'ഏത് അന്വേഷണവും നേരിടാന്‍ തയ്യാര്‍; ആരോടും പണം വാങ്ങാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ല; തെറ്റുകാരനാണെങ്കില്‍ എന്നെ ശിക്ഷിക്കട്ടെ'യെന്ന് ഐ സി ബാലകൃഷ്ണന്‍; പുറത്തുവന്നത് ആത്മഹത്യ കുറിപ്പാണോ എന്ന് സംശയം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തലയും

'ഏത് അന്വേഷണവും നേരിടാന്‍ തയ്യാര്‍; ആരോടും പണം വാങ്ങാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ല

Update: 2025-01-06 11:05 GMT

ഇടുക്കി: വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ പുറത്തുവന്ന ആത്മഹത്യ കുറിപ്പില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പുറത്തുവന്നത് ആത്മഹത്യ കുറിപ്പാണോ എന്ന് സംശയമുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. വിഷയത്തില്‍ സിപിഎം രാഷ്ട്രീയം കളിക്കുകയാണ്. ഐസി ബാലകൃഷ്ണന്‍ സത്യസന്ധനായ നേതാവാണ്. കോണ്‍ഗ്രസിനെ കരിവാരി തേക്കാനുള്ള സിപിഎം ശ്രമമാണ് നടക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.

കെപിസിസിക്ക് കത്ത് ആര്‍ക്കുവേണമെങ്കിലും അയക്കാം. കെപിസിസി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം ആത്മഹത്യാ കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയും രംഗത്തെത്തി. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് ഐ സി ബാലകൃഷ്ണന്‍ പറഞ്ഞു. ആത്മഹത്യാ കുറിപ്പ് പൊലീസ് കൃത്യമായി അന്വേഷിക്കണം. സത്യസന്ധമായ അന്വേഷണം നടക്കണം. താന്‍ തെറ്റുകാരനാണെങ്കില്‍ തന്നെ ശിക്ഷിക്കട്ടെയെന്നും ഐ സി ബാലകൃഷ്ണന്‍ പറഞ്ഞു.

ആരോപണങ്ങളുടെ പേരില്‍ രാജിവെയ്ക്കണോ എന്ന് പാര്‍ട്ടി പറയുമെന്നും ഐ സി ബാലകൃഷ്ണന്‍ പറഞ്ഞു. ആരോടും പണം വാങ്ങാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ല. ഒരു ഉദ്യോഗാര്‍ത്ഥിയും ഇതുവരെ ഇക്കാര്യം പറഞ്ഞിട്ട് വന്നിട്ടില്ലല്ലോ എന്നും ഐ സി ബാലകൃഷ്ണന്‍ ചോദിച്ചു. എന്‍ എം വിജയന്‍ ഇടനിലക്കാരനായി നില്‍ക്കില്ല. അങ്ങനെ ഒരു ഏജന്റ് തനിക്കില്ലെന്നും ഐ സി ബാലകൃഷ്ണന്‍ പറഞ്ഞു.

സമഗ്രവും സത്യസന്ധവുമായ അന്വേഷണം നടക്കണമെന്നാണ് തനിക്ക് പറയാനുള്ളതെന്നും ഐ സി ബാലകൃഷ്ണന്‍ പറഞ്ഞു. സത്യം പുറത്തുവരുന്നതിന് മുമ്പ് ഒരാളെ പ്രതിക്കൂട്ടത്തിലാക്കരുത്. സിപിഐഎമ്മിന്റെ രാഷ്ട്രീയമാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍. എന്‍ എം വിജയന്‍ തന്നില്‍ നിന്ന് വായ്പ വാങ്ങിയിട്ടുണ്ട്. സാമ്പത്തിക പ്രയാസം ഉണ്ടായിരുന്നത് എന്‍ എം വിജയന്‍ പറഞ്ഞിട്ടില്ല. ആത്മഹത്യ കുറിപ്പിന്റെ ചില ഭാഗങ്ങള്‍ മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. കുറിപ്പിന്റെ പൂര്‍ണരൂപം പുറത്തുവരണമെന്നും ഐ സി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

ഐസി ബാലകൃഷ്ണന് പുറമേ വയനാട് ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പന്റെയും പേരുകളാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. നിയമനത്തിനെന്ന പേരില്‍ പണം വാങ്ങിയത് ഐ സി ബാലകൃഷ്ണനാണെന്ന് കത്തില്‍ പറയുന്നുണ്ട്. വലിയ ബാധ്യതകള്‍ ഉണ്ടായിട്ടും തന്നെ ആരും തിരിഞ്ഞു നോക്കിയില്ലെന്നും കെപിസിസി നേതൃത്വത്തിന് എല്ലാം അറിയാമെന്നും ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കുന്നു. ഐ സി ബാലകൃഷ്ണന് പുറമേ എന്‍ ഡി അപ്പനും പണം വാങ്ങാന്‍ ആവശ്യപ്പെട്ടതായി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

2013-2014 വര്‍ഷത്തില്‍ സുല്‍ത്താന്‍ ബത്തേരി സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ അഡ്മിനേസ്ട്രേറ്റീവ് കണ്‍വീനര്‍ എന്ന നിലയില്‍ പാര്‍ട്ടി തന്റെ തലയില്‍ കെട്ടിവെച്ച് പിന്മാറിയ 32 ലക്ഷ രൂപയുടെ കടബാധ്യത തീര്‍ക്കുന്നതിന് ബത്തേരി അര്‍ബന്‍ ബാങ്കില്‍ നിന്ന് എടുത്ത ബാധ്യത 55 ലക്ഷത്തില്‍ ഏറെയായെന്ന് എന്‍ എം വിജയന്‍ കത്തില്‍ പറയുന്നുണ്ട്. താന്‍ താമസിക്കുന്ന പത്ത് സെന്റ് സ്ഥലവും വീടും ഈടായി നല്‍കിയിരുന്നത് ജപ്തിയുടെ വക്കിലെത്തിയിരിക്കുന്നു. ആ ലോണ്‍ പാര്‍ട്ടി ഏറ്റെടുത്ത് എഴുതി തള്ളാന്‍ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. മകനെയെങ്കിലും ആത്മഹത്യയില്‍ നിന്ന് രക്ഷിക്കണമെന്നും എന്‍ എം വിജയന്‍ പറയുന്നു.

Tags:    

Similar News