മുനമ്പത്തെ മുന്‍നിര്‍ത്തി ബില്ലിലെ ചില വ്യവസ്ഥകളെ അംഗീകരിക്കുന്നു; ക്രൈസ്തവ സഭകളെ തള്ളാതെ അനുനയ വഴിയില്‍ ജോസ് കെ മാണി; വഖഫ് ബോര്‍ഡില്‍ അമുസ്ലിങ്ങളെ ഉള്‍പ്പെടുത്തിയതിനെ അംഗീകരിക്കാനാവില്ലെന്നും വാദം; രാജ്യസഭയില്‍ ബില്ലിനെ എതിര്‍ക്കുന്ന നിലപാട് കൈക്കൊണ്ടാല്‍ സിപിഎം വെട്ടിലാകും

മുനമ്പത്തെ മുന്‍നിര്‍ത്തി ബില്ലിലെ ചില വ്യവസ്ഥകളെ അംഗീകരിക്കുന്നു

Update: 2025-04-03 09:23 GMT

കോട്ടയം: വഖഫ് ബില്ലിലൂടെ മുനമ്പം പ്രശ്നം പരിഹരിക്കാന്‍ സാഹചര്യം ഒരുങ്ങുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. ബില്ലിലെ ചില വ്യവസ്ഥകളോട് യോജിപ്പാണ്. മുനമ്പത്തെ മുന്‍നിര്‍ത്തിയാണ് വഖഫ് ബില്ലിലെ ചില വ്യവസ്ഥകളെ അംഗീകരിക്കുന്നത്. അതേസമയം ബില്ലിനെ പൊതുവില്‍ എതിര്‍ക്കുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു. ബില്ലിനെ പൂര്‍ണമായും തള്ളാത്ത നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത്.

വഖഫ് ബോര്‍ഡിലും ട്രൈബ്യൂണലിലും നീതി കിട്ടിയില്ലെങ്കില്‍ കോടതിയില്‍ പോകാമെന്ന ബില്ലിലെ വ്യവസ്ഥയെ സ്വാഗതം ചെയ്യുന്നു. ആ വ്യവസ്ഥ മുനമ്പത്തിന് പ്രതീക്ഷ നല്‍കുന്നതാണ് എന്നും ജോസ് കെ മാണി പറഞ്ഞു. അതേസമയം വഖഫ് ബില്ലിലെ പല വ്യവസ്ഥകളും ജനാധിപത്യ വിരുദ്ധമാണ്. അതിനെ എതിര്‍ക്കുന്നു. വഖഫ് ബോര്‍ഡില്‍ അമുസ്ലിങ്ങളെ ഉള്‍പ്പെടുത്തിയതിനെ അംഗീകരിക്കാനാവില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

സിപിഎമ്മിന്റെ താല്‍പ്പര്യത്തില്‍ മുന്നണിയുടെ ഭാഗമായതാണ് ജോസ് കെ മാണിയും കൂട്ടരും. അവര്‍ മുന്നണിയുടെ പൊതുനിലപാടിന് വിരുദ്ധമായ നിലപാട് എടുക്കുന്നതില്‍ മറുപടി പറയേണ്ടി വരിക സിപിഎമ്മാകും. എന്നാല്‍, കത്തോലിക്കാ സഭയെ പിണക്കാത്ത നിലപാട് സ്വീകരിക്കാനാണ് ജോസ് കെമാണി ഒരുങ്ങുന്നത്.

ക്രൈസ്തവ സഭാ നേതാക്കള്‍ക്കിടയില്‍ പഴയ സ്വാധീനം എല്ല എന്ന ചിന്ത ജോസ് കെ മാണിയെ കുറച്ച് നാളായി അലട്ടുന്നുണ്ട്. ഇടതു മുന്നണിയുടെ ഭാഗമായതോടെ എല്ലാ കാലത്തും ചേര്‍ത്ത് നിര്‍ത്തിയ കത്തോലിക്ക സഭ ചെറിയ രീതിയിലെങ്കിലും അകല്‍ച്ച കാണിക്കുന്നുണ്ട്. ഇതിനെ എല്ലാം ഒറ്റയടിക്ക് മറികടക്കാനാണ് വഖഫ് ബില്ലിലെ അവസരം ജോസ് കെ മാണി ഉപയോഗിക്കുന്നത്. ബില്ലിനെ കേരളത്തിലെ എംപിമാര്‍ അനുകൂലിക്കണമെന്ന് കത്തോലിക്ക് മെത്രാന്‍ സമിതി ആവശ്യപ്പെട്ടിരുന്നു. സുരേഷ് ഗോപി ഒഴികെ ആരും ഇത് പരിഗണിച്ചില്ല. ഈ അവസരമാണ് ജോസ് കെ മാണ് ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നത്.

ജോസ് കെ മാണിയുടെ ഈ പിന്തുണക്കെതിരെ സിപിഎം നിലപാട് എടുക്കും എന്ന് ഉറപ്പാണ്. കാരണം മുന്നണിയില്‍ ഇതുസംബന്ധിച്ച് വിമര്‍ശനം ഉണ്ടായാല്‍ മറുപടി പറയേണ്ടി വരിക സിപിഎമ്മാണ്. അതേസമയം വഖഫ് ബില്ലിനെ കേരള പ്രതിനിധികള്‍ പിന്തുണയ്ക്കാത്തതില്‍ വിഷമമുണ്ടെന്ന് കെസിബിസി വക്താവ് ഫാ. തോമസ് തറയില്‍ പറഞ്ഞു. ബില്‍ മുനമ്പത്തിന് എങ്ങനെ ഗുണം ചെയ്യുമെന്ന് പഠിക്കണം. വഖഫ് ഭേദഗതി ബില്ലിന് നല്‍കിയ പിന്തുണയില്‍ രാഷ്ട്രീയമില്ലെന്നും കെസിബിസി വക്താവ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, കെ.സി.ബി.സി നേതൃത്വത്തിന് പരോക്ഷ മറുപടിയുമായി വി.ഡി.സതീശന്‍ രംഗത്തെത്തി. എം.പിമാര്‍ക്ക് വിപ്പ് കൊടുക്കുന്നത് പാര്‍ട്ടിയല്ലേ? വഖഫ് ബില്ലിന് മുന്‍കാല പ്രാബല്യമില്ലെന്നത് വ്യക്തം. ചര്‍ച്ച് ബില്‍ വന്നാലും യു.ഡി.എഫ് കൃത്യമായ നിലപാടെടുക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം വഖഫ് ബില്‍ കൊണ്ട് മുനമ്പത്തെ പ്രശ്‌നം തീരില്ലെന്നാണ് വി.ഡി.സതീശന്റെ നിലപാട്. സംസ്ഥാന സര്‍ക്കാര്‍ വിചാരിച്ചാല്‍ 10 മിനിറ്റില്‍ പ്രശ്‌നം തീര്‍ക്കാം. ഒരു വിഭാഗത്തെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചാല്‍ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കും. വഖഫ് ബില്ലിനെ ശക്തമായി കോണ്‍ഗ്രസ് എതിര്‍ത്തു, നാളെ ചര്‍ച്ച് ബില്ലിനെയും എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുനമ്പത്ത് കുടിയൊഴിപ്പിക്കല്‍ പാടില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് മുസ്‌ലിം ലീഗും പ്രതികരിച്ചു. വഖഫ് ബില്ലും മുനമ്പവും കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സംസ്ഥാനസര്‍ക്കാര്‍ അടിയന്തരപരിഹാരത്തിന് ശ്രമിക്കണം. ക്രൈസ്തവനേതൃത്വവുമായി ചര്‍ച്ചചെയ്യുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ബില്ലിനെതിരെ മന്ത്രി പി.രാജീവ് രംഗത്തെത്തി.

വഖഫ് ഭേദഗതി ബില്‍ മുനമ്പം പ്രശ്‌നത്തിന് ശാശ്വതപരിഹാരമെന്ന വാദം ശരിയല്ലെന്നും ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെയും ജനങ്ങളെയും പൂര്‍ണമായി തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമെന്നും പി.രാജീവ് പറഞ്ഞു. ഒരു പരിഹാര ക്ലോസും ബില്ലിലില്ലെന്നും ആളുകള്‍ യാഥാര്‍ഥ്യം അറിയാന്‍ പോകുന്നേയുള്ളൂവെന്നും മന്ത്രി. രാജ്യസഭയില്‍ കാണാമെന്ന് തോമസ് ഐസകും പ്രതികരിച്ചു. കോണ്‍ഗ്രസിന് വഖഫ് വിഷയത്തില്‍ രണ്ടു മനസാണ്. കോണ്‍ഗ്രസിന് വടക്കേന്ത്യയില്‍ മൃദുഹിന്ദുത്വവും തെക്കേന്ത്യയില്‍ മതേതരത്വവും. കോണ്‍ഗ്രസിന് വേട്ടനായയുടെ സ്വഭാവമെന്നും തോമസ് ഐസക് പറഞ്ഞു.

Tags:    

Similar News