മുഖ്യമന്ത്രിയുടെ ജമാഅത്ത് വിമര്‍ശനം ആര്‍.എസ്.എസ് ബാന്ധവം മറച്ചുവെക്കാന്‍; സി.പി.എം തീവ്രവാദ ചാപ്പ കുത്താത്തവരായി ഒരു മുസ്‌ലിം സംഘടനയുമില്ല; ഖലീഫമാര്‍ കുഴപ്പക്കാരാണെന്ന വാദം സി.പി.എമ്മിനുണ്ടോ? പിണറായിക്ക് മറുപടിയുമായി ജമാഅത്തെ ഇസ്ലാമി
പിണറായിക്ക് മറുപടിയുമായി ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്: പി ജയരാജന്റെ പുസ്തകത്തിലെ വിമര്‍ശനം ഏറ്റുപിടിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ജമാഅത്തെ ഇസ്ലാമി രംഗത്ത്. വിവിധ പ്രശ്‌നങ്ങളില്‍നിന്ന് തന്റെ കുടുംബത്തെ രക്ഷപ്പെടുത്താന്‍ ആര്‍.എസ്.എസിന് വിധേയപ്പെട്ട മുഖ്യമന്ത്രി അതില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ ജമാഅത്തെ ഇസ്‌ലാമിയെ ഉന്നംവെക്കുകയാണെന്ന് കേരള അമീര്‍ പി. മുജീബ് റഹ്മാന്‍ ആരോപിച്ചു. ജമാഅത്തിനെ മാത്രമല്ല, മിക്ക മുസ്‌ലിം സംഘടനകളുടെ കാര്യത്തിലും സംഘ്പരിവാര്‍ സൃഷ്ടിക്കുന്ന മുദ്രകുത്തലിന് മുഖ്യമന്ത്രിയും പാര്‍ട്ടിയും പിന്തുണ നല്‍കുകയാണെന്നും മുജീബ് റഹ്മാന്‍ പറഞ്ഞു. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം തീവ്രവാദ ചാപ്പ കുത്താത്തവരായി ഒരു മുസ്‌ലിം സംഘടനയുമില്ല. മുഖ്യമന്ത്രി പറഞ്ഞപോലെ മുസ്‌ലിം സമുദായം ആദരിക്കുന്ന, ലോകത്ത് ആരും മോശാഭിപ്രായം പറയാത്ത ഖലീഫമാര്‍ കുഴപ്പക്കാരാണെന്ന വാദം സി.പി.എമ്മിനുണ്ടോ ആറാം നൂറ്റാണ്ടിലെ 'പ്രാകൃത' പ്രയോഗം പോലെ തന്നെയാണ് മുഖ്യമന്ത്രിയുടെ ഖലീഫ വിമര്‍ശനം. ഇതുപോലെ കേരളത്തിലെ മറ്റേതെങ്കിലും സമുദായത്തിലെ വിഭാഗീയതില്‍ ഇടപെട്ട് അവരെ ചാപ്പ കുത്താനുള്ള ധൈര്യം മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമുണ്ടോ എന്നും അമീര്‍ ചോദിച്ചു.
തൃശൂര്‍ പൂരം കലക്കിയ സംഭവത്തിലൂടെ ബി.ജെ.പിക്ക് ലോക്‌സഭയില്‍ സീറ്റ് കിട്ടിയ സാഹര്യത്തിലും അവിടെ ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ടും പൂരം കലക്കിയത് ശരിവെക്കുന്നതാണ്. എന്നിട്ടും മുന്‍ എ.ഡി.ജി.പി അജിത്കുമാറിന്റെ ആര്‍.എസ്.എസ് ബന്ധം മറച്ചുവെക്കാന്‍ മുഖ്യമന്ത്രി നടത്തുന്ന ഗിമ്മിക്കിന്റെ ഭാഗമാണ് ജമാഅത്തിനും മുസ്‌ലിം സംഘടനകള്‍ക്കുമെതിരായ ആരോപണങ്ങള്‍. സ്വര്‍ണക്കടത്തും മലപ്പുറത്തെക്കുറിച്ച വിമര്‍ശനവും ഡല്‍ഹിയില്‍ പത്രത്തിന് നല്‍കിയ പി.ആര്‍ അഭുമുഖവുമെല്ലാം തന്റെ കുടുംബത്തിനായുള്ള ആര്‍.എസ്.എസ് ബന്ധത്തില്‍നിന്ന് ശ്രദ്ധതിരിക്കാനാണ്.
ആഗോള ഭീകരതയുമായി ജമാഅത്തിന് ബന്ധമുണ്ടെന്ന ആരോപണത്തില്‍ തെളിവ് ഹാജരാക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ബന്ധമുള്ള സംസ്ഥാന ആഭ്യന്തര മന്ത്രി ഇക്കാര്യത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം. തെളിവ് ഹാജരാക്കാനില്ലെങ്കില്‍ ഉത്തരവാദ സ്ഥാനത്തിരിക്കുന്ന മുഖ്യമന്ത്രി കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ സൃഷ്ടിക്കുന്ന പരിക്ക് ചില്ലറയല്ലെന്നും അമീര്‍ വ്യക്തമാക്കി. എതിരാളികള്‍ക്കെതിരെ എങ്ങനെയും പ്രയോഗിക്കാനുള്ളതല്ല തീവ്രവാദം.
ചരിത്രത്തില്‍ സായുധ വിപ്ലവത്തിന്റെ കാര്യത്തിലും രാഷ്ട്രീയ സംഘട്ടനത്തിന്റെ കാര്യത്തിലും സി.പി.എമ്മിന്റെ തീവ്രവാദം പകല്‍പോലെ വ്യക്തമാണ്. വിവിധ രാജ്യങ്ങളില്‍ കോടിക്കണക്കിന് പേരെ കൊന്നൊടുക്കിയും ദേശീയ തലത്തില്‍ സ്വാതന്ത്ര്യാനന്തരം സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്തും സംസ്ഥാനത്ത് എതിരാളികളെ വകവരുത്താന്‍ ക്വട്ടേഷന്‍ സംഘങ്ങളെ വളര്‍ത്തിയും ടി.പി. ചന്ദ്രശേഖരനെയും അരിയില്‍ ഷുക്കൂറിനെയും കൊലപ്പെടുത്തിയും തീവ്രവാദം തെളിയിച്ച സി.പി.എമ്മാണ് തികച്ചും സമാധാനപരമായി പ്രവര്‍ത്തിക്കുന്ന ജമാഅത്തിന് നേരെ തീവ്രവാദ ആരോപണം നടത്തുന്നത്.
രണ്ട് കൊലക്കേസുകളിലും 10 ക്രിമിനല്‍ കേസുകളിലും പ്രതിയായ പി. ജയരാജനാണ് കൂടെ കൊണ്ടുനടന്ന മഅ്ദനിക്കെതിരെയും മറ്റു മുസ്‌ലിം സംഘനകള്‍ക്കെതിരെയും തീവ്രവാദം പറയുന്നത്. നിരവധി തെരഞ്ഞെടുപ്പുകളിലും മറ്റും ജമാഅത്തിന്റെ വിഷയാധിഷ്ഠിത പിന്തുണ സ്വീകരിക്കുകയും അതിനെ പുകഴ്ത്തുകയും ചെയ്തവര്‍ ഇപ്പോള്‍ തീവ്രവാദ ചാപ്പയുമായി രംഗത്തുവന്നത് തങ്ങളുടെ രാഷ്ട്രീയ പാപ്പരത്തമാണ് തെളിയിക്കുന്നതെന്നും അമീര്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ ആര്‍.എസ്.എസ് ബന്ധം സി.പി.ഐക്ക് മനസ്സിലായിട്ടുണ്ട്. ഇത് ഒരു വ്യക്തിയുടെ പ്രശ്‌നമല്ലാത്തതിനാല്‍ സി.പി.എമ്മും ഇക്കാര്യം മനസ്സിലാക്കണം. സാമൂഹിക അന്തരീക്ഷം കലുഷിതമാക്കുന്ന നിലപാടുകളില്‍നിന്ന് പാര്‍ട്ടി പിന്മാറണം. ജമാഅത്ത് കാപ്‌സ്യൂള്‍ കൊണ്ട് സി.പി.എമ്മിന് രക്ഷപ്പെടാനാകില്ല. കേരളത്തിലെ ഇസ്‌ലാമോഫോബിക് അന്തരീക്ഷത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനകളുണ്ടാക്കുന്ന ആഘാതം ഗൗരവമായി മനസ്സിലാക്കണമെന്നും അമീര്‍ ആവശ്യപ്പെട്ടു.