പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും പരസ്പരം പള്ളുവിളിച്ച് സഭ അലമ്പിപ്പിരിഞ്ഞു; ചോദ്യോത്തരവേളയും പ്രമേയവുമെല്ലാം സ്വാഹ! പിണറായി സര്‍ക്കാരിന്റെ ഏറ്റവും വലിയ അനുഗ്രഹം വി ഡി സതീശന്റെ പ്രതിപക്ഷം! കടന്നാക്രമിച്ച് ബിജെപി; സഭയില്‍ എല്ലാം ഒത്തുകളിയോ?
നിയമസഭ കൂടാന്‍ തീരുമാനിച്ചതുമുതല്‍ തയാറാക്കിയിട്ടുള്ള ആസൂത്രിതമായ അജണ്ട നടപ്പാക്കാന്‍ പറ്റാത്തതിന്റെ പ്രതിഷേധമാണ് പ്രതിപക്ഷം നപ്പാക്കിയതെന്ന് മന്ത്രി കെ രാജന്‍
തിരുവനന്തപുരം: വിഡി സതീശന്‍ നശിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെ തുറന്നു കാട്ടാനുളള സുവര്‍ണ്ണാവസരമോ? 'മലപ്പുറം' പരാമര്‍ശ വിഷയത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ കിട്ടിയ അവസരമായിരുന്നു അടിയന്തര പ്രമേയ ചര്‍ച്ച. അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി നല്‍കിയിട്ടും അത് അട്ടിമറിക്കപ്പെട്ടു. ശൂന്യവേളയിലെ പ്രതിപക്ഷ ബഹളത്തെയാണ് പലതും ഇതിനെ കുറ്റപ്പെടുത്തുന്നത്. ഇതിനിടെ പിണറായി വിജയനെ സംരക്ഷിച്ച് നിര്‍ത്താന്‍ ആരുടെയോ കയ്യില്‍ നിന്ന് അച്ചാരം വാങ്ങിയത് പോലെയാണ് സതീശനും കൂട്ടരും നിയമസഭയില്‍ പെരുമാറുന്നത് എന്ന വിമര്‍ശനവുമായി ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി മുരളീധരന്‍ രംഗത്തു വന്നു. സതീശനെ ബിജെപി നേതാവ് സന്ദീപ് വാചസ്പതിയും വിര്‍ശിച്ചു.
അടിയന്തരപ്രമേയ ചര്‍ച്ചക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടും സഭ സ്തംഭിപ്പിച്ച് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച പ്രതിപക്ഷത്തിന്റേത് ചരിത്രത്തിലെ ഏറ്റവും തെറ്റായ നടപടിയെന്ന് മന്ത്രി പി രാജീവും പ്രതികരിച്ചിരുന്നു. അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍ പറയുന്നത് വരെ പ്രതിപക്ഷ നേതാവിന് പ്രശ്‌നമുണ്ടായിരുന്നില്ല. ചര്‍ച്ച തിരിച്ചടിയാകുമോയെന്ന ആശങ്കയായിരുന്നു പ്രതിപക്ഷത്തിന്. ചര്‍ച്ച ചെയ്താല്‍ പ്രതിപക്ഷത്തിന്റെ കാപട്യം തുറന്നുകാട്ടപ്പെടുമായിരുന്നുവെന്നും സഭാനടപടികള്‍ അലങ്കോലപ്പെടുത്തിയ സമീപനം അങ്ങേയറ്റം അപലപനീയമാണെന്നും മന്ത്രി പ്രതികരിച്ചു. ഇതിന് ശേഷമാണ് ബിജെപി നേതാക്കളും പ്രതികരണവുമായി എത്തുന്നത്.
വി മുരളീധരന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ-മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നത് അധോലോകമാണെന്ന ഭരണകക്ഷി എംഎല്‍എയുടെ വെളിപ്പെടുത്തല്‍ വന്ന ശേഷം നടക്കുന്ന ആദ്യ നിയമസഭാ സമ്മേളനം.. വയനാട് വന്‍ ദുരന്തമേറ്റുവാങ്ങിയ ശേഷം നടക്കുന്ന സമ്മേളനം.. കേരളത്തിന്റെ ആശങ്കകള്‍ പ്രതിപക്ഷം ശക്തമായി ഉന്നയിക്കുമെന്ന് നാട് പ്രതീക്ഷിച്ച ദിവസമാണിന്ന്... പക്ഷേ 'സഹകരണാത്മക പ്രതിപക്ഷത്തിന്റെ' അവസ്ഥാന്തരങ്ങളുടെ പാരമ്യമാണ് ഇന്ന് സഭയില്‍ കണ്ടത്.. പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും പരസ്പരം പള്ളുവിളിച്ച് സഭ അലമ്പിപ്പിരിഞ്ഞു.,. ( പിരിച്ചു?) ചോദ്യോത്തരവേളയും അടിയന്തരപ്രമേയവുമെല്ലാം സ്വാഹ ! അപ്രിയ ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രിക്ക് സഭയില്‍ മറുപടി പറയേണ്ടി വന്നില്ല.. സഭാരേഖകളില്‍ ഒന്നുമില്ല, സഭയ്ക്ക് വെളിയില്‍ പ്രതിപക്ഷ നേതാവിന്റെ പൊറാട്ടുനാടകവും..! കേരളത്തിലെ ആഭ്യന്തരവകുപ്പ് നിയമവിരുദ്ധമായി രാഷ്ട്രീയ നേതാക്കളുടെയടക്കം ഫോണ്‍ ചോര്‍ത്തുന്നു എന്നത് പോലും സഭയില്‍ ആദ്യ ദിനം ഉന്നയിക്കപ്പെട്ടില്ല.. വയനാട്ടില്‍ ഇപ്പോഴും മണ്ണിനടിയില്‍ കിടക്കുന്ന മനുഷ്യരെക്കുറിച്ച് ആരും മിണ്ടിയില്ല.... ഭരണപ്രതിപക്ഷങ്ങള്‍ ഹാപ്പി ! ഇതൊന്നും ഒത്തുകളിയാണെന്ന് ജനങ്ങള്‍ക്ക് തോന്നുന്നില്ലല്ലോ ല്ലേ ?-ഇതാണ് പോസ്റ്റ്.
സന്ദീപ് വാചാസ്പതിയുടെ വിമര്‍ശനം ഇങ്ങനെ-പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഏറ്റവും വലിയ അനുഗ്രഹം വി ഡി സതീശന്‍ നയിക്കുന്ന പ്രതിപക്ഷമാണ്. ഭരണകക്ഷി എംഎല്‍എ സര്‍ക്കാരിനെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍, വയനാട് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലെ വന്‍ വീഴ്ച, കേന്ദ്ര സഹായം കിട്ടാന്‍ ഇടക്ക് വെച്ച് നിര്‍ത്തിയ രക്ഷാ പ്രവര്‍ത്തനം, കേന്ദ്രത്തിന് നല്‍കിയ കള്ളക്കണക്ക് തുടങ്ങി കേരള ജനതയെ ബാധിക്കുന്ന നിരവധി വിഷയങ്ങളില്‍ ഭരണബെഞ്ചിനെ മുള്‍ മുനയില്‍ നിര്‍ത്താന്‍ കിട്ടിയ സുവര്‍ണാവസരമാണ് സതീശനും ടീമും പുറംകാലിന് തട്ടിത്തെറുപ്പിച്ചത്. പിണറായി വിജയനെ സംരക്ഷിച്ച് നിര്‍ത്താന്‍ ആരുടെയോ കയ്യില്‍ നിന്ന് അച്ചാരം വാങ്ങിയത് പോലെയാണ് സതീശനും കൂട്ടരും നിയമസഭയില്‍ പെരുമാറുന്നത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയുള്ള മാസ് ഡയലോഗുകള്‍ മാത്രമാണ് പ്രതിപക്ഷ നേതാവിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്.
മന്ത്രി രാജീവും രൂക്ഷ വിമര്‍ശനമാണ് സതീശനെതിരെ ഉയര്‍ത്തിയത്. പ്രതിപക്ഷ നേതാവിനെ സ്പീക്കര്‍ അപമാനിച്ചു എന്ന കാരണമാണ് ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ സഭയില്‍ പ്രതിപക്ഷ നേതാവിനോട് അനുകൂല നിലപാടായിരുന്നു സ്പീക്കര്‍ സ്വീകരിച്ചത്. ചര്‍ച്ചക്കുള്ള സമയമല്ലായിരുന്നിട്ടുകൂടി നിരവധി തവണ അദ്ദേഹത്തിന് മൈക്ക് നല്‍കി. പ്രതിപക്ഷ നേതാവിന് മൈക്ക് കൊടുത്ത ഘട്ടത്തില്‍ സൂപ്പര്‍ പ്രതിപക്ഷനേതാവിനെപ്പോലെ സംസാരിച്ച മാത്യു കുഴല്‍നാടനോടാണ് ആരാണ് പ്രതിപക്ഷ നേതാവെന്ന് സ്പീക്കര്‍ ചോദിച്ചത്. ഇതാണോ മലപ്പുറം വിഷയത്തില്‍ അവരുന്നയിച്ച ആരോപണത്തിന്മേലുള്ള നിര്‍ണായക ചര്‍ച്ചയാണോ പ്രതിപക്ഷത്തിന് കൂടുതല്‍ പ്രധാനമെന്നും പി രാജീവ് ചോദിച്ചു.
പ്രതിപക്ഷം കെട്ടിപ്പൊക്കി കൊണ്ടുവന്ന നുണക്കൊട്ടാരങ്ങള്‍ നിയമസഭാതലത്തില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. നുണകള്‍ കൊണ്ട് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ആത്മവിശ്വാസം നഷ്ടപ്പെട്ട പ്രതിപക്ഷം ഭീരുക്കളെപ്പോലെ സഭയില്‍ നിന്നിറങ്ങി ഓടുന്ന കാഴ്ചയാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര പ്രമേയം ചര്‍ച്ചക്കെടുക്കാന്‍ തയാറാകില്ല എന്നാണ് പ്രതിപക്ഷം കരുതിയത്. എന്നാല്‍ അടിയന്തരമായി ചര്‍ച്ച ചെയ്യാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എങ്ങനെയും പ്രകോപനം സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്ന് രാജേഷും പറഞ്ഞു.
പാര്‍ലമെന്ററി മര്യാദകള്‍ വിട്ട് സ്പീക്കറെയും മുഖ്യമന്ത്രിയെയും അപമാനിച്ചു. പക്വതയില്ലാത്ത പ്രതിപക്ഷ നേതാവെന്ന പരാമര്‍ശം ശരിയാണെന്നു തെളിയിക്കുന്നതായിരുന്നു ഇന്ന് വി ഡി സതീശന്‍ സഭയില്‍ നടത്തിയ പ്രവര്‍ത്തികള്‍ എന്നും എം ബി രാജേഷ് പറഞ്ഞു. ഒരു പ്രകോപനവുമില്ലാതെയാണ് മാത്യു കുഴല്‍നാടനും അന്‍വര്‍ സാദത്തും സ്പീക്കറുടെ ഡയസിലേക്ക് കയറിയതും വാച്ച് ആന്‍ഡ് വാര്‍ഡുമായി ഉന്തും തള്ളും ഉണ്ടാക്കിയതും. ഏങ്ങനെയും സഭ തടസപ്പെടുത്തുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ പരാജയം സഭാസമ്മേളനത്തിന്റെ ആദ്യ മണിക്കൂറില്‍ തന്നെ സംഭവിച്ചു. നിയമസഭയെ അഭിമുഖീകരിക്കാന്‍ ധൈര്യമില്ലാതോടി രക്ഷപെട്ട പ്രതിപക്ഷത്തിന് ജനങ്ങളുടെ മുന്‍പില്‍ സമാധാനം പറയേണ്ടി വരുമെന്നും എം ബി രാജേഷ് പറഞ്ഞു.
നിയമസഭ കൂടാന്‍ തീരുമാനിച്ചതുമുതല്‍ തയാറാക്കിയിട്ടുള്ള ആസൂത്രിതമായ അജണ്ട നടപ്പാക്കാന്‍ പറ്റാത്തതിന്റെ പ്രതിഷേധമാണ് പ്രതിപക്ഷം നപ്പാക്കിയതെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. പ്രകോപനങ്ങള്‍ ഒന്നും തന്നെയില്ലാതെയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതികരണം. അപക്വമായ നിലപാടാണ് പ്രതിപക്ഷത്തിന്റേത് എന്ന് പറഞ്ഞ കാര്യമാണോ പ്രതിപക്ഷ നേതാവിനെ പ്രകോപിപ്പിച്ചതെന്നും അദ്ദേഹം ചോദിച്ചു. അങ്ങനെയെങ്കില്‍ അത് സഭാ രേഖരകളില്‍ നിന്ന് നീക്കം ചെയ്യാന്‍ ആവശ്യപ്പെടാമായിരുന്നു. ബോധപൂര്‍വ്വം പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാനായിരുന്നു പ്രതിപക്ഷത്തിന്റെ നീക്കം. ഇതുകൊണ്ട് സഭ അവസാനിക്കുമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.