കോണ്‍ഗ്രസ് പുനസംഘടന രണ്ടാം ഘട്ടത്തിലേക്ക്; ഒരു മണ്ഡലത്തിന് ഒരാള്‍ എന്ന നിലയില്‍ സെക്രട്ടറിമാര്‍ ആകുമ്പോള്‍ എണ്ണം 140 ആയി ഉയരും; വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി പദവികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ ഇനിയും ചുമതലയേറ്റില്ല; ഉടക്കിട്ടത് വി ഡി സതീശനും പരമ്പരാഗത എ ഗ്രൂപ്പുകാരും; പുനസംഘടനയിലൂടെ അപ്രമാദിത്വം ഉറപ്പിച്ചു കെ സി വേണുഗോപാല്‍
കോണ്‍ഗ്രസ് പുനസംഘടന രണ്ടാം ഘട്ടത്തിലേക്ക്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട് മുഖം മിനുക്കാന്‍ വേണ്ടി നടത്തിയ കെപിസിസി പുനസംഘടന പാര്‍ട്ടിയെ കൂടുതതല്‍ ദുര്‍ബലമാക്കിയെന്ന വികാരം ശക്തമാണ്. കെ സുധാധകരനെ മാറ്റി പകരം സണ്ണി ജോസഫിനെ അധ്യക്ഷനാക്കിയതോടെ സംഘടനയുടം കരുത്തുചോര്‍ന്നു എന്ന് വിശ്വസിക്കുന്നവര്‍ നിരവധിയാണ്. ഇതിനി പിന്നാലെ കെപിസിസി പുനസംഘടനയില്‍ സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പു സമവകാര്യങ്ങളെല്ലാം തകിടം മറിയുകയും ചെയ്തു. കെ സി വേണുഗോപാല്‍ കളം നിഞ്ഞതോടെ വി ഡി സതീശനും നിറം മങ്ങി. എ ഗ്രൂപ്പു നേതാക്കളും ആകെ കരുത്തു ചോര്‍ന്ന അവസ്ഥിലാണ്.
ഇതോടെ കെപിസിസി സെക്രട്ടറി തലത്തിലെ പുനസംഘടന പ്രതിസന്ധിയിലായി. ഗ്രൂപ്പ് താല്‍പര്യങ്ങള്‍ പരിഹരിക്കുന്നതിനും ജനറല്‍ സെക്രട്ടറി പദവിക്കായി പരാതി നല്‍കിയവരെ അനുരഞ്ജിപ്പിക്കുന്നതിനുമായി കെപിസിസി സെക്രട്ടറിമാരുടെ എണ്ണം 140 ആയി ഉയര്‍ത്താനാണ് ലോചന. ഒരു നിയമസഭാ മണ്ഡലത്തിന് ഒരാള്‍ എന്ന നിലയിലാകും നിയമനം നടത്തുകയെന്നാണ് സൂചന. സെക്രട്ടറി നിയമനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നീളുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
ഇതിന്റെ ഫലമായി, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി പദവികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ ചുമതലയേല്‍ക്കല്‍ അനന്തമായി നീളുന്നതില്‍ നേതാക്കള്‍ കടുത്ത അതൃപ്തിയിലാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കടുത്ത നിലപാട് സ്വീകരിച്ചതാണ് ചുമതലയേല്‍ക്കല്‍ വൈകാന്‍ കാരണം. സെക്രട്ടറിമാരെ നിയമിച്ച ശേഷം മാത്രം മതിയേയുള്ളൂ പുതിയ ഭാരവാഹികളുടെ ചുമതലയേല്‍ക്കല്‍ എന്നാണ് സതീശന്റെ നിലപാട്.
ഈ കടുംപിടിത്തം കാരണം ജനറല്‍ സെക്രട്ടറിമാരായി നിയമിച്ച 59 പേര്‍ക്കും 13 വൈസ് പ്രസിഡന്റുമാര്‍ക്കും ഇതുവരെ ചുമതലയേല്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. നിലവില്‍ 50 സെക്രട്ടറിമാര്‍ തുടരുന്നുണ്ട്. ഇവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കാത്തതിനാല്‍ തുടര്‍ച്ച നല്‍കേണ്ടതുണ്ട്. ഇതിനുപുറമേ 90 പേരെക്കൂടി ഉള്‍പ്പെടുത്തി ആകെ 140 സെക്രട്ടറിമാരെ നിയമിക്കാനാണ് നീക്കം. 200-ലേറെ പേരാണ് സെക്രട്ടറി പദവിയിലേക്ക് പരിഗണിക്കാനായി പട്ടികയില്‍ വന്നത്.
അതേസമയം കെപിസിസിയിലെ പ്രതിസന്ധികള്‍ക്കിടെ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ഭാരവാഹികളുടെ ചുമതലയേല്‍ക്കല്‍ ചടങ്ങും ഇന്ന് നടക്കും. ലൈംഗികാതിക്ഷേപ ആരോപണങ്ങളെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ച ഒഴിവിലാണ് പുതിയ ഭാരവാഹികളെത്തുന്നത്. ഒ.ജെ. ജെനിഷ് സംസ്ഥാന അധ്യക്ഷനായും ബിനു ചുള്ളിയേല്‍ വര്‍ക്കിങ് പ്രസിഡന്റായും ഇന്ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലെത്തി ചുമതലയേല്‍ക്കും. എന്നാല്‍, യൂത്ത് കോണ്‍ഗ്രസിലെ നിയമനങ്ങളിലും ഗ്രൂപ്പ് തര്‍ക്കങ്ങളും അസ്വാരസ്യങ്ങളും നിലനില്‍ക്കുന്നുണ്ട്. അബിന്‍ വര്‍ക്കിയെ തഴഞ്ഞതില്‍ രമേശ് ചെന്നിത്തലയിലൂടെ ഐ ഗ്രൂപ്പും, കെ.എം. അഭിജിത്തിനെ പരിഗണിക്കാത്തതില്‍ എ ഗ്രൂപ്പും ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചിട്ടുണ്ട്. അബിന്‍ വര്‍ക്കി തന്റെ നീരസം പരസ്യമാക്കുകയും ചെയ്തിരുന്നു.
ചുമതലയേല്‍ക്കല്‍ ചടങ്ങില്‍ മുതിര്‍ന്ന നേതാക്കളുടെ അസാന്നിധ്യവും ശ്രദ്ധേയമാവുകയാണ്. രമേശ് ചെന്നിത്തല അദ്ദേഹത്തിന്റെ അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ കാരണം പങ്കെടുക്കുന്നില്ല. അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുമോ എന്നതിലും അനിശ്ചിതത്വം തുടരുകയാണ്.
കെപിസിസി പുനസംഘടനയില്‍ പാര്‍ട്ടിയിലെ വിവിധ ഗ്രൂപ്പുകള്‍ക്കൊപ്പം വിവിധ മത-സമുദായ നേതൃത്വവും തങ്ങളുടെ പ്രതിഷേധം അറിയിച്ച് രംഗത്തു വന്നിട്ടുണ്ട്. എഐസിസിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ പിടിമുറിക്കിയതിന്റെ ഭാഗമായിട്ടാണ് വേണം പുനസംഘടനയെ കാണേണ്ടത്. യൂത്ത് കോണ്‍ഗ്രസിനൊപ്പം, കെപിസിസി പുനസംഘടനയിലും തന്റെ അപ്രമാദിത്വംസ്ഥാപിച്ചിരിക്കുകയാണ് കെസി. ഇതു പരമ്പരാഗത ഗ്രൂപ്പുകളെ ഏറെ ചൊടിപ്പിച്ചിരിക്കുന്നു.
നാടാര്‍ വിഭാഗത്തെ പുനസംഘടനയില്‍ അവഗണിച്ചതില്‍ നാടാര്‍ സര്‍വീസ് ഫെഡറേഷന്‍ രംഗത്തുവന്നിരുന്നു. തലസ്ഥാനജില്ല ഉള്‍പ്പെടുള്ള പ്രദേശങ്ങളില്‍ നാടാര്‍ വിഭാഗത്തിന് ഏറെ സ്വാധീനമുണ്ട്.അ ടുത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും സംസ്ഥാനത്ത് പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്ന് നാടാര്‍ സര്‍വീസ് ഫെഡറേഷന്‍ പ്രസ്താവനയില്‍ പറയുന്നു.
തിരുവനന്തപുരത്ത് നിന്നും 12 ഭാരവാഹികളെ തെരഞ്ഞെടുത്തപ്പോള്‍ നാടാര്‍ സമുദായത്തില്‍ നിന്നും ഒരാളെ മാത്രമാണ് നിയമിച്ചത്. തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ താല്‍ക്കാലിക പ്രസിഡന്റ് എന്‍ ശക്തന്‍ കെപിസിസിയുടെ വൈസ് പ്രസിഡന്റായിരുന്നു. എന്നാല്‍ ആസ്ഥാനത്തേക്ക് സമുദായത്തില്‍ നിന്നും ആരെയും പരിഗണിച്ചില്ലെന്നും ഫെഡറേഷന്‍ കുറ്റപ്പെടുത്തി. ഒരു ശതമാനം പരിഗണനയാണ് സമുദായത്തിന് നല്‍കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ സമുദായത്തിന്റെ ഒരു ശതമാനം വോട്ട് മതിയോ എന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണമെന്നും നാടാര്‍ സര്‍വീസ് ഫെഡറേഷന്‍ പ്രസ്ഥാവനയിലൂടെ പറഞ്ഞു.
കെപിസിസി പുനസംഘടനയില്‍ ചാണ്ടി ഉമ്മനേയും, അബിന്‍ വര്‍ക്കിയേയും തഴഞ്ഞതില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തു വന്നിരുന്നു. മുന്‍ കെപിസിസി പ്രസിഡന്റ് കൂടിയായ കെ മുരളീധരന്‍ തനിക്കുള്ള പ്രതിഷേധം പരസ്യമായി തന്നെ പ്രകടിപ്പിച്ചിരുന്നു.കെ മുരളീധരന്‍ ജനറല്‍ സെക്രട്ടറിസ്ഥാനത്തേക്ക് നിര്‍ദേശിച്ച ന്യൂനപക്ഷ സെല്‍ വൈസ് ചെയര്‍മാന്‍ കെപി ഹാരിസിന്റെ പേരും പരിഗണിക്കപ്പെട്ടില്ല. ജനറല്‍ സെക്രട്ടറിയായിരുന്ന മര്യാപുരം ശ്രീകുമാറിനെ ഒഴിവാക്കുകയും ചെയ്തു.
ഡിസിസി പ്രസിഡന്റുമാരും കെപിസിസി ഭാരവാഹികളുമായിരുന്ന ചില നേതാക്കന്മാരുടെ പേര് വിവിധ സ്ഥാനങ്ങളിലേക്ക് എ ഗ്രൂപ്പ് നല്‍കിയിരുന്നു. കെപി ധനപാലന്‍, അബ്ദുറഹ്‌മാന്‍ ഹാജി, കെസി അബു എന്നിവര്‍ക്ക് എ ഗ്രൂപ്പ് മുന്‍ഗണനനല്‍കിയിരുന്നു. മുന്‍പ് കെപിസിസി സെക്രട്ടറിയായിരുന്ന റിങ്കു ചെറിയാന്റെ പേരും മുന്നോട്ടുവെച്ചു. എന്നാല്‍, ഇവരൊന്നും പരിഗണിക്കപ്പെട്ടില്ല.ചാണ്ടി ഉമ്മന്റെ പേര് എ ഗ്രൂപ്പ് രാഷ്ട്രീയകാര്യ സമിതിയിലേക്ക് നിര്‍ദേശിച്ചിരുന്നു. ജനറല്‍ സെക്രട്ടറി എങ്കിലും ആക്കുമെന്നു വീചാരിച്ചിരുന്നു. അതും നടന്നില്ല.പരിഹാരമുണ്ടായില്ലെങ്കില്‍ ലഭിച്ച സ്ഥാനങ്ങള്‍ ഏറ്റെടുക്കേണ്ടെന്ന ചിന്തയും എ ഗ്രൂപ്പ് നേതാക്കളിലുണ്ട്.
ഒരു കാലത്ത് കെ സി വേണുഗോപാലിന്റെ വിശ്വസ്തനായിരുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശനും പുനസംഘടനയില്‍ പരാതി ശക്തമാണ്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇപ്പോള്‍ കെ സി യുടെ നോമിനിയാണ്. കോട്ടയം ഡിസിസി പ്രസിഡന്റ്സ്ഥാനത്തേക്ക് സതീശന്‍ നിര്‍ദേശിച്ച ഫില്‍സണ്‍ മാത്യൂസിനെ ജനറല്‍ സെക്രട്ടറിയാക്കിയതിലൂടെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കുന്നില്ലെന്നാണ് സൂചന. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്സ്ഥാനത്തേക്ക് സതീശന്‍ നല്‍കിയ പേര് ചെമ്പഴന്തി അനിലിന്റെതായിരുന്നു.എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പരിഗണിക്കപ്പെടാന്‍ സാധ്യതയില്ല. ഇവിടെ ചുമതലവഹിക്കുന്ന ശക്തനെ കെപിസിസി വൈസ് പ്രസിഡന്റ്സ്ഥാനത്തുനിന്ന് ഒഴിവാക്കിയതോടെ അദ്ദേഹം ജില്ലാ പ്രസിഡന്റ് സ്ഥാനത്തു തുടരുമെന്നാണ് സൂചന.
