'സിനിമയിലെ റോളുകള്‍ സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നത് ആകരുത്; ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം'; നിര്‍ണായക നിര്‍ദേശങ്ങള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് വനിത കമ്മീഷന്‍
അഭിനേതാക്കള്‍ ചെയ്യുന്ന റോളുകള്‍ ഒരു സ്ത്രീക്ക് മാനഹാനി ഉണ്ടാക്കുന്നതാകരുത്
കൊച്ചി: സിനിമകള്‍ ചിത്രീകരിക്കുമ്പോള്‍ സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് വനിത കമ്മീഷന്‍ ആവശ്യപ്പെട്ടു. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതിക്ക് മുന്നില്‍ ഒരു അധിക രേഖയായാണ് ഈ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. സിനിമയുടെ പ്രൊഡക്ഷന്‍ യൂണിറ്റുകളില്‍ ലിംഗ അവബോധ പരിശീലനവും നിര്‍ബന്ധമാക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
നേരത്തെ സംസ്ഥാന സര്‍ക്കാര്‍ സിനിമ നയം രൂപീകരിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍, സിനിമയില്‍ സ്ത്രീകളെ പോസിറ്റീവായി ചിത്രീകരിക്കണമെന്ന് നിര്‍ദേശം വെച്ചിരുന്നു. ഇതിന് കൂടുതല്‍ വിശാലമായ നിര്‍വചനം നല്‍കുന്നതാണ് വനിത കമ്മീഷന്‍ റിപ്പോര്‍ട്ട്.
ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഹൈക്കോതിയിലെ കേസുകളില്‍ കേന്ദ്രസര്‍ക്കാരിനെ കക്ഷി ചേര്‍ക്കണമെന്നും സംസ്ഥാന വനിത കമ്മീഷന്‍ ആവശ്യപ്പെട്ടു. പോഷ് നിയമപ്രകാരം സര്‍ക്കാരിന് ഈ കേസില്‍ ഇടപെടുന്നതിന് പരിമിതി ഉണ്ടെന്ന് പറഞ്ഞ കമ്മീഷന്‍ സിനിമാ സെറ്റുകളിലെ ആഭ്യന്തര പരാതി പരിഹാര സമിതികള്‍ക്ക് നിയമ സാധുതയില്ലെന്നും വ്യക്തമാക്കി
സിനിമയില്‍ സ്ത്രീകളുടെ മാന്യതയും അന്തസും കാത്തുസൂക്ഷിക്കുന്ന തരത്തിലും ഭരണഘടനപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്ന രീതിയിലുമായിരിക്കണം സിനിമയില്‍ സ്ത്രീകളെ ചിത്രീകരിക്കാന്‍ എന്നതാണ് പ്രധാന നിര്‍ദേശം. അഭിനേതാക്കള്‍ ചെയ്യുന്ന റോളുകള്‍ ഒരു സ്ത്രീക്ക് മാനഹാനി ഉണ്ടാക്കുന്നതോ അവരുടെ അന്തസിനെ ഇടിച്ചുതാഴ്ത്തുന്നതോ ആകരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനുപുറമെ, സിനിമയുടെ പ്രൊഡക്ഷന്‍ യൂണിറ്റുകളില്‍ ലിംഗ അവബോധ പരിശീലന ക്ലാസുകള്‍ നിര്‍ബന്ധമായും നടത്തിയിരിക്കണമെന്നും വനിത കമ്മീഷന്‍ നിര്‍ദേശിക്കുന്നു. പ്രീ പ്രൊഡക്ഷനുമായി ബന്ധപ്പെട്ട ഫിലിം സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിന് ഇത്തരം പരിശീലനങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്.
ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്ക് സാങ്കേതിക മേഖലയില്‍ പരിശീലനം നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. ഇത്തരത്തില്‍ പരിശീലനം ലഭിക്കുന്ന സ്ത്രീകള്‍ക്ക് സിനിമയില്‍ പ്രാമുഖ്യം ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. ഇതിനായി സ്ത്രീകള്‍ സുപ്രധാന ഭാഗമാകുന്ന സിനിമകള്‍ക്ക് നികുതി ഇളവുകളും മറ്റ് ഗ്രാന്റുകളും സര്‍ക്കാര്‍ നല്‍കണമെന്നതും റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങളിലൊന്നാണ്.