'ഒരു മൊട്ടുസൂചിയുടെ ഉപകാരം പോലും കലുങ്ക് തമ്പ്രാനില്‍ നിന്ന് കേരളത്തിനില്ല; വാ തുറക്കുന്നത് കള്ളം പറയാനും ഭക്ഷണം കഴിക്കാനും; അഭിനയിക്കാന്‍ പോയാല്‍ എട്ട് നിലയില്‍ പൊട്ടും'; നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ എന്ന സുരേഷ് ഗോപിയുടെ പരിഹാസത്തിന് രൂക്ഷമായ മറുപടിയുമായി വി ശിവന്‍കുട്ടി
ഒരു മുട്ടുസൂചിയുടെ ഉപകാരം പോലും കലുങ്ക് തമ്പ്രാനില്‍ നിന്ന് കേരളത്തിനില്ല
തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പരിഹാസത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടേയെന്ന സുരേഷ് ഗോപിയുടെ പരിഹാസത്തിനാണ് ശിവന്‍കുട്ടി മറുപടി നല്‍കിയിരിക്കുന്നത്. 'ഒരു മൊട്ടുസൂചിയുടെ ഉപകാരം പോലും കലുങ്ക് തമ്പ്രാനില്‍ നിന്ന് കേരളത്തിനില്ല. കലുങ്കിസമാണ് പുള്ളിയുടെ പ്രത്യയശാസ്ത്രം' എന്നായിരുന്നു ശിവന്‍കുട്ടിയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശിവന്‍കുട്ടിയുടെ മറുപടി.
ഇത് കൂടാതെ പിന്നീട് മധ്യമങ്ങളെ കണ്ടപ്പോഴും വി ശിവന്‍കുട്ടി ആഞ്ഞടിച്ചു. സുരേഷ് ഗോപി വാ തുറക്കുന്നത് കള്ളം പറയാനും ഭക്ഷണം കഴിക്കാനുമെന്ന് മന്ത്രി പറഞ്ഞു. കുടുംബത്തെ കൊണ്ട് പോലും കള്ളവോട്ട് ചെയ്യിപ്പിച്ച ആളാണെന്നും നാക്ക് എടുത്താല്‍ കള്ളത്തരം പറയുന്നവനാണ് സുരേഷ് ഗോപിയെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. കള്ളവോട്ട് ജയിച്ചു വന്നവരല്ല താനൊക്കെ. കേന്ദ്രമന്ത്രിയായി ഇത്രയും ദിവസമായിട്ടും നാടിന് മുട്ടുസൂചിയുടെ പ്രയോജനം ഉണ്ടായിട്ടുണ്ടോയെന്നും ശിവന്‍കുട്ടി ചോദിച്ചു.
അദ്ദേഹം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കുറിച്ച് ആയിരിക്കും പറഞ്ഞത്. സുരേഷ് ഗോപി പറയുന്നത് ആരും ശ്രദ്ധിക്കുന്നില്ല. അതുകൊണ്ടാണ് ഇപ്പോള്‍ കലുങ്കിന്റെ അവിടെ വന്നിരുന്ന് വര്‍ത്താനം പറയുന്നത്. കലുങ്കിസമാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സുരേഷ് ഗോപി വായില്‍ തോന്നിയത് വിളിച്ചു പറയുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പാവപ്പെട്ടവന്‍ പരാതിയുമായി വന്നാല്‍ അടിച്ചോടിക്കുന്നുവെന്ന് മന്ത്രി വിമര്‍ശിച്ചു.
കേന്ദ്ര മന്ത്രിസ്ഥാനം വേണ്ട സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നു എന്ന് കേട്ടു. ഇയാള്‍ ഇനി സിനിമയില്‍ അഭിനയിക്കാന്‍ പോയാല്‍ 8 നിലയില്‍ പൊട്ടുമെന്നും അതുകൊണ്ട് ഉള്ള ജോലി തീര്‍ത്തിട്ട് പോകുന്നതാവും നല്ലതെന്നും മന്ത്രി പരിഹസിച്ചു. അല്ലെങ്കിലും ഇപ്പോള്‍ അഭിനയം ഒന്നുമില്ലല്ലോയെന്നും മമ്മൂട്ടിയും മോഹന്‍ലാലും അഭിനയിക്കുന്നത് പോലെ അഭിനയിക്കാന്‍ പറ്റുമോയെന്നും മന്ത്രി ചോദിച്ചു. ഒരു ദേശീയതലത്തില്‍ പുരസ്‌കാരം ലഭിച്ചു. അതെങ്ങനെ കിട്ടിയെന്ന് താന്‍ പറയുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇടുക്കി വട്ടവടയിലെ കലുങ്ക് സംവാദത്തിലായിരുന്നു സുരേഷ് ഗോപിയുടെ പരിഹാസം. നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ എന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പരാമര്‍ശം. തന്നെ നിരന്തരം കളിയാക്കുന്ന മന്ത്രി എന്ന ചൂണ്ടിക്കാട്ടിയായിരുന്നു സുരേഷ് ഗോപി വി ശിവന്‍കുട്ടിക്കെതിരെ തിരിഞ്ഞത്. എന്നെ എപ്പോഴും കളിയാക്കുന്ന മന്ത്രിയാണ് ഇപ്പോള്‍ ഉള്ളത്. അവരൊക്കെ തെറിച്ചുമാറട്ടെ.
നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ സുരേഷ് ഗോപി പറഞ്ഞു. വട്ടവടയില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വേണമെന്ന് നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. തനിക്കെതിരെ എപ്പോഴും വിമര്‍ശനം ഉന്നയിക്കുന്നയാളാണ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയെന്നും അവരില്‍ നിന്ന് ഇംഗ്ലീഷ് മീഡിയം സ്‌കൂളൊന്നും പ്രതീക്ഷിക്കേണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിയുടെ പരാമര്‍ശം വാര്‍ത്തായായതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയെ കടന്നാക്രമിച്ച് മറുപടിയുമായി ശിവന്‍കുട്ടി രംഗത്തുവന്നതും.