നടുറോഡിലെ കയ്യാങ്കളി വരെ എത്തിയ കരുനാഗപ്പള്ളി; തിരുവല്ലയിലും സിപിഎമ്മിലെ വിഭാഗീയത മറനീക്കി പുറത്ത്; 'ആക്ഷന്‍ തിരുവല്ല'യുമായി എം വി ഗോവിന്ദന്‍ നേരിട്ടെത്തി; തെറ്റായ പ്രവണതകളോട് വിട്ടുവീഴ്ചയില്ലെന്ന് പ്രതികരണം
തിരുവല്ലയിലെ വിഭാഗീയത, എം വി ഗോവിന്ദന്‍ നേരിട്ടെത്തി
പത്തനംതിട്ട: കരുനാഗപ്പള്ളിയ്ക്ക് പിന്നാലെ തിരുവല്ലയിലെ സിപിഎം ലോക്കല്‍ സമ്മേളനത്തിലും വിഭാഗീയത മറനീക്കി പുറത്തുവന്നതോടെ ഇടപെടാന്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നേരിട്ട് രംഗത്ത്. തിരുവല്ലയിലെ വിഷയങ്ങള്‍ വിലയിരുത്താന്‍ എം വി ഗോവിന്ദന്‍ പത്തനംതിട്ടയിലെത്തി. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പങ്കെടുക്കും. തിരുവല്ല തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സമ്മേളനം മാറ്റി വച്ച സാഹചര്യം എം. വി ഗോവിന്ദന്‍ വിലയിരുത്തും. ഇതിനകം വിവാദമായ ലോക്കല്‍ സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും സംസ്ഥാന സെക്രട്ടറി പരിശോധിക്കും. വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ലോക്കല്‍-ഏരിയാ കമ്മിറ്റി നേതൃത്വങ്ങളെ പത്തനംതിട്ടയിലേയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്.
തെറ്റായ പ്രവണതകളോട് പാര്‍ട്ടി ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ചെയ്യില്ലെന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. കരുനാഗപ്പള്ളിയിലേത് വിഭാഗീയതയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെയാണ് തിരുവല്ല സിപിഎമ്മിലെ വിഭാഗീയത പ്രശ്‌നപരിഹാരത്തിനുള്ള പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗം തുടങ്ങിയിരിക്കുന്നത്. തെറ്റിനോട് വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. കര്‍ശന നടപടിയാണ് നേതൃത്വം കരുനാഗപ്പള്ളിയില്‍ കൈക്കൊണ്ടത്. കരുനാഗപ്പള്ളിയിലേത് വിഭാഗീയതയില്ലെന്നും പ്രാദേശിക തര്‍ക്കങ്ങളാണെന്നുമായിരുന്നു പ്രതികരണം.
നേരത്തെ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് വിവാദ പരാമര്‍ശങ്ങള്‍ ഇടംപിടിച്ചത്. നവംബര്‍ 13നാണ് ലോക്കല്‍ സമ്മേളനം നടന്നത്. മുന്‍ തിരുവല്ല ഏരിയാ സെക്രട്ടറി ഫ്രാന്‍സിസ് വി ആന്റണി ഉള്‍പ്പെടെ ചില നേതാക്കള്‍ പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്ന പരാമര്‍ശം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. പീഡനക്കേസ് പ്രതി സജിമോനെ മുതിര്‍ന്ന നേതാക്കള്‍ സംരക്ഷിക്കുന്നതായും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.
പാര്‍ട്ടി ഏരിയാ കമ്മിറ്റി ലോക്കല്‍ കമ്മിറ്റിക്ക് സഹായം ചെയ്യുന്നില്ല എന്നും സജിമോനെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആക്കാത്തതില്‍ ഏരിയ കമ്മിറ്റിക്ക് വിരോധമെന്നും റിപ്പോര്‍ട്ടിലുണ്ട്. ലോക്കല്‍ കമ്മിറ്റിക്ക് ഇതിനോട് കടുത്ത വിയോജിപ്പാണുള്ളത്. സംസ്ഥാന കമ്മിറ്റിയുടെ നിലപാട് തന്നെയാണ് സജിമോന്റെ കാര്യത്തില്‍ ലോക്കല്‍ കമ്മിറ്റിക്കും ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.
പ്രതിനിധികള്‍ക്ക് കൈമാറിയ റിപ്പോര്‍ട്ട് വിവാദമായതോടെ തിരിച്ചു വാങ്ങുകയായിരുന്നു. പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ പാരമര്‍ശങ്ങള്‍ വിവാദമാകുമെന്ന് ബോധ്യപ്പെട്ടപ്പോള്‍ ലോക്കല്‍ സമ്മേളനം നിര്‍ത്തിവെയ്ക്കുകയായിരുന്നു. പിന്നീട് ഇതുവരെ സമ്മേളനം നടത്താന്‍ സാധിച്ചിട്ടില്ല. ലോക്കല്‍-ഏരിയാ നേതൃത്വങ്ങള്‍ തമ്മിലുള്ള തര്‍ക്കവും വിഭാഗീയതയും തുടരുന്ന സാഹചര്യത്തിലാണ് വിഷയത്തില്‍ ഇടപെടാന്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പത്തനംതിട്ടയിലെത്തുന്നത്.
നേരത്തെ നടുറോഡിലെ കയ്യാങ്കളിയും തര്‍ക്കവും വരെയെത്തിയ കൊല്ലം കുലശേഖരപുരത്തെ വിഭാഗീയതയെത്തുടര്‍ന്നാണ് കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയെ സിപിഎം സംസ്ഥാന നേതൃത്വം പിരിച്ചുവിട്ടത്. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു തീരുമാനം. 'സേവ് സിപിഎം' എന്ന പ്ലക്കാര്‍ഡുകളുമേന്തി കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയതിനു പിന്നാലെയായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടല്‍. നേരത്തെ നേതൃത്വത്തിനെതിരെ 'സേവ് സിപിഎം' എന്ന പോസ്റ്റര്‍ കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിന് പുറത്തടക്കം പതിച്ചിരുന്നു.
ലോക്കല്‍ സമ്മേളനങ്ങളിലെ കയ്യാങ്കളിയും തെരുവിലെ പ്രതിഷേധവും വരെയെത്തി. വിഭാഗീയത വേരോടെ അറുക്കാന്‍ കരുനാപ്പള്ളിയില്‍ നിന്നുള്ള സംസ്ഥാന - ജില്ലാ ഭാരവാഹികളെ ഈ സമ്മേളന കാലത്ത് തരംതാഴ്ത്തിയേക്കും. പരസ്യപ്രതിഷേധം നടത്തിയ വിമതര്‍ക്കെതിരെയും നടപടി ഉണ്ടാകും. പ്രശ്‌നക്കാരെ നിലയ്ക്ക് നിര്‍ത്താന്‍ പാര്‍ട്ടി ജില്ലാ ഘടകത്തിന് കഴിഞ്ഞിയല്ലെന്ന വിമര്‍ശനവും നേതൃത്വത്തിനുണ്ട്.
പിരിച്ചുവിട്ട ഏരിയ കമ്മിറ്റിക്ക് പകരമുള്ള ഏഴംഗ അഡ്‌ഹോക്ക് കമ്മിറ്റി ചുമതലയേറ്റിട്ടുണ്ട്. മൂന്ന് മാസത്തിനുള്ളില്‍ ഏരിയാ കമ്മിറ്റി പുന:സംഘടിപ്പിക്കും. ഈ മാസം ഒമ്പത് മുതലാണ് കൊട്ടിയത്ത് ജില്ലാ സമ്മേളനം നടക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി കരുനാഗപ്പള്ളിയില്‍ നിന്നുള്ള പ്രതിനിധികള്‍ ഇല്ലാതെയാണ് സമ്മേളനം. കൊല്ലം വേദിയാകുന്ന സംസ്ഥാന സമ്മേളനത്തിലും കരുനാഗപ്പളളിക്ക് പ്രാതിനിധ്യം ഉണ്ടാകില്ല.
കരുനാഗപ്പള്ളി വിഭാഗീയതയില്‍ സംസ്ഥാന സമിതി അംഗം സൂസന്‍ കോടിയെയും പി ആര്‍ വസന്തനെയും തരംതാഴ്ത്തിയേക്കുമെന്നാണ് വിവരങ്ങള്‍. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന വിലയിരുത്തലിലാണ് സംസ്ഥാന കമ്മിറ്റി അംഗം സൂസന്‍ കോടി, ജില്ലാ കമ്മിറ്റി അംഗം പി ആര്‍ വസന്തന്‍ എന്നിവരെ തരംതാഴ്ത്തുന്നത്. കരുനാഗപ്പള്ളിയില്‍ നിന്നുള്ള പ്രതിനിധികള്‍ ഇല്ലാതെയാണ് ഇത്തവണ ജില്ലാ, സംസ്ഥാന സമ്മേളനങ്ങള്‍ നടക്കുന്നത്.
സിപിഎമ്മിന് തലവേദനയായി മാറിയ കരുനാഗപ്പള്ളിയിലെ വിഭാഗീയതയില്‍ നടപടി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടതില്‍ ഒതുങ്ങില്ല. വിഭാഗീയതയ്ക്ക് നേതൃത്വം നല്‍കിയവര്‍ക്കും പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാത്തവര്‍ക്കുമെതിരെ കടുത്ത നടപടിയുണ്ടാകും. കരുനാഗപ്പള്ളിയില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗം സുസന്‍ കോടിക്കും ജില്ലാ കമ്മിറ്റി അംഗം പി ആര്‍ വസന്തനും കീഴിലാണ് പ്രാദേശിക വിഭാഗീയത വേരുപിടിക്കുന്നതെന്ന് പാര്‍ട്ടിക്കുള്ളില്‍ ആക്ഷേപമുണ്ട്. വിഎസ് - പിണറായി കാലത്തെ വിഭാഗീയത ആശയപരമായ ഭിന്നതയെ തുടര്‍ന്നായിരുന്നെങ്കില്‍ വ്യക്തി കേന്ദ്രീകൃതമായ ചേരിതിരിവാണ് കരുനാഗപ്പള്ളിയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം.
കുലശേഖരപുരത്തെ വിഭാഗീയതയെതുടര്‍ന്ന് കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടതിന് പിന്നാലെ പ്രതികരണവുമായി വിമതരും രംഗത്തെത്തിയിരുന്നു. തങ്ങള്‍ ഉന്നയിച്ച വിഷയം സിപിഐഎം സംസ്ഥാന സെക്രട്ടറിക്ക് ബോധ്യപ്പെട്ടു. ഇത് ജയപരാജയത്തിന്റെ പ്രശ്നമല്ല. പാര്‍ട്ടിയുടെ കരുനാഗപ്പള്ളി ഏരിയാ നേതൃത്യം തങ്ങളുടെ പരാതി മുഖവിലയ്ക്ക് എടുത്തിരുന്നില്ലെന്നും കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിട്ടത് ഉചിതമായ തീരുമാനമാണെന്നുമായിരുന്നു വിമതരുടെ പ്രതികരണം.