മേയര്‍ കസേരയില്‍ നിന്ന് മാറാന്‍ കൂട്ടാക്കാതെ സിപിഎമ്മിന്റെ പ്രസന്നാ ഏണസ്റ്റ്; സിപിഎം-സിപിഐ ധാരണ നടപ്പാക്കാതെ വന്നതോടെ കൊല്ലം കോര്‍പ്പറേഷന്‍ ഡപ്യൂട്ടി മേയര്‍ സ്ഥാനം രാജി വച്ച് സിപിഐയുടെ കൊല്ലം മധു; രണ്ടുസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സ്ഥാനവും ഉപേക്ഷിച്ചു
കൊല്ലം കോര്‍പ്പറേഷന്‍ ഡപ്യൂട്ടി മേയര്‍ സ്ഥാനം രാജി വച്ച് സിപിഐയുടെ കൊല്ലം മധു
കൊല്ലം: കൊല്ലം കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനം പങ്കിടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ എല്‍ഡിഎഫില്‍ പൊട്ടിത്തെറി. കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം സിപിഐ രാജിവച്ചു. മേയര്‍ സ്ഥാനം പങ്കിടുന്നതിനെ ചൊല്ലിയുള്ള ധാരണ സിപിഎം പാലിക്കാത്തതാണ് ഡപ്യൂട്ടി മേയര്‍ കൊല്ലം മധുവിന്റെ രാജിക്ക് കാരണം. പാര്‍ട്ടി തീരുമാനമാണ് താന്‍ രാജിയിലൂടെ നടപ്പാക്കിയതെന്ന് കൊല്ലം മധു പ്രതികരിച്ചു.
മേയര്‍ സ്ഥാനം പ്രസന്ന ഏണസ്റ്റ് ബുധനാഴ്ച രാജിവെക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, അതുസംഭവിക്കാതെ വന്നതോടെ, ഡപ്യൂട്ടി മേയര്‍ സ്ഥാനം സിപിഐ ഉപേക്ഷിക്കുകയായിരുന്നു. ഇതോടൊപ്പം രണ്ട് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സ്ഥാനവും സിപിഐ രാജിവെച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സവിത ദേവി, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ സജീവ് സോമന്‍ എന്നിവരാണ് മധുവിനൊപ്പം രാജിവെച്ചവര്‍.
സി.പി.എം- സി.പി.ഐ. സംസ്ഥാന സെക്രട്ടറിമാര്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ബുധനാഴ്ച നിലവിലെ മേയര്‍ പ്രസന്നാ ഏണസ്റ്റ് രാജിവെക്കുമെന്ന് ധാരണയിലെത്തിയിരുന്നു. എന്നാല്‍, വൈകീട്ട് 4.45 ആയിട്ടും പ്രസന്നാ ഏണസ്റ്റ് രാജി നല്‍കാതിരുന്നതോടെയാണ് സി.പി.ഐ. കടുത്ത നടപടിയിലേക്ക് നീങ്ങിയത്.
നാലുവര്‍ഷം മേയര്‍ സ്ഥാനം സി.പി.എമ്മിനും അവസാന ഒരുവര്‍ഷം സി.പി.ഐക്കും എന്നതായിരുന്നു ധാരണ. എന്നാല്‍, ഇത് പാലിക്കാന്‍ സി.പി.എം. തയ്യാറായില്ല. പലതവണ ജില്ലാ തലത്തില്‍ നേതാക്കള്‍ ചര്‍ച്ച നടത്തി. ഇത് പരാജയപ്പെട്ടതോടെയാണ് സംസ്ഥാന സെക്രട്ടറിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തിയത്. സി.പി.എമ്മിലെ തന്നെ ഒരുവിഭാഗത്തിന്റെ പിന്തുണയോടെയാണ് പ്രസന്നാ ഏണസ്റ്റ് മേയര്‍ സ്ഥാനത്ത് തുടര്‍ന്നത്.