വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ തീര്‍ത്തും നിരുത്തരവാദപരം; ഇത്തരം അഭിപ്രായങ്ങള്‍ കേരളം തള്ളിക്കളയും; ശ്രീനാരായണ ഗുരുവും എസ്എന്‍ഡിപി യോഗവും ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍; വിമര്‍ശിച്ചു എം സ്വരാജ്

വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ തീര്‍ത്തും നിരുത്തരവാദപരം

Update: 2025-07-20 15:13 GMT

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയെ വിമര്‍ശിച്ച് സിപിഎം നേതാവ് എം സ്വരാജ്. പ്രസ്താവന തീര്‍ത്തും നിരുത്തരവാദപരമാണെന്ന് എം സ്വരാജ് പറഞ്ഞു. ശ്രീനാരായണ ഗുരുവും എസ്എന്‍ഡിപി യോഗവും ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ എന്ന് എം സ്വരാജ് പറഞ്ഞു. മതനിരപേക്ഷ സമൂഹത്തെ ദുര്‍ബലപ്പെടുത്തുന്ന ഇത്തരം അഭിപ്രായങ്ങള്‍ കേരളം തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് എം സ്വരാജ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

അതേസമയം വെള്ളാപ്പള്ളി നടേശനെ വിമര്‍ശിച്ച് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമും രംഗത്തെത്തി. വെള്ളാപ്പള്ളി ഇടയ്ക്കിടെ ഓരോന്ന് പറയുന്നത് ഗൗരവത്തിലെടുക്കുന്നില്ലെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം സൗഹൃദത്തിന്റെ അന്തരീക്ഷമാണ്. സാമുദായിക നേതാക്കളും മത നേതാക്കളും ആ അന്തരീക്ഷം കാത്തുസൂക്ഷിക്കുകയാണ് വേണ്ടതെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

പ്രതികരണശേഷി നഷ്ടപ്പെട്ട ഭരണകൂടമാണ് കേരളത്തിലുള്ളത്. അതുകൊണ്ടാണ് പലയിടത്തും പലതും പറയേണ്ടി വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങളോട് ആത്മസംയമനം പുലര്‍ത്തുന്നതാണ് നല്ലത്. അല്ലാതെ വിദ്വേഷം പരത്താന്‍ ശ്രമിക്കുകയല്ലല്ലോ വേണ്ടതെന്നും അദ്ദേഹം ചോദിച്ചു. മൗനം വിദ്വാന് ഭൂഷണം എന്നുള്ളത് ഈ കാര്യത്തില്‍ അര്‍ത്ഥവത്താണെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും രണ്ട് ഗുളിക അധികം കഴിച്ചാല്‍ വെള്ളാപ്പള്ളിക്ക് അസുഖം ഭേദമാകുമെന്നുമായിരുന്നു പിഎംഎ സലാമിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസമാണ് കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടായി മാറുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. മുസ്ലിം ഭൂരിപക്ഷമായി ഇവിടെ മാറും എന്ന് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും നേരത്തെ പറഞ്ഞിരുന്നുവെന്നും അതിന് 40 വര്‍ഷം വേണ്ടി വരില്ലെന്നും മുരളീധരന്‍ പറഞ്ഞു. കേരളത്തില്‍ ജനാധിപത്യമല്ല. മതാധിപത്യമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു.

Tags:    

Similar News