'കമ്മ്യൂണിസ്റ്റുകാരെ ജയിലിലാക്കി എംപിയായി വിലസാമെന്ന് ആരും കരുതേണ്ട'; ഭീഷണിയുമായി എം വി ജയരാജന്‍; 'തന്നെ തടയാന്‍ ജയരാജന്റെ സൈന്യം പോരാതെ വരും; ഭീഷണിയുടെ വാറോല മടക്കിക്കെട്ടി അലമാരയില്‍ വച്ചാല്‍ മതി'യെന്ന് സി സദാനന്ദന്‍ മാസ്റ്ററുടെ മറുപടിയും; കണ്ണൂരില്‍ വീണ്ടും ഭീഷണി രാഷ്ട്രീയം
'കമ്മ്യൂണിസ്റ്റുകാരെ ജയിലിലാക്കി എംപിയായി വിലസാമെന്ന് ആരും കരുതേണ്ട
കണ്ണൂര്‍: കണ്ണൂര്‍ രാഷ്ട്രീയത്തെ ചൂടുപിടിപ്പിച്ച് വീണ്ടും വെല്ലുവിളിയുടെയും ഭീഷണിയുടെയും രാഷ്ട്രീയം. സി സദാനന്ദന്‍ എം പിയുടെ കാല് വെട്ടിയ കേസില്‍ കീഴടങ്ങിയ പ്രതികളെ പിന്തുണച്ചും എംപിയെ വെല്ലുവിളിച്ചും എം വി ജയരാജന്‍ രംഗത്തു വന്നതാണ് വിവാദങ്ങള്‍ക്ക വഴിവെച്ചത്. കമ്മ്യുണിസ്റ്റുകാരെ ജയിലിലാക്കി എംപിയായി വിലസാമെന്ന് ആരും കരുതേണ്ട. ആരെങ്കിലും അങ്ങനെ കരുതിയാല്‍ അത് മനസ്സില്‍ വെച്ചാല്‍ മതി. നീതിക്ക് വേണ്ടി ജയിലില്‍ പോകാന്‍ കമ്മ്യുണിസ്റ്റുകാര്‍ക്ക് മടിയില്ലെന്നും ജയരാജന്‍ പറഞ്ഞു.
അവര്‍ ഒളിച്ചും പാത്തുമല്ല ജയിലില്‍ പോയത്. കോണ്‍ഗ്രസുകാരും ആര്‍എസ്എസുകാരും കാണിക്കുന്നത് പോലെ ഫണ്ട് മുക്കിയവരല്ല അവര്‍. ഈ നാടിന്റെ ശരിയുടെ പക്ഷത്ത് നിന്ന് ജയിലില്‍ പോകേണ്ടി വന്നാല്‍ അതിന് മടിക്കാത്തവരാണ് കമ്യൂണിസ്റ്റുകാര്‍ എന്നതുകൊണ്ടാണ് ആ എട്ട് സഖാക്കള്‍ ജയിലില്‍ കിടക്കുന്നത്. അതുകൊണ്ട് കമ്യൂണിസ്റ്റുകാരെയെല്ലാം അങ്ങ് ജയിലില്‍ അടച്ചിട്ട് എംപി സ്ഥാനം ഉണ്ടാക്കി നാട്ടില്‍ വിലസാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതങ്ങ് മനസില്‍ വച്ചാല്‍ മതി അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പ്രഗ്യാസിംഗ് ഠക്കൂര്‍ ആണ് സി സദാനന്ദനെന്നും ക്രിമിനല്‍ പ്രവര്‍ത്തനമാണോ എംപി ആകാനുള്ള യോഗ്യതയെന്നുമാണ് എംവി ജയരാജന്‍ ചോദിച്ചിരുന്നു. എംവി ജയരാജന് മറുപടിയുമായി സി സദാനന്ദന്‍ മാസ്റ്ററും രംഗത്തുവന്നു. തന്നെ എംപിയായി വിലസുന്നത് തടയാന്‍ ജയരാജന്‍ മതിയാവില്ലെന്ന് സി സദാനന്ദന്‍ പറഞ്ഞു. തന്നെ തടയാന്‍ ജയരാജന്റെ സൈന്യം പോരാതെ വരുമെന്നും ഭീഷണിയുടെ വാറോല മടക്കിക്കെട്ടി അലമാരയില്‍ വച്ചാല്‍ മതിയെന്നും സദാനന്ദന്‍ എംപി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് എംവി ജയരാജനെതിരെയുള്ള വിമര്‍ശനം.
നേതാക്കള്‍ ബോംബും വാളും നല്‍കിയപ്പോള്‍ അണികള്‍ കാണിച്ചതിനുള്ള ശിക്ഷയാണ് ജയില്‍വാസം. ഞാന്‍ രാജ്യസഭാംഗമായത് ആരാധ്യയായ രാഷ്ട്രപതിയുടെ ഉത്തരവിലൂടെയാണ്. അതില്‍ അസഹിഷ്ണുത പൂണ്ട്, വെറികൊണ്ട് കലിതുള്ളി തൊണ്ട പൊട്ടിക്കേണ്ട ആവശ്യമില്ല. അനേകായിരം കുടുംബങ്ങളുടെ ആശിര്‍വാദം എന്നോടൊപ്പമുണ്ട്. ഭീഷണിയുടെ വാറോല മടക്കിക്കെട്ടി അങ്ങ് അലമാരയില്‍ വെച്ചാല്‍ മതിയെന്നും സദാനന്ദന്‍ പറഞ്ഞു.
സി സദാനന്ദന്‍ രാജ്യ സഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുകയും കാല്‍ വെട്ടിയ കേസിലെ പ്രതികളുടെ ശിക്ഷ 31 വര്‍ഷത്തിന് ശേഷം നടപ്പാവുകയും ചെയ്ത പശ്ചാത്തലത്തില്‍ വിഷയം രാഷ്ട്രീയമായി വിശദീകരിക്കാന്‍ സിപിഎം യോഗം വിളിച്ചിരുന്നു. കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ നിരപരാധികളാണെന്ന് ആയിരുന്നു സിപിഎം നേതാക്കളുടെ പ്രതികരണം.