്രട്ടറി പറഞ്ഞു.

അന്‍വര്‍ തന്റെ ഗൂഢാലോചനയുമായി മുന്നോട്ട് പോകുന്നു. അന്‍വര്‍ അവകാശപ്പെട്ടത് നിലമ്പൂരിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളും അണികളും അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരക്കും എന്നായിരുന്നു. അന്‍വറിന്റെ പാര്‍ട്ടിയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നാരും പോകില്ല എന്ന് തീരുമാനിച്ചതാണ്. അന്‍വറിനെ നെഞ്ചോട് ചേര്‍ത്ത് കൊണ്ട് നടന്നിട്ടുണ്ട്. പക്ഷേ പാര്‍ട്ടിക്ക് എതിരെ അധിക്ഷേപങ്ങള്‍ ചൊരിയാന്‍ തുടങ്ങിയാല്‍ അതിനെ വകവെച്ച് തരില്ലെന്നും ഇ.പദ്മാക്ഷന്‍ പറഞ്ഞു.

ഈ ചെങ്കൊടി തൊട്ട് കളിക്കണ്ട എന്നാണ് പാര്‍ട്ടി നിലപാടെന്ന് സിപിഎം നിലമ്പൂര്‍ ഏരിയ സെക്രട്ടറി ഇ. പത്മാക്ഷന്‍ പറഞ്ഞു. അന്‍വറിനെ നെഞ്ചോട് ചേര്‍ത്ത് കൊണ്ട് നടന്നിട്ടുണ്ട്. പക്ഷേ പാര്‍ട്ടിക്കെതിരെ അധിക്ഷേപങ്ങള്‍ ചൊരിയാന്‍ തുടങ്ങിയാല്‍ അതിനെ വക വച്ച് തരില്ല. നിലമ്പൂരിലെ വികസനങ്ങള്‍ പുത്തന്‍വീട്ടില്‍ തറവാട്ടില്‍ നിന്ന് കൊണ്ടു വന്നതല്ല. മാസങ്ങളോളം ആഫ്രിക്കയില്‍ പോയി കിടക്കുമ്പോഴും അന്‍വറിനെ സംരക്ഷിച്ചത് നിലമ്പൂരിലെ സാധാരണക്കാരായ സഖാക്കളാണെന്നും പത്മാക്ഷന്‍ പറഞ്ഞു.

കേരളം മോശമാണെന്ന് പറയാന്‍ കുറച്ചു ആളുകളെ കോലു കൊടുത്ത് നിര്‍ത്തിയിട്ടുണ്ടെന്ന് വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍ പരിഹസിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എതിരെ ഒരാളെ കിട്ടിയെന്ന് കരുതി ആഘോഷിക്കുകയാണെന്നും അന്‍വറിനെയും മാധ്യമങ്ങളേയും ഉന്നംവച്ച് വിജയരാഘവന്‍ പറഞ്ഞു.

''അന്‍വറിന്റെ കക്കാടംപൊയില്‍ പാര്‍ക്ക് നിര്‍മാണം മാധ്യമങ്ങള്‍ മറന്നോ? കേരളത്തിലെ ഏറ്റവും വലിയ കള്ളന്‍ അന്‍വര്‍ ആണെന്നാണ് അന്ന് മാധ്യമങ്ങള്‍ പറഞ്ഞത്. സര്‍ക്കാരിനെതിരെ മോശം പറയാന്‍ മാധ്യമ പ്രവര്‍ത്തകരെ ശമ്പളം കൊടുത്തു നിര്‍ത്തിയിട്ടുണ്ട്. ഇപ്പോള്‍ വീട്ടിലെ കോഴി കൂവുന്നതിനു മുന്‍പ് മാധ്യമങ്ങള്‍ അന്‍വറിന്റെ ഒതായിയിലെ വീട്ടിലെത്തും. അന്‍വറിന്റെ സുഭാഷിതങ്ങള്‍ രാവിലെ മുതല്‍ നല്‍കുന്നു. നല്ല വസ്ത്രം ധരിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ കൂടുതല്‍ കള്ളം പറയുന്നവരാണ്. നല്ല ഷര്‍ട്ടും പാന്റും ലിപ്സ്റ്റിക്കും ഒക്കെ ഇട്ടു വരുന്നവരെ സൂക്ഷിക്കണം. അവര്‍ കമ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്നവരാണ്. മലപ്പുറം എന്ന വാക്ക് ഇപ്പോള്‍ ഉച്ചരിക്കാന്‍ പാടില്ല. പണ്ട് പോളണ്ട്, പോളണ്ട് എന്ന് പറയരുതെന്നു ശ്രീനിവാസന്‍ പറയും പോലെയാണ് ചിലര്‍ ഇപ്പോള്‍ മലപ്പുറം മലപ്പുറം എന്ന് പറയരുത് എന്ന് പറയുന്നത്. ഇങ്ങനെ ചിന്തിക്കുന്നവരുടെ കയ്യടി കിട്ടുന്ന പ്രവര്‍ത്തനം ആണ് അന്‍വര്‍ നടത്തുന്നത്'' വിജയരാഘവന്‍ പറഞ്ഞു.

നേരത്തെ അന്‍വറിനെ പിന്തുണച്ച നിലമ്പൂര്‍ ആയിഷയെ വേദിയിലിരുത്തിയാണ് സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം നടത്തിയത്. കുഞ്ഞാലിക്കൊപ്പം പോരാടിയ ആളോടാണ് കുഞ്ഞാലിയുടെ പോരാട്ടം പഠിപ്പിക്കാം എന്ന് പറയുന്നത്. അതിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് പോര് സംഘടിപ്പിക്കാമെന്ന് പ്രതീക്ഷിക്കുന്നത്. മിസ്റ്റര്‍, അന്‍വര്‍ അത് കുറച്ചുകടന്നുപോയി. നിലമ്പൂരിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എക്കാലത്തേയും വഴിക്കാട്ടിയെ അടര്‍ത്തിയെടുക്കാനൊക്കെ ആയോ അന്‍വര്‍. ആയിഷയെ പോയിട്ട് സിപിഎമ്മിന്റെ ഒരു തരി നിങ്ങള്‍ക്ക് കൊണ്ടുപോകാന്‍ കഴിയില്ലെന്നും നിലമ്പൂര്‍ ഏരിയ സെക്രട്ടറി പറഞ്ഞു.

നേരത്തെ മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരായ നീക്കങ്ങള്‍ക്കിടെ അന്‍വറിനെ പിന്തുണച്ച് ആയിഷ രംഗത്തെത്തിയിരുന്നു. തന്റെ പോരാട്ടങ്ങള്‍ക്ക് നിലമ്പൂര്‍ ആയിഷയുടെ സര്‍വ്വ പിന്തുണയും ഉണ്ടെന്ന് ചൂണ്ടിക്കാട്ടി അവര്‍ക്കൊപ്പമുള്ള വീഡിയോയും അന്‍വര്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അന്‍വറിന്റെ നീക്കത്തിനെതിരെ സിപിഎം നടത്തുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലേക്ക് നിലമ്പൂര്‍ ആയിഷയെ എത്തിച്ചത്.

Tags:    

Similar News