ഇപിയെ അനുനയിപ്പിക്കാന്‍ കണ്ണൂരിലെ നേതാക്കളുടെ രക്ഷാപ്രവര്‍ത്തനം; വഴങ്ങാതെ മൗനം പാലിച്ച് ജയരാജന്‍; ലോക്കല്‍-ഏര്യാ സമ്മേളനത്തില്‍ ഇപി പങ്കെടുക്കുമോ?

സംസ്ഥാന നേതൃത്വത്തിന്റെ ദൗര്‍ബല്യം തെളിയിക്കപ്പെട്ടെ സന്ദര്‍ഭങ്ങളില്‍ പാര്‍ട്ടിയിലെ കരുത്തനായ ഇപി ജയരാജന്റെ വിട്ടു നില്‍ക്കല്‍ കണ്ണൂരിലെ നേതാക്കളിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

Update: 2024-09-10 01:14 GMT


കണ്ണൂര്‍: എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം നഷ്ടപ്പെട്ടതോടെ പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുന്ന ഇ.പി ജയരാജനെ അനുനയിപ്പിക്കാന്‍ സി.പി.എം കണ്ണൂര്‍ ജില്ലാ നേതൃത്വം അണിയറ നീക്കം തുടങ്ങി. പാര്‍ട്ടി ബ്രാഞ്ച് സമ്മേളനങ്ങള്‍ അവസാന ഘട്ടത്തില്‍ എത്തിയിരിക്കെ ഇനി നടക്കാനിരിക്കുന്ന ലോക്കല്‍ ഏരിയാ സമ്മേളനങ്ങളില്‍ ഇപിയുടെ അസാന്നിദ്ധ്യം ചര്‍ച്ചയാകാതിരിക്കാനാണ് മുതിര്‍ന്ന നേതാവിനെ പാര്‍ട്ടി പരിപാടികളില്‍ സജീവമാക്കാന്‍ അണിയറ നീക്കങ്ങള്‍ നടത്തുന്നത്.

കഴിഞ്ഞ ദിവസം പയ്യാമ്പലത്ത് നടന്ന ചടയന്‍ ഗോവിന്ദന്‍ ചരമദിനാചരണ പരിപാടിയില്‍ ക്ഷണിച്ചിട്ടും ഇപി ജയരാജന്‍ വിട്ടു നിന്നത് പാര്‍ട്ടി വൃത്തങ്ങളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ആയുര്‍വേദ ചികിത്സ നടത്തുന്നതുകൊണ്ടാണ് ഇ.പി ജയരാജന്‍ പരിപാടിയില്‍ എത്തിച്ചേരാത്തതെന്നു പാര്‍ട്ടി ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നുവെങ്കിലും അങ്ങനെയല്ല കാര്യങ്ങളെന്നാണ് സി.പി.എമ്മിനുള്ളില്‍ നിന്നും ലഭിക്കുന്ന വിവരം. ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായി തിരുവനന്തപുരംആക്കുളത്തെ മകന്റെ ഫ്‌ളാറ്റില്‍ നിന്നും നടത്തിയ കൂടിക്കാഴ്ച്ചയുടെ പേരില്‍ കഴിഞ്ഞ സംസ്ഥാന സെകട്ടറിയേറ്റ് യോഗത്തി ലാണ് ഇ.പി. ജയരാജനെ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നും നീക്കം ചെയ്തത്.

ഇതിനു പിറ്റേന്ന് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലോ അതിനു ശേഷം നടന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലോ ഇപി ജയരാജന്‍ പങ്കെടുത്തില്ല. ആരോളിയിലെ വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന ഇ.പി ജയരാജന്‍ ഒരു തവണ മാത്രമാണ് മാധ്യമപ്രവര്‍ത്തകരോട് ഫോണില്‍ സംസാരിച്ചത്. രാഷ്ട്രീയ അനുഭവങ്ങള്‍ വെച്ചു താന്‍ ആത്മകഥ എഴുതാന്‍ തീരുമാനിച്ചതായും അതു ഉടനെ തുടങ്ങുമെന്നായിരുന്നു ഇപി ജയരാജന്റെ വെളിപ്പെടുത്തല്‍.

കേന്ദ്ര കമ്മിറ്റിയംഗമായ ഇ.പി. ജയരാജനെപാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാക്കുന്നതിന് ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍ ഇതുവരെ കാര്യമായൊന്നും ഉണ്ടായിട്ടില്ല. ഇ.പി ജയരാജനുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന അഖിലേന്ത്യാ സെക്രട്ടറിസീതാറാം യെച്ചൂരി രോഗാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് മറ്റു നേതാക്കള്‍ ആരും ഈ വിഷയം കൈകാര്യം ചെയ്യാന്‍ താല്‍പര്യപ്പെടുന്നുമില്ല. മാത്രമല്ല കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയ പൊളിറ്റ് ബ്യുറോ അംഗം എ.വിജയരാഘവന്‍ ഇ.പി ജയരാജനെ ചടയന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

പാര്‍ട്ടിയില്‍ ഇതുവരെ പ്രവര്‍ത്തിച്ചിട്ട് ഒന്നും ലഭിച്ചിട്ടില്ലെന്നു ചിലര്‍ കരുതുന്നുവെന്നായിരുന്നു വിജയരാഘവന്റെ ഒളിയമ്പ്. മാരകരോഗകാലത്ത് പോലും പാര്‍ട്ടിയുടെ സഹായം തേടാന്‍ ആഗ്രഹിക്കാതെ ചാഞ്ചാട്ടമില്ലാതെ പാര്‍ട്ടിയെ നയിച്ച നേതാവായിരുന്നു ചടയനെന്ന് വിജയരാഘവന്‍ താരതമ്യപ്പെടുത്തുകയും ചെയ്തു. ഈ വിമര്‍ശനം ഇ.പിയെ ലക്ഷ്യമിട്ടുള്ളതാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

എ.ഡി.ജി.പി.എം.ആര്‍ അജിത്ത് കുമാര്‍ ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയ വിവരം സ്ഥിരീകരിക്കപ്പെട്ടതോടെ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാതെ ഒളിച്ചു കളിക്കുന്ന പാര്‍ട്ടിയും സര്‍ക്കാരും ഇ.പി നടത്തിയ രാഷ്ട്രീയേതര കൂടിക്കാഴ്ച്ചയില്‍ ദ്രുതഗതിയില്‍ അദ്ദേഹത്തെ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നും നീക്കിയത് എന്തിനെന്ന ചോദ്യവും പാര്‍ട്ടി ബ്രാഞ്ച് സമ്മേളനങ്ങളില്‍ ഉയരുന്നുണ്ട്.

പാര്‍ട്ടി സമ്മേളന കാലയളവില്‍ ഇതുവരെയില്ലാത്ത രാഷ്ട്രീയവിവാദങ്ങളാണ് കേരളത്തിലെ സി.പി.എം നേരിടുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ ദൗര്‍ബല്യം തെളിയിക്കപ്പെട്ടെ സന്ദര്‍ഭങ്ങളില്‍ പാര്‍ട്ടിയിലെ കരുത്തനായ ഇപി ജയരാജന്റെ വിട്ടു നില്‍ക്കല്‍ കണ്ണൂരിലെ നേതാക്കളിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

Tags:    

Similar News