'ഞാനൊരു വിരമിക്കല്‍ മൂഡിലാണ്; പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കഴിവിന്റെ പരമാവധി സേവനം ഞാന്‍ നല്‍കും; സി പി എമ്മിന്റെ സഹയാത്രികനായി തുടരും': തന്റെ പുസ്തകത്തില്‍ നിലപാട് വ്യക്തമാക്കി കെ ടി ജലീല്‍
ഞാനൊരു വിരമിക്കല്‍ മൂഡിലാണ്: കെ ടി ജലീല്‍
തിരുവനന്തപുരം: താന്‍ ഇപ്പോള്‍ വിരമിക്കല്‍ മൂഡിലാണെന്ന് കെ ടി ജലീല്‍. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ സേവനം തുടരും. സാധാരണക്കാരനായ തനിക്ക് ഇതുവരെയും സിപിഎം നല്‍കിയ വലിയ പരിഗണനയ്ക്ക് നന്ദി പറയുന്നു. സിപിഎം സഹയാത്രികനായി തുടരുമെന്നും ജലീല്‍ വ്യക്തമാക്കി.
നാളെ പുറത്തിറക്കുന്ന 'സ്വര്‍ഗസ്ഥനായ ഗാന്ധിജി' എന്ന പുസ്തകത്തിലെ അവസാന അധ്യായത്തിലാണ് ജലീല്‍ നിലപാട് വ്യക്തമാക്കുന്നത്. പാര്‍ലമെന്ററി രാഷ്ട്രീയത്തോട് എന്തുകൊണ്ട് വിടപറയുന്നു എന്നതിന് വിശദീകരണമായി കത്ത് രൂപത്തിലാണ് എഴുത്ത്. കൈരളി ബുക്ക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍. തന്റെ രാഷ്ട്രീയ ഗുരുനാഥനായ കൊരമ്പയില്‍ അഹമ്മദാജിക്കും, ഇടതുപക്ഷ ചേരിയില്‍ തനിക്ക് തണലായ കോടിയേരി ബാലകൃഷ്ണനുമാണ് പുസ്തകം, ജലീല്‍ സമര്‍പ്പിച്ചിരിക്കുന്നത്.
ഇനി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് നേരത്തെ കെടി ജലീല്‍ എംഎല്‍എ പ്രഖ്യാപിച്ചിരുന്നു. ഒരധികാരപദവിയും വേണ്ട. അവസാന ശ്വാസം വരെ സിപിഎം സഹയാത്രികനായി തുടരുമെന്നും കെടി ജലീല്‍ പറഞ്ഞു. ഫേസ്ബുക്കിലായിരുന്നു കെടി ജലീലിന്റെ പരാമര്‍ശം. സിപിഎം നല്‍കിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ല. വിശദവിവരങ്ങള്‍ ഒക്ടോബര്‍ രണ്ടിന് പുറത്തിറങ്ങുന്ന 'സ്വര്‍ഗ്സ്ഥനായ ഗാന്ധിജി'യുടെ അവസാന അധ്യായത്തിലുണ്ടാവുമെന്നും കെടി ജലീല്‍ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
ജലീലിന്റെ പുസ്തകത്തിലെ അവസാന അധ്യായത്തിലെ പ്രസക്ത ഭാഗം
'ഞാനൊരു വിരമിക്കല്‍ മൂഡിലാണ്. വായനയും എഴുത്തും ഒരു ഹരമായി മാറിക്കഴിഞ്ഞു. പണ്ട് പുസ്തകങ്ങള്‍ നമ്മുടെ ക്ലാസ്സിലെ കുട്ടികള്‍ മത്സരിച്ച് വായിച്ചിരുന്നത് ഇന്നും കണ്ണില്‍ കാണുന്നു. ഒഴുക്കുനിലച്ച ഒരു പുഴ വീണ്ടും ഒഴുകാന്‍ തുടങ്ങിയ പ്രതീതിയാണ് വായന വീണ്ടും ചിന്തകളെ ഉണര്‍ത്തുമ്പോള്‍ അനുഭവപ്പെടുന്നത്. പന്ത്രണ്ടര വര്‍ഷം കോളേജ് ലക്ചറര്‍. അതും എന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന പി.എസ്.എം.ഒ ക്യാമ്പസില്‍. പ്രഥമ മലപ്പുറം ജില്ലാ കൗണ്‍സില്‍ അംഗം. അദ്ധ്യാപകനായിരിക്കെ തന്നെ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍. 2006 മുതല്‍ കേരള നിയമസഭാംഗം. 2026-ല്‍ നാലാം ടേമും കൂടി പൂര്‍ത്തിയായാല്‍ 20 കൊല്ലം എംഎല്‍എ. അതില്‍ തന്നെ അഞ്ചുവര്‍ഷം മന്ത്രി. സി പി എം എന്നെപ്പോലെ ഒരു സാധാരണക്കാരനോട് കാണിച്ച ഉദാരതക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. പാര്‍ട്ടി ആവശ്യപ്പെടുന്നെടത്തോളം കഴിവിന്റെ പരമാവധി സേവനം ഞാന്‍ നല്‍കും. സി.പി.ഐ (എം)-ന്റെ സഹയാത്രികനായി തുടരും.
നല്ല ജീവിത പങ്കാളി. നമുക്ക് ചീത്തപ്പേരുണ്ടാക്കാത്ത മക്കള്‍. കട്ടക്ക് കൂടെനില്‍ക്കുന്ന സുഹൃത്തുക്കള്‍. നിലമില്ലാകയത്തില്‍ മുങ്ങിത്താണപ്പോള്‍ കൈ തന്ന് കരക്കെത്തിച്ച നാട്ടുകാര്‍. ഒരു പുരുഷായുസ്സ് ധന്യമാകാന്‍ ഇതില്‍പരം എന്തുവണം! ആഗ്രഹങ്ങളെല്ലാം പൂവണിഞ്ഞു. ഇനി മാന്യമായ പിന്‍മാറ്റം. സ്വരം നന്നാകുമ്പോള്‍ പാട്ട് നിര്‍ത്തണമെന്നാണല്ലോ കാരണവന്‍മാര്‍ പറയാറ്! ജീവിതത്തില്‍ എന്ത് ആവുകയാണെങ്കിലും അറുപത് വയസ്സിനു മുമ്പ് ആകണം. അറുപത് കഴിഞ്ഞാല്‍ ശരീരത്തിന് മാത്രമല്ല കിതപ്പ് അനുഭവപ്പെടുക. കണ്ണുകളില്‍ വെളിച്ചക്കുറവ് പടര്‍ന്നു തുടങ്ങും. ദേഷ്യം കൂടും. ഞങ്ങളുടെ കുടുംബം പൊതുവെതന്നെ പെട്ടന്ന് ദേഷ്യം പിടിക്കുന്നവരാണെന്ന് നിനക്കറിയാമല്ലോ? ഓര്‍മ്മശക്തിയും പതിയെ കുറഞ്ഞ് വരും. പുതുതായി വായിക്കുന്നതൊന്നും മനസ്സില്‍ നില്‍ക്കില്ല. മറവിയുടെ വാതിലിന് നീളവും വീതിയും കൂടും. പലരുടെയും പേരുകള്‍ പോലും ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടും. പദവികള്‍ വഹിക്കുമ്പോഴുള്ള അസ്വാതന്ത്ര്യം എനിക്കെന്തോ ആസ്വദിക്കാന്‍ ആവുന്നില്ല. ഇനി ന്യുജെന്‍ രംഗത്തുവരട്ടെ. അവരുടേതു കൂടിയാണ് അധികാര പദവികളും അവസരങ്ങളും അടങ്ങുന്ന ഈ ലോകം. നവാഗതര്‍ക്ക് കസേര ഒഴിഞ്ഞു കൊടുക്കാന്‍ ഒരുമടിയും തോന്നുന്നില്ല.നിയമനിര്‍മ്മാണ സഭകളില്‍ കിടന്ന് മരിക്കാമെന്ന് നമ്മള്‍ ആര്‍ക്കും വാക്കൊന്നും കൊടുത്തിട്ടില്ലല്ലോ?