നയരേഖയുടെ ലക്ഷ്യം തുടര്‍ഭരണം; നടത്തിപ്പില്‍ സുതാര്യത ഉണ്ടാകും; സെസ് ചുമത്തുക ലക്ഷ്യമല്ല, സാധ്യത മാത്രം; വിഭവ സമാഹരണത്തില്‍ ജനദ്രോഹമില്ലെന്നും ചിലര്‍ ആശങ്ക സൃഷ്ടിക്കുന്നുവെന്നും മുഖ്യമന്ത്രി; നയരേഖയിലെ ചര്‍ച്ചയ്ക്ക് മറുപടിയുമായി പിണറായി വിജയന്‍
നയരേഖയിലെ ചര്‍ച്ചയ്ക്ക് മറുപടിയുമായി പിണറായി വിജയന്‍
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച നയരേഖയിലെ ചര്‍ച്ചക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട്ടി നയങ്ങള്‍ക്ക് അകത്ത് നിന്നാണ് നയരേഖ. നടത്തിപ്പില്‍ സുതാര്യത ഉണ്ടാകും. ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിച്ച ശേഷമായിരിക്കും നടത്തിപ്പ്. സെസ് ചുമത്തുക ലക്ഷ്യമല്ല, സാധ്യത മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനത്തിന് ജനം അനുകൂലമാണ്, അവരെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകും തുടര്‍ ഭരണമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിഭവ സമാഹരണത്തില്‍ ജനദ്രോഹമില്ല. ഇക്കാര്യത്തില്‍, ചിലര്‍ ആശങ്കയുണ്ടാക്കുന്നു. സര്‍ക്കാര്‍ സൗജന്യങ്ങള്‍ അര്‍ഹത ഉള്ളവര്‍ക്ക് നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പൊതുമേഖലയില്‍ പിപിപി മാതൃകയില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ട് വരുന്നതിനടക്കമാണ് നയംമാറ്റമെന്ന് സിപിഎം നയരേഖയില്‍ പറഞ്ഞിരുന്നു. സ്വകാര്യ നിക്ഷേപത്തോട് സിപിഎമ്മിന് ഇതുവരെ ഉണ്ടായ എതിര്‍പ്പ് പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതാണ് മുഖ്യമന്ത്രി അവതരിപ്പിച്ച നവകേരളത്തെ നയിക്കാന്‍ പുതുവഴികള്‍ എന്ന നയരേഖ. സ്വകാര്യ പങ്കാളികള്‍ക്ക് വാതില്‍ തുറക്കുമ്പോള്‍ വരുമാനമുണ്ടാക്കാന്‍ ജനങ്ങള്‍ക്ക് എല്ലാറ്റിനും ഫീസ് ഏര്‍പ്പെടുത്തണമെന്നും സെസ് ഈടാക്കണമെന്നും നയരേഖ നിര്‍ദ്ദേശിക്കുന്നുണ്ട്.
നയംമാറ്റമാണെന്നത് അംഗീകരിക്കുന്നുവെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വ്യക്താക്കിയത്. വിഭവ സമാഹരണമാണ് കേരളം ഉയര്‍ത്തുന്ന ബദല്‍ മാതൃകയെന്നാണ് എംവി ഗോവിന്ദന്‍ പ്രതികരിച്ചത്. കേന്ദ്രം അധികവിഭവ സമാഹരണത്തിന് സെസുകളും സര്‍ചാര്‍ജുകളും വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് എംവി ഗോവിന്ദന്‍ ആരോപിച്ചിരുന്നു.
തുടര്‍ ഭരണം മാത്രമാണ് നയം മാറ്റത്തിന്റെ ലക്ഷ്യം. സ്വകാര്യ സര്‍വകലാശാലയക്ക് പിന്നാലെ സ്വകാര്യ പങ്കാളത്തത്തോടെ ഗവേഷണ കേന്ദ്രങ്ങളടക്കം സ്ഥാപിക്കുമെന്നാണ് പ്രഖ്യാപനം. സ്വകാര്യ നിക്ഷേപത്തിന് വാതില്‍ തുറന്നിടുമ്പോള്‍ ജനങ്ങളെ വരുമാനം നോക്കി തരം തിരിച്ച് എല്ലാ സേവനങ്ങള്‍ക്കും ഫീസ് ഈടാക്കിയും ഏറെ കാലമായി ഫീസ് വര്‍ധനവ് വരുത്താത്ത മേഖലകളെ കണ്ടെത്തി വിഭവ സമാഹരണം വേണമെന്നും നയരേഖ പറയുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പലമേഖലകളില്‍ സെസ് എര്‍പ്പെടുത്തുന്നതും ആലോചിക്കണമെന്ന് മുഖ്യമന്ത്രി നയരേഖയില്‍ പറയുന്നു.
വ്യവസായ, ടൂറിസം മേഖലകളിലടക്കം സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുന്നതിനും നഷ്ടത്തിലായ പൊതുമേഖലകളെ പിപിപി മാതൃകയില്‍ മറ്റുന്നതിനുമുള്ള പ്രകടനായ നയം മാറ്റത്തിന്റെ സൂചനയും നയരേഖയിലുണ്ട്. മികച്ച പ്രകടനം ഇല്ലാത്തതും നഷ്ടത്തിലുമായ പൊതുമേഖല സ്ഥാപനങ്ങളില്‍ പിപിപി മാതൃകയില്‍ നിക്ഷേപം കൊണ്ടുവരണമെന്നാണ് നയരേഖയില്‍ വ്യക്തമാക്കുന്നത്. നയരേഖയക്ക് സമ്മേളനത്തിന്റെ അംഗീകാരം വാങ്ങി വ്യവസായിക മേഖലയിലേക്ക് അടുത്ത ഒരു വര്‍ഷം കൊണ്ട് വന്‍ തോതില്‍ സ്വകാര്യ മൂലധനം കൊണ്ടുവരികയാണ് ലക്ഷ്യം.
ടൂറിസം മേഖലയില്‍ വന്‍കിട ഹോട്ടലുകള്‍ സ്ഥാപിക്കാന്‍ സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് അനുമതി നല്‍കുന്നതും പരിഗണിക്കും. വിഭവ സമാഹരണത്തിന് ഡാമിലെ മണലെടുപ്പ് എന്ന പഴയ നിദേശവും നയരേഖയിലുണ്ട്. ഒപ്പം വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തുമെന്നും വ്യക്തമാക്കുന്നു.
പുതിയ സാമ്പത്തിക സ്രോതസുകള്‍ കണ്ടെത്തിയില്ലെങ്കില്‍ കേരളം മുരടിക്കുമെന്നാണ് പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കിയത്. വിഭവസമാഹരണം കൂട്ടിയേ മതിയാകൂ. മൂലധന നിക്ഷേപം ഏത് തരത്തിലായാലും സ്വീകരിക്കുക എന്നതാണ് നവകേരളത്തിനായുള്ള പുതുവഴി നയരേഖ മുന്നോട്ടുവച്ചിട്ടുള്ള കാഴ്ചപ്പാട്. ചരടുകളില്ലാത്ത മൂലധന നിക്ഷേപങ്ങളെ രാജ്യത്തിന്റെ താത്പര്യത്തിനായി ജനങ്ങളുടെ താത്പര്യത്തിന് വേണ്ടി ഫലപ്രദമായിട്ട് ഉപയോഗിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. അപ്പോഴും ജനങ്ങളുടെ താത്പര്യത്തിന് എതിരായ ഒന്നുംതന്നെ ഇക്കാര്യത്തിലുണ്ടാവില്ലെന്നും പാര്‍ട്ടി പറയുന്നു.