'സിനിമാ സ്‌റ്റൈലില്‍ ആക്രോശിക്കാന്‍ മാത്രമേ സുരേഷ് ഗോപിക്ക് അറിയൂ; ആ ആക്രോശം കോണ്‍ഗ്രസിനോട് വേണ്ടെന്ന്' കെ സി വേണുഗോപാല്‍; 'സുരേഷ് ഗോപി കണ്ണാടിയില്‍ നോക്കി പറഞ്ഞതാകാം' എന്ന് ജോസഫ് ടാജറ്റും; കേന്ദ്രമന്ത്രിയുടെ 'വാനരന്മാര്‍' പ്രയോഗത്തിന് മറുപടിയുമായി കോണ്‍ഗ്രസ്
'സിനിമാ സ്‌റ്റൈലില്‍ ആക്രോശിക്കാന്‍ മാത്രമേ സുരേഷ് ഗോപിക്ക് അറിയൂ
തൃശ്ശൂര്‍: തൃശൂരിലെ വോട്ടര്‍പട്ടിക വിവാദവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ 'വാനരന്മാര്‍' പ്രയോഗത്തില്‍ തിരിച്ചടിച്ച് കോണ്‍ഗ്രസ്. ആരോപണം ഉന്നയിച്ചവരെ 'വാനരന്മാര്‍' എന്ന് സുരേഷ് ഗോപി പരിഹസിച്ചതിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ രംഗത്തെത്തി. സിനിമാ സ്‌റ്റൈലില്‍ ആക്രോശിക്കാന്‍ മാത്രമേ സുരേഷ് ഗോപിക്ക് അറിയൂ എന്നും, ആ ആക്രോശം കോണ്‍ഗ്രസിനോട് വേണ്ടെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി തൃശൂര്‍ ഡി.സി.സി. അധ്യക്ഷന്‍ ജോസഫ് ടാജറ്റും രംഗത്തെത്തി. സുരേഷ് ഗോപി കണ്ണാടിയില്‍ നോക്കി പറഞ്ഞതാകാം ഈ മറുപടിയെന്ന് അദ്ദേഹം പരിഹസിച്ചു. സുരേഷ് ഗോപിയുടെ നിലവാരത്തില്‍ തനിക്ക് മറുപടി പറയാന്‍ കഴിയില്ലെന്നും ടാജറ്റ് പറഞ്ഞു.
വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഒടുവില്‍ സുരേഷ് ഗോപി വാ തുറന്നത് തൃശൂരിലെ ജനങ്ങളെ അപമാനിക്കുന്ന തരത്തിലാണ്. കേന്ദ്രമന്തി സുരേഷ് ഗോപിയുടെ പരാമര്‍ശം കണ്ണാടിയില്‍ നോക്കിയുള്ളതാണ്. സുരേഷ് ഗോപി അനധികൃതമായി ചേര്‍ത്ത വോട്ടുകളെക്കുറിച്ചാണ് കോണ്‍ഗ്രസ് പറഞ്ഞത്. ജയിച്ചു മന്ത്രിയായി. ഇതോടെ ഉത്തരവാദിത്വം കഴിഞ്ഞുവെന്നാണ് സുരേഷ് ഗോപി പറയുന്നത്.
ഞങ്ങള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് മറുപടി പറയേണ്ടത് ജനപ്രതിനിധിയാണ്. ഈ പ്രയോഗത്തിലൂടെ തൃശൂരിലെ വോട്ടര്‍മാരെയും ജനങ്ങളെയും അവഹേളിച്ചു.തെറ്റ് പറ്റിയപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടി നല്‍കിയ മറുപടിയാണിത്. എന്ത് പദപ്രയോഗം നടത്തിയാലും കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങളില്‍ നിന്ന് പിന്നോട്ട് പോകില്ല. സുരേഷ് ഗോപി ഇനിയെങ്കിലും കണ്ണാടിയില്‍ നോക്കാതെ മറുപടി പറയണമെന്നും ജോസഫ് ടാജറ്റ് പറഞ്ഞു. പലസ്ഥലങ്ങളിലും വോട്ടുകള്‍ ചേര്‍ത്തിട്ടുണ്ടെന്ന് ബിജെപി നേതാക്കള്‍ തന്നെ സമ്മതിച്ചത് കുറ്റസമ്മതമാണ്.
തെരഞ്ഞെടുപ്പ് അട്ടിമറി നടന്നിട്ടുണ്ടോ എന്നത് ഇപ്പോഴും സംശയിക്കുന്നു. പരിശോധനകള്‍ പൂര്‍ത്തിയാകുന്നതിനുശേഷം അക്കാര്യങ്ങളില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തുമെന്നും പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് തൃശ്ശൂരില്‍ കോണ്‍ഗ്രസിന് വീഴ്ചകള്‍ സംഭവിച്ചിട്ടില്ല എന്ന് തന്നെയാണ് ഇപ്പോഴും പറയുന്നതെന്നും ജോസഫ് ടാജറ്റ് പറഞ്ഞു. തൃശൂര്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി കല്ലാര്‍ ബാബുവിന്റെ രാജി ഫേസ്ബുക്കിലൂടെയാണ് അറിയുന്നതെന്നും കാര്യം എന്താണെന്ന് അറിയില്ലെന്നും ഇപ്പോള്‍ വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ലെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്താണ് പറയാന്‍ പോകുന്നതെന്ന് മുന്‍കൂട്ടി അറിഞ്ഞതിന്റെ ആത്മവിശ്വാസമാണ് രാവിലെ സുരേഷ് ഗോപി പ്രകടിപ്പിച്ചതെന്ന് സിപിഐ നേതാവ് വി.എസ് സുനില്‍ കുമാര്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കുമെന്ന് രാവിലെ സുരേഷ് ഗോപി പറഞ്ഞതിന് പിന്നാലെ കമ്മീഷന്‍ മറുപടി നല്‍കുന്നു. സര്‍ക്കാര്‍ പറയുന്നതിന് അനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത് പോലെയാണ് കാര്യങ്ങളെന്നും സുനില്‍ കുമാര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും സുനില്‍ കുമാറിന്റെ വിമര്‍ശനം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയത് രാഷ്ട്രീയ പ്രസ്താവന മാത്രമാണെന്നും ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് വരേണ്ട മറുപടിയല്ല ഉണ്ടായതെന്നും സുനില്‍ കുമാര്‍ വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വിഷയങ്ങളിലെ മെറിറ്റിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോയില്ല. രാജ്യത്ത് ഉയര്‍ന്നുവന്ന പരാതികളെക്കുറിച്ചുള്ള വിഷയത്തിലായിരുന്നു മറുപടി പറയേണ്ടിയിരുന്നതെന്നും സുനില്‍ കുമാര്‍ പ്രതികരിച്ചു.
തൃശൂര്‍ മണ്ഡലത്തില്‍ ഇല്ലാത്തവര്‍ തൃശൂര്‍ മണ്ഡലത്തിലെ പ്രതിനിധിയെ തെരഞ്ഞെടുത്തതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. പ്രതിപക്ഷ നേതാവ് രാഷ്ട്രീയം കളിക്കുന്നുവെന്ന പ്രസ്താവന കേട്ടാല്‍ ഭരണകക്ഷിയിലെ ഒരു മന്ത്രി നല്‍കിയ മറുപടി പോലെയുണ്ടെന്നും സുനില്‍ കുമാര്‍ പറഞ്ഞു. വാനരന്മാരാണ് പരാതി നല്‍കിയതെന്നത് തരം താഴ്ന്ന പ്രയോഗമാണെന്നും അദ്ദേഹം പ്രതികരിച്ചു.
ശക്തന്‍ തമ്പുരാന്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് സുരേഷ് ഗോപി വിവാദ പരാമര്‍ശം നടത്തിയത്. താന്‍ മന്ത്രിയാണെന്നും ആ ഉത്തരവാദിത്തം നിര്‍വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടിക സംബന്ധിച്ച ആരോപണങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയട്ടെ. രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയുണ്ടല്ലോ എന്നും അദ്ദേഹം ചോദിച്ചു. 'വാനരന്മാര്‍' എന്ന് വിശേഷിപ്പിച്ച് ആരോപണം ഉന്നയിച്ചവരെ അദ്ദേഹം പരിഹസിച്ചു.