തൃശൂര്‍ പൂരം കലക്കുമെന്ന് മുന്‍കൂട്ടി അറിഞ്ഞിരുന്നില്ല; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കും വരെ കോണ്‍ഗ്രസ് പ്രക്ഷോഭം; കോണ്‍ഗ്രസിന്റെ ആരു നിന്നാലും പാലക്കാട് ജയിക്കുമെന്നും കെ മുരളീധരന്‍

പാലക്കാട് 10,000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രതികരണം

Update: 2024-10-10 08:04 GMT

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കല്‍ വിവാദത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. തൃശൂര്‍ പൂരം കലക്കുമെന്ന് മുന്‍കൂട്ടി അറിഞ്ഞിരുന്നില്ല. പൂരം കലക്കിയ രാത്രി എന്തുകൊണ്ട് വന്നില്ലെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൂരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കും വരെ കോണ്‍ഗ്രസ് പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന് കോണ്‍ഗ്രസിന്റെ ആരു നിന്നാലും മണ്ഡലത്തില്‍ ജയിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മണ്ഡലത്തില്‍ 10,000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്ന് പറഞ്ഞ മുരളീധരന്‍ തിരഞ്ഞെടുപ്പിലെ മത്സര സാധ്യതയേയും തള്ളിയിട്ടില്ല.

ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍, ഡിവൈഎഫ്ഐ നേതാവ് അഡ്വ. സഫ്ദര്‍ ഷെരീഫ് എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം. ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും പേരുകള്‍ സംസ്ഥാന സമിതിയുടെ അംഗീകാരത്തിന് അയക്കുക. അന്തരിച്ച സിപിഎം നേതാവ് ഇമ്പിച്ചി ബാവയുടെ മരുമകളാണ് കെ ബിനുമോള്‍. മലമ്പുഴ ഡിവിഷനില്‍ നിന്നും ജില്ലാപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബിനു മോള്‍ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗമാണ്. ഡിവൈഎഫ്ഐ നേതാവ് വി വസീഫിന്റെ പേര് മണ്ഡലത്തില്‍ ഉയര്‍ന്നുകേട്ടെങ്കിലും ജില്ലയില്‍ നിന്നുള്ളയാള്‍ തന്നെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകട്ടെ എന്ന നിലയ്ക്കാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി സി കൃഷ്ണകുമാര്‍ മത്സരിക്കുമെന്നാണ് സൂചന. സ്ഥാനാര്‍ത്ഥിയായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളും നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ സി കൃഷ്ണകുമാറിനാണ് മുന്‍ഗണന എന്നാണ് സൂചന. മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനമാരംഭിക്കാന്‍ കൃഷ്ണകുമാറിന് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം ലഭിച്ചതായി വിവരം. ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കൃഷ്ണകുമാര്‍, ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് സ്ഥാനാര്‍ത്ഥിയായിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തില്‍, ഡോ.പി സരിന്‍ എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ് അവസാന പട്ടികയിലിടം നേടിയിരിക്കുന്നത്. ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ജില്ലാ നേതൃത്വം കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സരിന്റെ പേര് ശക്തമായി ഉയര്‍ന്ന് വന്നത്. മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള യുഡിഎഫിലെ ഘടകകക്ഷികളും ജില്ലയില്‍ നിന്ന് തന്നെ സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യം ഉയര്‍ത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതും സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയിലാണ്.

പാലക്കാടും ചേലക്കരയിലും കെപിസിസി ഭാരവാഹികള്‍ക്ക് തിരഞ്ഞെടുപ്പ് ചുമതലകള്‍ നല്‍കിയിരുന്നു. ചേലക്കരയില്‍ കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍, ജനറല്‍ സെക്രട്ടറി പി എം നിയാസ് എന്നിവര്‍ക്കാണ് ചുമതല. പാലക്കാട് കോണ്‍ഗ്രസ് കെപിസിസി ജനറല്‍ സെക്രട്ടറി മുത്തലിബ്, സെക്രട്ടറി ബാബുരാജ് എന്നിവര്‍ക്കും ചുമതല നല്‍കി.

പാലക്കാട് എംഎല്‍എയായിരുന്ന ഷാഫി പറമ്പില്‍ വടകരയില്‍ നിന്നും ചേലക്കര എംഎല്‍എയായിരുന്ന കെ രാധാകൃഷ്ണന്‍ ആലത്തൂരില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ചതോടെയാണ് രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ഒഴിവ് വന്നത്.കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും റായ്ബറേലിയില്‍ നിന്നും മത്സരിച്ച് ജയിച്ച രാഹുല്‍ ഗാന്ധി വയനാട് അംഗത്വം രാജിവെച്ചതോടെ ഈ മണ്ഡലവും ഒഴിഞ്ഞ് കിടക്കുകയാണ്.

Tags:    

Similar News