നേതൃമാറ്റ ചര്‍ച്ചകള്‍ ഏകപക്ഷീയം, തനിക്കെതിരായ സംഘടിത നീക്കം; അപമാനിച്ച് ഇറക്കിവിട്ടാല്‍ എം പി സ്ഥാനം രാജിവെക്കുമെന്ന് പോലും കടുത്ത നിലപാടില്‍ സുധാകരന്‍; അധ്യക്ഷ സ്ഥാനത്ത് സുധാകരന്‍ തുടരട്ടെ എന്ന നിലപാടില്‍ മുതിര്‍ന്ന നേതാവ് എ കെ ആന്റണിയും; കസേര മോഹിച്ച് അരഡസന്‍ നേതാക്കള്‍ ഉള്ളത് കെ. എസിന് തുണയായേക്കും

നേതൃമാറ്റ ചര്‍ച്ചകള്‍ ഏകപക്ഷീയം, തനിക്കെതിരായ സംഘടിത നീക്കം

Update: 2025-01-24 12:46 GMT

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും കെ സുധാകരനെ മാറ്റുമെന്ന വിധത്തില്‍ ഏകപക്ഷീയമായ ചര്‍ച്ചകള്‍ കുറച്ചു ദിവസങ്ങളിലായ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ഇത്തരം ചര്‍ച്ചകള്‍ക്ക് പിന്നില്‍ ചാലകശക്തിയായി നില്‍ക്കുന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കസേര മോഹിക്കുന്ന എ ഗ്രൂപ്പിലെ ചില നേതാക്കളുമാണ് എന്നാണ് കെ സുധാകരന്‍ കരുതുന്നത്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം പരിശോധിക്കാനാണ് എഐസിസി സെക്രട്ടറി ദീപദാസ് മുന്‍ഷി മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയത്. എന്നാല്‍, ഇതിനെ കെ സുധാകരനെ അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കാനുള്ള ശ്രമമെന്ന വിധത്തിലാണ് പുറത്തേക്ക് വാര്‍ത്തകള്‍ വന്നത്.

തന്നോടൊന്ന് ചോദിക്കുകയോ താനുമായി ചര്‍ച്ചകള്‍ പോലും നടത്തുകയോ ചെയ്യാതെ ഇത്തരത്തില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ നടത്തുന്നതില്‍ കടുത്ത അതൃപ്തിയിലാണ് കെ സുധാകരന്‍. അതുകൊണ്ട് തന്നെ ഇപ്പോള്‍ നടക്കുന്ന സംഘടിത നീക്കം എവിടം വരെ പോകുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് അദ്ദേഹം. അപമാനിച്ച് ഇറക്കി വിടാനാണ് ശ്രമമെങ്കില്‍ അതിനെ നേരിടാന്‍ ഉറപ്പിച്ചാണ് കെ എസിന്റെ നീക്കം. കണ്ണൂരില്‍ അടക്കം ഉജ്ജ്വല വിജയം നേടിയ സുധാകരനെ അപമാനിക്കുന്നത് അദ്ദേഹത്തിനെ അനുകൂലിക്കുന്ന അണികളിലും കടുത്ത അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. സൈബറിടങ്ങളില്‍ അടക്കം അവര്‍ സുധാകരന് പിന്തുണയുമായി രംഗത്തുണ്ട്.

അതേസമയം അപമാനിച്ചു ഇറക്കിവിട്ടാല്‍ എം പി സ്ഥാനവും രാജിവെക്കുമെന് നിലപാടിലാണ് കെ സുധാകരന്‍. കെപിസിസി പുനസംഘടനയില്‍ തന്റെ അതൃപ്തി ഹൈക്കമാന്‍ഡിനെ നേരിട്ട് അറിയിക്കാനാണ് സുധാകരന്‍ ഒറുങ്ങുന്നത്. ഇതിനായി സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ നാളെ കെ. സുധാകരന്‍ കാണും. തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നാണ് അദേഹത്തിന്റെ പരാതി. തനിക്കെതിരെ ആസൂത്രിതമായ നീക്കമാണ് നടക്കുന്നു എന്ന് സുധാകരന്‍ പരാതിപ്പെടും.

പുനസംഘടനയുമായി ബന്ധപ്പെട്ട് നിലവില്‍ നടക്കുന്ന ചര്‍ച്ചകളില്‍ കെ. സുധാകരന്‍ അസ്വസ്ഥനാണെന്നാണ് വിവരം. കെ.സി വേണുഗോപാലിലൂടെ കേന്ദ്ര നേതൃത്വത്തെ അതൃപ്തി നേരിട്ട് അറിയിക്കുകയാണ് ലക്ഷ്യം. തന്നെ മാറ്റാന്‍ വേണ്ടിയാണോ ദീപദാസ് മുന്‍ഷി ഓരോ നേതാക്കളെയും നേരില്‍ കാണുന്നതെന്ന് തന്നോട് പറയണമെന്ന് കെ. സുധാകരന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ച് നാളായി മുതിര്‍ന്ന നേതാക്കളെ ദീപദാസ് മുന്‍ഷി കണ്ടിരുന്നു. തന്നെ വിശ്വാസത്തിലെടുക്കാതെ എന്തുകൊണ്ടാണ് പുനസംഘടന തീരുമാനമെന്നാണ് സുധാകരന്റെ ചോദ്യം.

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് കടിച്ചു തൂങ്ങില്ലെന്ന് കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ആകാനും താനില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഇല്ല. തന്റെ സ്ഥാനം ജനങ്ങളുടെ മനസിലാണെന്നും കെ. സുധാകരന്‍ പറഞ്ഞിരുന്നു. നേതൃമാറ്റം സംബന്ധിച്ച് സംസ്ഥാനത്തെ പ്രധാനപ്പെട്ട നേതാക്കളെ പ്രത്യേകം കണ്ട് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയാണ് കേരളത്തിന്റെ സംഘടന ചുമതലയുള്ള ദീപദാസ് മുന്‍ഷി. രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, ബെന്നി ബഹനാന്‍, സണ്ണി ജോസഫ് അടക്കമുള്ള നേതാക്കളെ കഴിഞ്ഞ ദിവസം അവര്‍ കണ്ടിരുന്നു.

അതേസമയം കെ സുധാകരനെ മാറ്റേണ്ട കാര്യമില്ലെന്ന നിലപാടിലാണ് മുതിര്‍ന്ന നേതാക്കള്‍. വര്‍ക്കിംഗ് കമ്മിറ്റി അംഗമായ എ കെ ആന്റണിയും സുധാകരനെ പിന്തുണക്കുന്ന നിലപാടിലാണ്. കൂടാതെ ശശി തരൂര്‍, രമേശ് ചെന്നിത്തല എന്നിവരും കെപിസിസി അധ്യക്ഷനെ പിന്തുണക്കുന്നു. കെ മുരളീധരനും സുധാകരന്‍ തന്നെ തുടരട്ടെ എന്ന നിലപാടിലാണ്. അതേസമയം സുധാകരനെ മാറ്റണമെന്ന് ഒരു നേതാവും പരസ്യമായി ആവശ്യപ്പെട്ടിട്ടില്ല. ഒന്നര വര്‍ഷം തെരഞ്ഞെടുപ്പിന് അവശേഷിക്കുമ്പോള്‍ കെപിസിസി അധ്യക്ഷനെ മാറ്റിയാല്‍ അത് പാര്‍ട്ടിക്കുള്ളില്‍ തമ്മിലടിക്ക് വഴിവെക്കും. ഇപ്പോഴേ മെലിഞ്ഞിരിക്കുന്ന സംഘടനയുടെ മുന്നോട്ടു പോക്ക് ഇതോടെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് പോകാനും സാധ്യതയുണ്ട്.

സുധാകരനെ മാറ്റിയാല്‍ തന്നെ പകരം കസേര മോഹിച്ച് അര ഡസണ്‍ നേതാക്കള്‍ വേറെയുണ്ട്. ഇവരില്‍ ആരെ അധ്യക്ഷനാക്കും എന്നതും നേതൃത്വത്തിന് വെല്ലുവിളിയാണ്. ഈ സാഹചര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകാനുള്ള സാധ്യതയും കുറവാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഹൈക്കമാന്‍ഡ് താല്‍പ്പര്യമെന്ന വിധത്തില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ഏകപക്ഷീയമായി ചില കേന്ദ്രങ്ങളില്‍ നിന്നും വരുന്നതാണ്.

കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുള്ള അകല്‍ച്ചയിലാണ് എന്നത് വസ്തുതയാണ.് ഇത് പരിഹരിക്കാന്‍ ആരു മുന്‍കൈ എടുക്കുമെന്നതാണ് പ്രശ്‌നം. പ്രധാന വിഷയങ്ങളില്‍പ്പോലും കൂട്ടായ ചര്‍ച്ചയിലൂടെ പൊതുനിലപാട് സ്വീകരിക്കാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് കെ.പി.സി.സി. പ്രസിഡന്റിനെ മാറ്റണോയെന്നതില്‍ ഹൈക്കമാന്‍ഡ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം തേടിയത്.

ഇതിനിടെയാണ് സംഘടനാപരമായ കാര്യങ്ങളില്‍ സതീശന്‍ മുന്‍കൈയെടുക്കുന്നെന്ന പരാതിയും ഉയര്‍ന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍കൂര്‍ തയ്യാറെടുപ്പ് നടത്തിയാല്‍ ജയിക്കാവുന്ന മണ്ഡലങ്ങള്‍ സംബന്ധിച്ച ക്രമീകരണമായിരുന്നു പരാതിക്ക് അടിസ്ഥാനം. സദുദ്ദേശ്യപരമായി ചെയ്ത കാര്യങ്ങള്‍ സംശയത്തോടെ കണ്ടതില്‍ സതീശനും പരിഭവമുണ്ട്. തുടര്‍ന്നാണ് സംയുക്ത പത്രസമ്മേളന നിര്‍ദേശം ഉപേക്ഷിച്ചത്. അതേസമയം, കെ.പി.സി.സി. പ്രസിഡന്റിന്റെ മാറ്റം, നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ക്രമീകരണം എന്നിവ സംബന്ധിച്ച് പാര്‍ട്ടി തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് നേതൃത്വം വ്യക്തമാക്കി.

കോണ്‍ഗ്രസിനായി തന്ത്രങ്ങള്‍ ഒരുക്കുന്ന സുനില്‍ കനുഗേലുവും കെ.പി.സി.സി. നേതൃസ്ഥാനത്തേക്ക് പകരം പേരുകള്‍ ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ട്. ദീപാ ദാസ്മുന്‍ഷി മുന്‍പാകെയും പേരുകള്‍ ഉയര്‍ന്നിട്ടുണ്ട്. സാമുദായിക സന്തുലനം പാലിക്കുംവിധമാണ് പേരുകള്‍ നിര്‍ദേശിക്കപ്പെട്ടത്. ഇവയെല്ലാം വിലയിരുത്തിയാകും ഹൈക്കമാന്‍ഡ് തീരുമാനത്തിലെത്തുക. അതേസമയം കോണ്‍ഗ്രസില്‍ ഉരുത്തിരിഞ്ഞിരിക്കുന്ന വിവാദത്തില്‍ എഐസിസി അടിയന്തരമായി തീര്‍പ്പുണ്ടാക്കണമെന്ന ആവശ്യം നേതാക്കള്‍ ഉയര്‍ത്തിയേക്കും.

ഇപ്പോഴത്തെ ചര്‍ച്ചകള്‍ക്ക് എഐസിസി നേതൃത്വത്തിന്റെ പ്രതികരണത്തോടെ അവസാനമാകുമെന്നിരിക്കെ, അതിനു തുനിയാത്തതെന്തെന്ന ചോദ്യം പല നേതാക്കള്‍ക്കുമുണ്ട്. വിഷയം കൂടുതല്‍ വഷളാകുന്നതുവരെ നീട്ടിക്കൊണ്ടുപോകുന്നതു തദ്ദേശതിരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ബാധിക്കുമെന്ന പൊതുവികാരം രൂപപ്പെട്ടിട്ടുണ്ട്. കെ.സുധാകരനെ മാറ്റുമോ ഇല്ലയോ എന്നതില്‍ എഐസിസി നേതൃത്വമെടുക്കുന്ന നിലപാടാണ് എല്ലാവര്‍ക്കും അറിയേണ്ടത്. സംസ്ഥാന കോണ്‍ഗ്രസില്‍ ഭിന്നത രൂപപ്പെടുന്നതില്‍ മുസ്‌ലിം ലീഗിനും അതൃപ്തിയുണ്ട്.

ഇക്കാര്യം അവരും ശ്രദ്ധയില്‍പെടുത്തും. ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷി ഇവിടത്തെ നേതാക്കളുമായി ചര്‍ച്ച നടത്തി സംഘടനാ വിഷയങ്ങളില്‍ അഭിപ്രായ ഐക്യമുണ്ടാക്കട്ടെയെന്ന നിലപാടാണു കെ.സി.വേണുഗോപാല്‍ സ്വീകരിച്ചുപോരുന്നത്. ഇതിന്റെ ഭാഗമായി ദീപ ദാസ്മുന്‍ഷി നേതാക്കളുടെ മനസ്സറിയാന്‍ നടത്തുന്ന കൂടിക്കാഴ്ചകളാണു കെ.സുധാകരനെ മാറ്റാനെന്ന തരത്തില്‍ പുറത്തേക്കു പ്രചരിക്കുന്നത്. തന്നെ മാറ്റുന്നതിനെക്കാള്‍, മാറ്റാന്‍ വേണ്ടി നടത്തുന്ന ചര്‍ച്ചകളും വിവാദങ്ങളുമാണു സുധാകരനെ പ്രകോപിപ്പിക്കുന്നത്.

കെപിസിസി പ്രസിഡന്റുമാരെ നിശ്ചയിക്കുന്നത് എഐസിസി നേതൃത്വമാണ്. ഗ്രൂപ്പുകള്‍ സജീവമായിരുന്ന കാലത്ത് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ചു നല്‍കിയ പേരു വെട്ടി മറ്റൊരാളെ ഹൈക്കമാന്‍ഡ് നിയമിച്ചിട്ടുണ്ട്. അതുകൊണ്ടാണ്, നിര്‍ദേശം കേരളത്തില്‍നിന്നു വരട്ടെയെന്ന മട്ടില്‍ ഇവിടെ ചര്‍ച്ചകള്‍ വലിച്ചുനീട്ടി വഷളാക്കുന്നതില്‍ അര്‍ഥമുണ്ടോയെന്ന സംശയമുയരുന്നത്.

Tags:    

Similar News