കെപിസിസി അധ്യക്ഷനെ മാറ്റുന്നത് ഹൈക്കമാന്‍ഡ് സൂചിപ്പിച്ചിട്ടില്ല; ഹൈക്കമാന്‍ഡ് നില്‍ക്കാന്‍ പറഞ്ഞാല്‍ നില്‍ക്കും; പോകാന്‍ പറഞ്ഞാല്‍ പോകും; ഡല്‍ഹി ചര്‍ച്ചയില്‍ സംതൃപ്തനും സന്തോഷവാനുമെന്ന് കെ സുധാകരന്‍; അധ്യക്ഷ സ്ഥാനത്തേക്ക് ആന്റോ ആന്റണിക്കായി സമ്മര്‍ദ്ദം ചെലുത്തുന്നത് റോബര്‍ട്ട് വാദ്രയും പ്രിയങ്ക ഗാന്ധിയുമെന്ന് റിപ്പോര്‍ട്ടുകള്‍

കെപിസിസി അധ്യക്ഷനെ മാറ്റുന്നത് ഹൈക്കമാന്‍ഡ് സൂചിപ്പിച്ചിട്ടില്ല

Update: 2025-05-03 05:43 GMT

കണ്ണൂര്‍: കെപിസിസി പ്രസിഡന്റിനെ മാറ്റേണ്ട സാഹചര്യം കേരളത്തിലുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്ന് കെ. സുധാകരന്‍. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യം ഡല്‍ഹിയില്‍ ചര്‍ച്ചയായിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. തന്നെ അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റുമോ ഇല്ലയോ എന്ന് ഹൈക്കമാന്റിനോട് ചോദിക്കണം. ഹൈക്കമന്റ് എടുക്കുന്ന തീരുമാനം അംഗീകരിക്കും. പ്രസിഡന്റ് സ്ഥാനത്ത് തുടരില്ല എന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ല. പകരം ആരുടേയും പേര് നിര്‍ദേശിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

ഇന്നലെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായുള്ള കൂടിക്കാഴ്ചയില്‍ കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയാന്‍ സുധാകരന്‍ സന്നദ്ധത അറിയിച്ചുവെന്ന വിധത്തില്‍ വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും അതെല്ലാം തള്ളിക്കളകയുകായണ് സുധാകരന്‍. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടക്കുന്ന യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതെയാണ് സുധാകരന്‍ ഡല്‍ഹിയിലെത്തിയത്. പുതിയ പ്രസിഡന്റിനെ കോണ്‍ഗ്രസ് ഹൈക്കമാന്റ് പ്രഖ്യാപിച്ചേക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സുധാകരന്റെ പ്രതികരണം.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ഇന്നലെയായിരുന്നു നാല്‍പത് മിനിട്ട് നീണ്ടു നിന്ന കൂടിക്കാഴ്ച. രാഹുല്‍ ഗാന്ധിയും ഖര്‍ഗക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു. നിലമ്പൂര്‍ ഉപതെരഞ്ഞടുപ്പ്, പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പ്, അത് കഴിഞ്ഞാല്‍ നിയമസഭ തെരഞ്ഞെടുപ്പ്. പാര്‍ട്ടിയുടെ മുന്‍പിലുള്ള വെല്ലുവിളികള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി, ട്രഷറര്‍ പദവി ഒഴിഞ്ഞു കിടക്കുന്നതടക്കം സംഘടന വിഷയങ്ങളിലും ചര്‍ച്ച നടന്നു. നേതൃമാറ്റത്തില്‍ കാര്യമായ ചര്‍ച്ച നടന്നിട്ടില്ലെങ്കിലും, പുനസംഘടനയുടെ ഭാഗമായി ചില മാറ്റങ്ങളുണ്ടായേക്കാമെന്ന സൂചന നേതൃത്വത്തില്‍ നിന്ന് സുധാകരന്‍ കിട്ടിയതായി അഭ്യൂഹമുണ്ട്. ഇന്നലത്തെ കൂടിക്കാഴ്ചയില്‍ സംതൃപ്തനെന്ന് കെ സുധാകരന്‍ അടുത്ത അനുയായികളോട് പറഞ്ഞു.

പുതിയ കെപിസിസി പ്രസിഡന്റായി കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് പത്തനംതിട്ട എംപി ആന്റോ ആന്റണിക്കാണ് ഏറ്റവും. ആന്റോക്കായി പ്രിയങ്ക ഗാന്ധിയും റോബര്‍ട്ട വാദ്രയും രംഗത്തുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തദ്ദേശതെരഞ്ഞെടുപ്പ്, നിയമ സഭ തെരഞ്ഞെടുപ്പ് തുടങ്ങി പ്രധാന സംഭവങ്ങള്‍ നേരിടാനൊരുങ്ങുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍ എന്നത് ശ്രദ്ധേയമായ കാര്യമാണ്. അതേസമയം സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ സുധാകരനെ അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റുന്നതിനോട് യോജിക്കുന്നില്ല.

രാജ്യത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിടുന്ന കോണ്‍ഗ്രസ് നേതൃത്വം കേരളത്തില്‍ ഭരണം പിടിക്കുകയെന്ന ലക്ഷ്യമാണ് മുന്നോട്ട് വെക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് നേതൃത്വത്തില്‍ പുതിയൊരു നിരയെ എത്തിക്കാനായിരുന്നു ആലോചന. കഴിഞ്ഞ മാസം അഹമ്മദാബാദില്‍ നടന്ന കോണ്‍ഗ്രസ് വിശാല സമിതി പ്രവര്‍ത്തക യോഗത്തില്‍ തന്നെ ഇതു സംബന്ധിച്ച് ധാരണയായിരുന്നു. 11 ഡിസിസി അധ്യക്ഷന്‍മാരെയും മാറ്റുമെന്നും തീരുമാനമെടുത്തിരുന്നു. മുനമ്പം വിഷയത്തില്‍ ക്രിസ്ത്യന്‍ സഭകള്‍ ഇടഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ കത്തോലിക ബിഷപ്പുമാരുമായുള്ള അടുപ്പമാണ് അന്റോ ആന്റണിയെ പരിഗണിക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

സംസ്ഥാനത്തെ പാര്‍ട്ടിയില്‍ അടിമുടി അഴിച്ചുപണിയാണ് ഹൈക്കമാന്റ് ലക്ഷ്യമിടുന്നത്. പുതുനേതൃനിരയെ രംഗത്തിറക്കി വരുന്ന തെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കാനാകും ശ്രമം. കാര്യമായ മാറ്റങ്ങള്‍ യുഡിഎഫിലും വരുത്തമെന്നാണ് സൂചന. സംസ്ഥാനത്തെ പാര്‍ട്ടിയില്‍ അടിമുടി അഴിച്ചുപണിയാണ് ഹൈക്കമാന്റ് ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പുകള്‍ നയിക്കാന്‍ പുതുനേതൃനിരയെ രംഗത്തിറക്കാനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. കോര്‍ കമ്മിറ്റി രൂപീകരണത്തിലേക്ക് ഉടന്‍ കടക്കും.മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടുന്നതാണ് ഈ കമ്മിറ്റി. മുന്‍ കെപിസിസി അദ്ധ്യക്ഷന്‍മാര്‍ ഉള്‍പ്പെടെ 11പേരെ ഉള്‍പ്പെടുത്തും. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഉള്‍പ്പെടെ ചുമതല ഈ കമ്മിറ്റിക്കായിരിക്കും. യുഡിഎഫിലും അഴിച്ചുപണി നടത്തിയേക്കും. കണ്‍വീനറായ എംഎം ഹസ്സനെ മാറ്റുമെന്നും സൂചനയുണ്ട്.

ആരോഗ്യപ്രശ്‌നങ്ങളാല്‍ എല്ലായിടത്തും ഓടിയെത്താന്‍ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുധാകരനെ മറ്റാന്‍ നീക്കം നടക്കുന്നത്. ജനപിന്തുണയില്‍ മുന്നിലുള്ള നേതാവെങ്കിലും കെപിസിസി ആസ്ഥാനം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാന്‍ സുധാകരന് സാധിക്കുന്നില്ല. ഈ ആക്ഷേപം നേതാക്കള്‍ക്കിടിയില്‍ ശക്തമാണ്. കെപിസിസി അധ്യക്ഷന് ഊര്‍ജ്ജ്വസ്വലമാകാന്‍ സാധിക്കുന്നില്ലെന്നാണ് ഇവര്‍ ആരോപിക്കുന്നത്. കണ്ണൂര്‍ എംപിയെന്ന നിലയില്‍ കണ്ണൂരിലാണ് അദ്ദേഹം കൂടുതല്‍ സമയം ചെലവഴിക്കുന്നത്. ഇതിനിടെയാണ് ആരോഗ്യ പ്രശ്‌നങ്ങളും അലട്ടിയതോടെ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കാന്‍ സുധാകരന് സാധിക്കാതെ വരുന്നത്.

എന്നാല്‍, ചെന്നിത്തലയും തരൂരും കെ മുരളീധരനും അടക്കമുള്ളവര്‍ നേതൃമാറ്റത്തെ ഇപ്പോഴും അനുകൂലിക്കുന്നില്ല. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ബെന്നി ബെഹനാന്‍ റോജി ജോണ്‍ എന്നീ പേരുകള്‍ക്കാണ് പരിഗണന നല്‍കിയത്. എന്നാല്‍ യാക്കോബായ സഭക്കാരനായ ബെന്നിയെ അധ്യക്ഷനാക്കിയാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ഒപ്പം നില്‍ക്കുന്ന ഓര്‍ത്തഡോക്‌സ് വോട്ടുകള്‍ കൈമോശം വരുന്ന സ്ഥിതിയെ ഹൈക്കമാന്‍ഡ് ഭയന്നു. ഇതോടയാണ് മറ്റു പേരുകളിലേക്ക് നേൃത്വം കടന്നത്. റോജി എം ജോണ്‍ വളരെ ജൂനിയറാണ് എന്നതായിരുന്നു പ്രശ്‌നം. കേരളത്തിലെ സാഹചര്യത്തില്‍ മുതിര്‍ന്ന നേതാക്കളെ നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥ വരുമെന്നതിനെ തുടര്‍ന്നാണ് ആ പേരിലേക്ക് എത്താതിരുന്നത്.

Tags:    

Similar News