'വി.സി നിയമനത്തില്‍ തനിക്ക് പൂര്‍ണ അധികാരം; ഹൈക്കോടതിവിധി പഠിച്ചതിനുശേഷം ചോദ്യങ്ങളുമായി വരൂ'; മന്ത്രിയുടെ അഭിപ്രായങ്ങള്‍ക്ക് മറുപടിയില്ലെന്ന് ഗവര്‍ണര്‍; ഡോ. സിസ തോമസിന്റെ നിയമനത്തില്‍ പോര് മുറുകുന്നു

ഡോ. സിസ തോമസിന്റെ നിയമനത്തില്‍ പോര് മുറുകുന്നു

Update: 2024-11-28 09:59 GMT

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ വിമര്‍ശനം ഉന്നയിച്ച ഉന്നത വിദ്യഭ്യാസമന്ത്രി ആര്‍.ബിന്ദുവിന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഹൈക്കോടതി വിധി തനിക്ക് അനുകൂലമാണെന്നും വി.സി നിയമനത്തില്‍ തനിക്ക് പൂര്‍ണ അധികാരമുണ്ടെന്നാണ് ഹൈക്കോടതി വിധിയെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. വിധിയെച്ചൊല്ലിയുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നതിനുമുമ്പായി കോടതിവിധി പൂര്‍ണമായും പഠിച്ചതിനുശേഷം ചോദ്യങ്ങളുമായി വരൂ എന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിന്റെ നിയമനത്തില്‍ സര്‍ക്കാര്‍ - ഗവര്‍ണര്‍ പോര് വീണ്ടും മുറുകുകയാണ്.

ഉന്നത വിദ്യഭ്യാസമന്ത്രിയുടെ അഭിപ്രായങ്ങള്‍ക്ക് മറുപടി പറയാന്‍ താനില്ലെന്നും വിദ്യാഭ്യാസമന്ത്രിക്ക് പറയാനുള്ളതെല്ലാം പറയാനും അഭിപ്രായപ്രകടനം നടത്താനുമുള്ള എല്ലാ അവകാശവും ഉണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. 'ജനാധിപത്യത്തില്‍ അഭിപ്രായപ്രകടനത്തിനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഈ വിഷയത്തില്‍ തീരുമാനമറിഞ്ഞതിനുശേഷം യൂണിവേഴ്സിറ്റിയുടെ തലവന്‍ എന്ന നിലയില്‍ എന്നില്‍ നിക്ഷിപ്തമായ അധികരം യു.ജി.സി റെഗുലേഷന്‍ ആക്ട് പ്രകാരം വിനിയോഗിക്കുകയാണ് ഞാന്‍ ചെയ്തത്. യൂണിവേഴ്സിറ്റികളിലുള്ളവര്‍ക്ക് വൈസ് ചാന്‍സലര്‍ ഒപ്പുവെക്കേണ്ടതായ സര്‍ട്ടിഫിക്കറ്റുകള്‍ മതിയായ സമയത്ത് ലഭിക്കുന്നില്ലായിരുന്നു. ഹൈക്കോടതിയുടെ വിധി വന്നത് കഴിഞ്ഞ ദിവസമാണ്. കഴിഞ്ഞ ഒരുമാസമായി മറ്റാരെയും ഞാന്‍ പകരം നിയമിക്കാതിരുന്നത് എന്തുകൊണ്ടായിരുന്നു? കാരണം ഹൈക്കോടതിയില്‍ നിന്നുള്ള വ്യക്തത ഇക്കാര്യത്തില്‍ അനിവാര്യമായിരുന്നു. ചാന്‍സലര്‍ക്കാണ് അധികാരമുള്ളത് എന്നായിരുന്നു ഹൈക്കോടതി വിധി.'- ഗവര്‍ണര്‍ പറഞ്ഞു.

സംസ്ഥാനത്തിന് യൂണിവേഴ്സിറ്റി കാര്യങ്ങളില്‍ ഇടപെടാനുള്ള അധികാരമില്ലെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. മാധ്യമങ്ങള്‍ സെന്‍ഷേനുകള്‍ മാത്രം സൃഷ്ടിക്കുകയാണെന്നും കോടതിവിധി വായിച്ച് ഉള്‍ക്കൊള്ളുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. കൊച്ചി സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ നിയമിച്ചുകൊണ്ട് ഗവര്‍ണര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഗവര്‍ണറുടെ ഈ നടപടിക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. നിയമപ്രകാരമാണ് താന്‍ കാര്യങ്ങള്‍ ചെയ്യുന്നതെന്ന് ഇപ്പോള്‍ കോടതിക്കുബോധ്യമായി എന്ന് ഗവര്‍ണര്‍ പറഞ്ഞു.

അതേസമയം, ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായിട്ടാണ് വി.സി നിയമനമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. സാങ്കേതിക സര്‍വകലാശാലയിലെ വി.സി നിയമനത്തിനേതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവര്‍ണറും ഇതാദ്യമായല്ല കൊമ്പുകോര്‍ക്കുന്നത്. എന്നാല്‍ ഇക്കുറി പോര് അല്പം കടുത്ത മട്ടാണ്. ഗവര്‍ണര്‍ സര്‍ക്കാര്‍ തര്‍ക്കം തുറന്ന സംഘട്ടനത്തിലേക്ക് നീങ്ങുന്നു എന്നാണ് ബിന്ദു പറഞ്ഞത്. സര്‍ക്കാര്‍ പാനല്‍ വെട്ടി വിസിയെ നിയമിച്ച നടപടി ഹൈക്കോടതി വിധിയുടെയും സര്‍വകലാശാല നിയമത്തിന്റെയും ലംഘനമാണ്. ഗവര്‍ണര്‍ക്കെതിരായ കോടതിവിധികള്‍ അടക്കം ഉള്‍പ്പെടുത്തി ഉടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു.

അധികാര പരിധിയില്‍ നിന്നാണ് തീരുമാനങ്ങള്‍ എടുത്തതെന്ന് പറഞ്ഞ ഗവര്‍ണര്‍ മന്ത്രിയോട് തര്‍ക്കിക്കാന്‍ ഇല്ല എന്നും വ്യക്തമാക്കി. എതിരഭിപ്രായം ഉണ്ടെങ്കില്‍ സര്‍ക്കാര്‍ കോടതിയെ സമീപിച്ചോട്ടെ എന്നായിരുന്നു ഗവര്‍ണറുടെ നിലപാട്. നിയമ നടപടിയുമായി മുന്നോട്ടു പോകുന്നതിനൊപ്പം രാഷ്ട്രീയ പ്രതിരോധം കൂടി തീര്‍ക്കാനാണ് സര്‍ക്കാരും സിപിഎമ്മും തീരുമാനിച്ചിരിക്കുന്നത്.

Tags:    

Similar News