എഡിഎം നവീന്‍ ബാബുവിന്റെ മരണം: പി പി ദിവ്യയെ സംരക്ഷിക്കില്ല; ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി; കുറ്റക്കാരിയെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി എന്നും മുഖ്യമന്ത്രി; പി പി ദിവ്യ ഇപ്പോഴും ഒളിവില്‍; കണ്ടെത്താന്‍ ശ്രമിക്കാതെ പൊലീസും
പിപി ദിവ്യയെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി
കണ്ണൂര്‍: എഡിഎം കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും ദിവ്യയെ മാറ്റിയതാണ്. കുറ്റക്കാരിയെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി എല്‍ഡിഎഫ് യോഗത്തില്‍ നിലപാട് വ്യക്തമാക്കി.
ദിവ്യക്കെതിരെ കേസെടുത്ത് അന്വേഷണം നടന്നുവരികയാണ്. അതില്‍ ഒരുതരത്തിലുമുള്ള ബാഹ്യ ഇടപെടലുകള്‍ ഉണ്ടായിട്ടില്ല. ഇപ്പോള്‍ കെ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പം നില്‍ക്കേണ്ട സമയമാണെന്നും സര്‍ക്കാര്‍ കുടുംബത്തിന് ഒപ്പം ഇല്ല എന്ന വ്യാഖ്യാനത്തിന് ഇടവരുത്തുന്ന പ്രസ്താവനകളില്‍ നിന്നും നേതാക്കള്‍ മാറിനില്‍ക്കണമെന്നും എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, കേസില്‍ പ്രതി ചേര്‍ത്ത സിപിഎം നേതാവ് പി പി ദിവ്യയെ പൊലീസ് ചോദ്യം ചെയ്യുന്നില്ലെന്ന ആക്ഷപവും ഉയരുന്നു. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ തീരുമാനം വരാന്‍ കാക്കുകയാണ് പൊലീസ്. ദിവ്യ ഇരിണാവിലെ വീട്ടില്‍ ഇല്ലെന്നാണ് വിവരം. പൊലീസ് അന്വേഷണത്തില്‍ മാത്രമല്ല റവന്യു വകുപ്പ് അന്വേഷണത്തിലും ദിവ്യയുടെ മൊഴിയെടുത്തിട്ടില്ല. ദിവ്യ സാവകാശം തേടിയെന്നായിരുന്നു കളക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുത്ത ശേഷം എ ഗീത പറഞ്ഞു.
അഴിമതിക്കെതിരെ സദുദ്ദേശപരമായി മാത്രമാണ് താന്‍ സംസാരിച്ചതെന്നും എ ഡി എമ്മിനെ ആത്മഹത്യയിലേക്ക് തള്ളിവിടാനായിരുന്നില്ലെന്നുമാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ദിവ്യ ചൂണ്ടികാട്ടിയിരിക്കുന്നത്. ഫയല്‍ നീക്കം വേഗത്തിലാക്കണമെന്നതാണ് താന്‍ ഉദ്ദേശിച്ചതെന്നും അവര്‍ വിവരിച്ചിട്ടുണ്ട്. പ്രസംഗത്തിന്റെ വീഡിയോ അടക്കം സമര്‍പ്പിച്ചുകൊണ്ടാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ദിവ്യ ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്.