ജി സുധാകരന്‍ ഇടഞ്ഞുതന്നെ! നാലര വര്‍ഷത്തിന് ശേഷം ലഭിച്ച അവസരവും വേണ്ടെന്ന് വച്ചു; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ നിന്ന് വിട്ടുനിന്നു; മുതിര്‍ന്ന നേതാക്കള്‍ വീട്ടിലെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും പിണക്കം മാറാതെ മുതിര്‍ന്ന നേതാവ്

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ നിന്ന് ജി. സുധാകരന്‍ വിട്ടുനിന്നു

Update: 2025-10-27 11:35 GMT

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത തോട്ടപ്പള്ളി നാലുചിറ പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മുതിര്‍ന്ന സിപിഎം നേതാവും മുന്‍ പൊതുമരാമത്ത് മന്ത്രിയുമായ ജി. സുധാകരന്‍ വിട്ടുനിന്നു. നാലര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു സര്‍ക്കാര്‍ പരിപാടിയില്‍ ജി സുധാകരനെ ഉള്‍പ്പെടുത്തി പോസ്റ്ററും നോട്ടീസുമിറക്കിയത്. മന്ത്രി മുഹമ്മദ് റിയാസാണ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചത്.

ജി. സുധാകരന്‍ മന്ത്രിയായിരുന്ന ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് 38 കോടി രൂപ വകയിരുത്തി നാലുചിറ പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. പിന്നീട് പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുത്തപ്പോള്‍ 22 കോടി രൂപ കൂടി അനുവദിച്ച് പാലം പൂര്‍ത്തിയാക്കി. നോട്ടീസില്‍, ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ആരംഭിക്കുകയും രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തീകരിക്കുകയും ചെയ്തതായി പാലത്തിന്റെ നിര്‍മ്മാണത്തെക്കുറിച്ച് രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍, കഴിഞ്ഞ നാലര വര്‍ഷത്തിനിടെ നഗരത്തിലെ നാല്‍പ്പാലമുള്‍പ്പെടെ സുധാകരന്റെ കാലത്ത് ആരംഭിച്ച നിരവധി പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകളില്‍ അദ്ദേഹത്തെ അവഗണിച്ചിരുന്നു. ഇതാദ്യമായാണ് ഇത്രയധികം കാലത്തിന് ശേഷം ഒരു സര്‍ക്കാര്‍ പരിപാടിയില്‍ അദ്ദേഹത്തെ ഔദ്യോഗികമായി ഉള്‍പ്പെടുത്തിയത്.

പാലം യാഥാര്‍ഥ്യമാക്കിയ ജി. സുധാകരന് വേണ്ടി ഉദ്ഘാടനത്തോടനുബന്ധിച്ച് നാട്ടുകാരുടെ നേതൃത്വത്തില്‍ സ്വീകരണ പരിപാടി ആസൂത്രണം ചെയ്തിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 'മുഖ്യമന്ത്രിയാണ് പാലം ഉദ്ഘാടനം ചെയ്യുന്നത്. ബാക്കി കാര്യങ്ങള്‍ അറിയില്ല,' എന്ന് മാധ്യമങ്ങളോട് പ്രതികരിച്ച സുധാകരന്‍, ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമോ എന്നത് പ്രസക്തമല്ലെന്നും സൂചിപ്പിച്ചിരുന്നു.

പാര്‍ട്ടി പരിപാടികളില്‍ നിന്ന് ഒഴിവാക്കുന്നതിലുള്ള അതൃപ്തി പലതവണ ജി. സുധാകരന്‍ പരസ്യമാക്കിയിരുന്നു. അടുത്തകാലത്ത് മന്ത്രി സജി ചെറിയാനെതിരേ അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാത, ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ എന്നിവര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തിയിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷം മന്ത്രി സജി ചെറിയാനും ജി. സുധാകരനും ഒരുമിച്ച് വേദി പങ്കിടുന്ന സാഹചര്യം ഒത്തുവന്നെങ്കിലും സുധാകരന്‍ പങ്കെടുക്കാതിരുന്നതോടെ അത് നടപ്പായില്ല. പുന്നപ്ര-വയലാര്‍ സമരവാര്‍ഷികത്തിന്റെ ഭാഗമായി ഞായറാഴ്ച ആലപ്പുഴയില്‍ നടക്കുന്ന ദീപശിഖ തെളിയിക്കുന്ന ചടങ്ങിലേക്കും സുധാകരനെ ക്ഷണിച്ചിട്ടുണ്ട്.

Tags:    

Similar News